വെള്ളിത്തിരയിലെ ചെണ്ട മേളം
text_fieldsമഞ്ജുവാര്യരുടെ മുഖസാദൃശ്യമുള്ള, സമൂഹമാധ്യമങ്ങളില്‍ മഞ്ജു വാര്യർ അഭിനയിച്ച വ്യത്യസ്ത കഥാപത്രങ്ങൾ അനുകരിച്ച് കയ്യടി നേടിയ ഒരു പെൺകുട്ടിയെ ഓർക്കുന്നുണ്ടോ? ദുബൈയിൽ ഐ.ടി മാനേജരായ ജയേഷ് മേനോന്റെയും പൂര്‍ണിമയുടെയും മകൾ പൂജ മേനോൻ. ഷാർജ അവർ ഓൺ ഇംഗ്ലീഷ് മീഡിയം ഗേൾസ് സ്കൂളിൽ പഠിക്കുന്ന പൂജക്കും ജീവിതത്തിൽ വഴിത്തിരിവായത് കൊവിഡ് ലോക്ഡൗൺ കാലം തന്നെയാണ്. പൂജ അമ്മൂമ്മ ശൈലജക്കൊപ്പം തുടങ്ങിയ ടിക്ടോക്കിലൂടെ പങ്കുവെച്ച വീഡിയോകൾ അന്ന് മലയാളികൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.
പൂജ ചെയ്ത വീഡിയോകളിൽ അധികവും മഞ്ജു വാര്യരുടെ വ്യത്യസ്ത കഥാപത്രങ്ങളായിരുന്നു. അന്ന് മഞ്ജു വാര്യറും അഭിനന്ദനമറിയിച്ചിരുന്നു. ഇടയ്ക്ക് ചെയ്ത ആരോഗ്യമന്ത്രി ശൈലജടീച്ചറുടെ വീഡിയോയും ശ്രദ്ധനേടിയിരുന്നു. അമ്മൂമ്മയാണ് വീഡിയോ ഷൂട്ട് ചെയ്യുന്നതും ഡയലോഗുകള്‍ പഠിപ്പിക്കുന്നതുമെല്ലാം. ടിക് ടോക് വീഡിയോ വൈറലായതോടെ ടെലിവിഷൻ സീരിയലിലും സിനിമയിലുമൊക്കെ അഭിനയിക്കാനും അവസരം ലഭിച്ചു. ഏഷ്യാനെറ്റിൽ കസ്തൂരിമാൻ എന്ന മലയാളം സീരിയലിൽ ഇരട്ട റോളുകളിൽ അഭിനയിച്ചിട്ടുണ്ട് പൂജ. 2023ൽ വെള്ളരിപട്ടണം എന്ന മലയാളം സിനിമയിൽ മഞ്ജു വാര്യരുടെ കുട്ടിക്കാലത്തെ കഥാപാത്രത്തെ അവതരിപ്പിച്ചത് പൂജയായിരുന്നു.
ചെണ്ട പഠിക്കാൻ മോഹം തോന്നി, പിന്നെ ഒന്നും നോക്കിയില്ല
പൂജക്ക് അഭിനയത്തോട് മാത്രമല്ല കമ്പം, മറ്റൊരു പാഷൻ കൂടിയുണ്ട്.. അത് മറ്റൊന്നുമല്ല. ചെണ്ട! 2021-ൽ കേരളത്തിലെ ഒരു അവധിക്കാലത്ത്, പ്രശസ്തനായ കടവല്ലൂർ മോഹനൻ മാരാർ പെൺകുട്ടികളെ ചെണ്ട പരിശീലിപ്പിക്കാൻ തുടങ്ങിയതറിഞ്ഞു പഞ്ചാരി മേളത്തിനായി പൂജയും അന്ന് ക്ലാസ്സിൽ ചേർന്നു. അതുവരെ ആൺകുട്ടികൾ മാത്രമായിരുന്നു ചെണ്ട പരിശീലനം നടത്തിയിരുന്നത്. കടവലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്ന് പൂജ പരിശീലനവും, അരങ്ങേറ്റവും പൂർത്തിയാക്കി.
കഴിഞ്ഞ അവധിക്കാലത്ത്, പൂജക്ക് കൂടുതൽ ചെണ്ട അഭ്യസിക്കാൻ ആഗ്രഹം വന്നതോടെ പരിശീലനത്തിനായി മോഹനൻ മാരാരുടെ അടുത്തെത്തി. അദ്ദേഹം തായമ്പക പരിശീലനം നടത്താൻ നിർദ്ദേശിച്ചു. സാധാരണയായി തായമ്പക പഠിക്കാൻ ഏകദേശം ഒരു വർഷം സമയമെടുക്കും. പക്ഷേ ഈ അവധിക്കാലത്ത് തന്നെ രണ്ട് മാസത്തിനുള്ളിൽ അവളെ അരങ്ങേറ്റത്തിനായി തയ്യാറാക്കാൻ ശ്രമിക്കാം എന്ന് അദ്ദേഹം ഉറപ്പ് നൽകി. ദിവസേനയുള്ള പരിശീലനവും, അധിക പരിശ്രമവും കൊണ്ട് രണ്ട് മാസത്തിനുള്ളിൽ തായമ്പക പരിശീലനം പൂർത്തിയാക്കി. അവധി കഴിഞ്ഞ് മടങ്ങുന്നതിന് മുമ്പ് അരങ്ങേറ്റവും നടത്തി.
രണ്ട് മാസത്തിനുള്ളിൽ ഒരു വിദ്യാർഥിക്ക് തായമ്പക പരിശീലനം നൽകിയത് മാരാർക്ക് ഒരു റെക്കോർഡായിരുന്നു. എന്തിനും സപ്പോർട്ടായി മാതാപിതാക്കളും അമ്മമ്മയുമുണ്ട് പൂജക്കൊപ്പം. യു.എ.ഇയിൽ നിന്നും ചെണ്ട പരിശീലനം തുടരാൻ ആഗ്രഹമുണ്ട് പൂജക്ക്. അതിനായി നല്ലൊരിടം തിരയുകയാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.