പ്രണവിന്റെ കരവിരുതിൽ വിരിയുന്നത് ജീവൻ തുടിക്കുന്ന ചിത്രങ്ങൾ
text_fieldsഇരിട്ടി: വർക് ഷോപ് ജോലിക്കിടയിലും ജന്മനാ ലഭിച്ച കഴിവുകളെ തേച്ച് മിനുക്കി ജീവൻ തുടിക്കുന്ന ചിത്രങ്ങളാക്കി ശ്രദ്ധേയനാവുകയാണ് ഇരിട്ടി ഉളിയിൽ സ്വദേശി കെ.കെ. പ്രണവ്. പയഞ്ചേരി മുക്കിലെ വർക് ഷോപിൽ ജോലി ചെയ്യുന്ന പ്രണവ് വരച്ച മനോഹര ചിത്രങ്ങൾ ആരുടെയും കാഴ്ചയെ കവർന്നെടുക്കും. ചിത്രവര അഭ്യസിച്ചിട്ടില്ലാത്ത പ്രണവിന്റെ ചിത്രങ്ങൾ കണ്ടാൽ ഇരുത്തം വന്ന ഒരു ചിത്രകാരൻ വരച്ചതാണെന്നേ പറയൂ. ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരുന്നപ്പോൾ വെറുതെ പെൻസിൽ എടുത്ത് കടലാസിൽ കുത്തി വരച്ചു തുടങ്ങി.
പിന്നീട് എല്ലാവരുടെയും പ്രോത്സാഹനം കൂടിയായപ്പോൾ കൂടുതൽ മികവാർന്ന ചിത്രങ്ങൾ വരച്ചു മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ കഴിഞ്ഞു. ചാവശ്ശേരി ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് പത്താം ക്ലാസും പിന്നീട് ഇരിട്ടി പ്രഗതി കോളജിൽ നിന്ന് പ്ലസ്ടു പഠനവും പൂർത്തിയാക്കി. കുടുംബ പ്രാരാബ്ദം കാരണം പിന്നീട് വർക് ഷോപ് ജോലിയിലേക്ക് തിരിയുകയായിരുന്നു. തയ്യൽ തൊഴിലാളിയായ അച്ഛൻ പവിത്രനും അമ്മ ജിഷയും രണ്ട് അനുജന്മാരും ഒരു അനുജത്തിയും അടങ്ങുന്നതാണ് പ്രണവിന്റെ കുടുംബം. പെൻസിൽ ഉപയോഗിച്ചുള്ള ചിത്രങ്ങളാണ് ഏറെയും. മികച്ച രീതിയിലുള്ള വരയാണ് പ്രണവിന്റെതെന്നും ചിത്രകല പഠിച്ച് വരക്കുന്നവരെ പോലും അതിശയിപ്പിക്കുന്നതാണ് ഇവയെന്നും പ്രദേശത്തുള്ള ചിത്രകാരന്മാരും അഭിപ്രായപ്പെടുന്നു. ഇനിയും ഒരുപാട് ചിത്രങ്ങൾ വരക്കണമെന്ന മോഹമുണ്ടെങ്കിലും സാഹചര്യം അനുവദിക്കുന്നില്ല. അറിയപ്പെടാത്ത ഇത്തരം കലാകാരന്മാരെ സമൂഹത്തിന്റെ ഉന്നതിയിലേക്ക് എത്തിക്കുന്നതിന് കൈത്താങ്ങ് ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.