പതിനാലാം രാവ്; പാടിത്തകർത്ത് സിത്താര
text_fieldsകാളികാവ്: മാപ്പിളപ്പാട്ട് ജനകീയ റിയാലിറ്റി ഷോയായ മീഡിയ വൺ പതിനാലാം രാവിൽ ഒന്നാം സ്ഥാനം നേടി തിളങ്ങി സിത്താര ഇരിങ്ങാട്ടിരി. കുഞ്ഞുനാൾ മുതൽ ഗാനങ്ങൾ ആലപിക്കുന്ന സിത്താര സ്കൂൾ കലോത്സവങ്ങളിലും മറ്റു മത്സരവേദികളിലും നിരവധി തവണ വിജയിച്ചിരുന്നു. ഏതു ഗാനവും അനായാസേനെ പാടാനുള്ള കഴിവുണ്ട്. ഒട്ടനവധി മ്യൂസിക്കൽ ആൽബങ്ങൾ സിത്താരയുടെ ശബ്ദത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്.
മാപ്പിളപ്പാട്ട് രംഗത്ത് നിരവധി പ്രതിഭകളെ പരിചയപ്പെടുത്തിയ യുവ ഗായകനും രചയിതാവും സംഗീത സംവിധായകനുമായ അനീസ് മാസ്റ്ററാണ് സിത്താരയുടെ പരിശീലകനും അധ്യാപകനും. നാലാം ക്ലാസ് മുതൽ ഒ.എം കരുവാരകുണ്ട് എഴുതി അനീസ് മാസ്റ്റർ സംഗീതം പകർന്ന മാപ്പിളപ്പാട്ടിലൂടെയാണ് സ്കൂൾ കലോത്സവങ്ങളിൽ പാടിത്തുടങ്ങുന്നത്.
എട്ടു വർഷമായി അനീസ് മാസ്റ്ററുടെ ഈണത്തിൽ നിരവധി ഉപ ജില്ല, ജില്ല, സംസ്ഥാന കലോത്സവങ്ങളിലാണ് മാപ്പിളപ്പാട്ടിൽ വിജയം നേടിയത്. കർണാട്ടിക് മ്യൂസിക് അധ്യാപകനായ തൊടുപുഴ നിസാർ മാസ്റ്ററുടെ ശിക്ഷണവും സിത്താരക്ക് പാട്ടുവഴിയിൽ ഊർജമാണ്.
കഴിഞ്ഞ വർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി ഗേൾസ് വിഭാഗത്തിൽ ബദറുദ്ദീൻ പാറന്നൂർ രചിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നെഞ്ചൂക്കിന്റെ ചരിത്രമായ മാപ്പിളപ്പാട്ട് പാടി സിത്താര ഒന്നാമതെത്തി. ഈ ഗാനം ചിട്ടപ്പെടുത്തിയതും പരിശീലിപ്പിച്ചതും അനീസ് മാസ്റ്ററാണ്.
കരുവാരകുണ്ട് ദാറുന്നജാത്ത് സ്കൂളിലും അടക്കാക്കുണ്ട് ഹയർ സെക്കൻഡറി സ്കൂളിലും പഠിച്ച സിത്താര ഇപ്പോൾ മമ്പാട് എം.ഇ.എസ് കോളജ് വിദ്യാർഥിയാണ്. ഒ.എം കരുവാരകുണ്ട്, ബാപ്പു വെള്ളിപറമ്പ്, ബദറുദ്ദീൻ പാറന്നൂർ, ഫസൽ കൊടുവള്ളി തുടങ്ങിയ പ്രശസ്ത രചയിതാക്കളുടെ വരികൾ സിത്താര ആലപിച്ചിട്ടുണ്ട്.
അനീസ് കൂരാട് രചനയും സംഗീതവും നിർവഹിച്ച ബീവി ഫാത്തിമയാണ് സിത്താരയുടെ ആദ്യ സംഗീത ആൽബം. ഉപ്പ കെ.ടി സലീമും ഉമ്മ സഫീറയും ഉപ്പപ്പ കെ.ടി. ഇസ്ഹാക്കും പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.