ഇരപിടിയൻ ഇനി വെറും ചെടിയല്ല; ഗവേഷണ പ്രബന്ധവുമായി സഹോദരങ്ങൾ ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേക്ക്
text_fieldsകോട്ടയം: ഇരപിടിയൻ ചെടികൾക്ക് കൊതുകുനിവാരണത്തിൽ എന്താണു പങ്ക്?. അതിനുള്ള മറുപടി പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളും സഹോദരങ്ങളുമായ ദിയ തെരേസ് മനോജും ഡിജോൺ മനോജും പറയും.
പൂഞ്ഞാറിലെ ഇടമല, കൈപ്പിള്ളി മേഖലയിൽ കാണപ്പെടുന്ന പ്രാണിഭോജിച്ചെടികളായ ഡ്രോസീറ, യുട്രിക്യൂലേറിയ എന്നിവയുപയോഗിച്ച് കൊതുകുകളെ തുരത്താം. തങ്ങളുടെ കണ്ടുപിടിത്തവുമായി 31ാമത് ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ ഗവേഷണ പ്രബന്ധാവതരണത്തിന് അർഹത നേടിയിരിക്കുകയാണ് ഇരുവരും. ഉയർന്ന പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന ഇനം ഇരപിടിയൻ ചെടികളാണ് ഡ്രോസീറയും യുട്രിക്യൂലേറിയയും. ഇവക്ക് കൊതുകുകളെ ആകർഷിച്ച് പിടിക്കാൻ കഴിവുണ്ടെന്നും അതുവഴി കൊതുക് നിയന്ത്രണം സാധ്യമാകുമെന്നുമുള്ള കണ്ടെത്തലാണ് കുട്ടിശാസ്ത്രജ്ഞരെ ദേശീയതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ ഇടയാക്കിയത്.
‘പ്രാണിഭോജിച്ചെടികളും കൊതുകുനിയന്ത്രണവും - ഒരു പഠനം’ എന്ന ഗവേഷണ പ്രബന്ധമാണ് അവതരിപ്പിക്കുന്നത്. സ്വന്തം നാടിനെ കേന്ദ്രീകരിച്ചുള്ള പഠനമാണ് വേണ്ടിയിരുന്നത്. അങ്ങനെയാണ് കുട്ടികൾ തങ്ങളുടെ പ്രദേശത്ത് കൂടുതലായി കാണുന്ന ഇരപിടിയൻ ചെടികളെ പഠിച്ചത്.
വീടുകൾക്ക് അകത്തും പരിസരത്തും ചെടികൾവെച്ച് പരീക്ഷണം നടത്തി. ചെടി കൊതുകിനെ പിടിക്കുന്നതിന്റെ വിഡിയോകളും എടുത്തു. ഡിസംബറിൽ തിരുവനന്തപുരം അഗ്രികൾചറൽ കോഓപറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന 31ാമത് സംസ്ഥാനതല ബാലശാസ്ത്ര കോൺഗ്രസിൽ ജൂനിയർ വിഭാഗത്തിൽ വിവിധ ജില്ലകളിൽനിന്നുള്ള 46 പ്രോജക്ടുകളിൽനിന്ന് ഒന്നാം സ്ഥാനം നേടിയാണ് ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേക്ക് അർഹത നേടിയത്.
എട്ടു മുതൽ 11വരെ കാസർകോട് നടക്കുന്ന 36ാ മത് കേരള ശാസ്ത്ര കോൺഗ്രസിലും ഈ പ്രബന്ധം അവതരിപ്പിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. പ്ലാശനാൽ സെന്റ് ആന്റണീസ് എച്ച്.എസ്.എസിലെ അധ്യാപകനായ ഇടമല ചിറയാത്ത് മനോജ് സെബാസ്റ്റ്യൻ, കോടിക്കുളം ഗവ. എച്ച്.എസ്.എസിലെ അധ്യാപിക സബീന ജോസഫ് എന്നിവരുടെ മക്കളാണ് എട്ടാം ക്ലാസ് വിദ്യാർഥിനിയായ ദിയയും അഞ്ചാം ക്ലാസ് വിദ്യാർഥിയായ ഡിജോണും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.