പേപ്പർ ക്രാഫ്റ്റ് ഡോക്ടർ
text_fieldsചെങ്ങമനാട്: പേപ്പർ ക്രാഫ്റ്റിന്റെ അനന്തസാധ്യതകളുടെ പണിപ്പുരയിലാണ് ഡോ.ഫർഹാന സലാം. അത്താണി അസീസി സ്കൂളിൽ പ്രൈമറി ക്ലാസിൽ പഠിക്കുമ്പോൾ അധ്യാപിക റോസിലിയാണ് ക്രാഫ്റ്റ് നിർമാണത്തിന്റെ ആദ്യപാഠം പകർന്നു നൽകിയത്. അന്ന് ഉപജില്ല സ്കൂൾ ശാസ്ത്രമേളയിൽ തത്സമയ ഫ്ലവർ മേക്കിങ് മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാംസ്ഥാനവും ലഭിച്ചു.
അന്നുമുതലാണ് പേപ്പർ ക്രാഫ്റ്റ് നിർമാണത്തോട് ഇഷ്ടം കൂടിയത്. ചെങ്ങമനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്ണിന് ചേർന്നപ്പോൾ രോഗം മൂലം ഒരു മാസത്തോളം വീട്ടിലിരിക്കേണ്ടിവന്നു. അന്ന് പഴയ കരകൗശല പാഠങ്ങൾ ഫർഹാന പൊടി തട്ടിയെടുത്തു.
ആകർഷണീയമായ പേപ്പർ ക്രാഫ്റ്റുകൾ നിർമിച്ചാണ് നിരാശയുടെയും വിരസതയുടെയും ആ നാളുകളെ മറികടന്നത്. ബി.ഡി.എസിസ് ഫലം വരാറായ സന്ദർഭത്തിൽ കോവിഡ് ബാധിച്ചു. അന്നും തുണക്കെത്തിയത് ഈ കരവിരുതാണ്. പുതിയ രീതികൾ അഭ്യസിക്കാനും ഇക്കാലത്ത് സാധിച്ചു.
ചെങ്ങമനാട്ട് ആരംഭിച്ച 'സ്മൈൽ വേ' ഡെന്റൽ ക്ലിനിക്കിൽ അഞ്ചുമാസം മുമ്പാണ് ജോലിക്ക് ചേർന്നത്. ഒരു വർഷമായി സോഷ്യൽ മീഡിയയിൽ 'Dr.florist' എന്ന പേരിൽ ഫർഹാനയുണ്ടാക്കിയ വിവിധ ക്രാഫ്റ്റുകൾ പ്രദർശിപ്പിച്ച് വരുകയാണ്. ജോലിയുടെയും രണ്ട് വയസ്സുള്ള മകൻ സെയ്ത് ബിലാലിനെ പരിപാലിക്കുന്നതിന്റെയും തിരക്കൊഴിഞ്ഞ സമയമത്രയും ക്രാഫ്റ്റ് നിർമാണത്തിനാണ് ചെലവഴിക്കുന്നത്. പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി വാട്സ്ആപ്പിൽ ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്.
ക്രാഫ്റ്റ് ആൽബം, ക്രാഫ്റ്റ് ഫ്രെയിം അടക്കമുള്ളവ നിർമിച്ചുകൊടുക്കുന്നു. കൊച്ചി പനമ്പിള്ളി നഗറിൽ ഞായറാഴ്ച ആരംഭിച്ച സീസൺ എക്സിബിഷനിൽ പ്രദർശനത്തിനും വിൽപനക്കുമായി സ്റ്റാൾ തുറന്നിട്ടുണ്ട്. തൃശൂർ കൂർക്കഞ്ചേരി വടൂക്കര കല്ലയിൽ ഇഹ്സാന്റെ ഭാര്യയായ ഫർഹാന നെടുമ്പാശ്ശേരി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ചെങ്ങമനാട് തേനാറ്റിൽ ടി.കെ. അബ്ദുൽ സലാമിന്റെയും സൗദയുടെയും മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.