കിളിമഞ്ചാരോയിൽ കൊടിനാട്ടി ഖത്തരി കൗമാരക്കാരൻ
text_fieldsദോഹ: ആഫ്രിക്കൻ വൻകരയിൽ ആകാശം മുട്ടുന്ന ഉയരവുമായി തലയുയർത്തി നിൽക്കുന്ന കിളിമഞ്ചാരോ കൊടുമുടിക്ക് മുകളിലെത്തി ഖത്തറിന്റെ ദേശീയ പതാക പറത്തി അഭിമാനമായി കൗമാരക്കാരൻ.
ഖത്തർ ഫൗണ്ടേഷൻ വിദ്യാർഥികൂടിയായ 14കാരൻ യൂസുഫ് അൽ കുവാരിയാണ് രാജ്യത്തെയും അറബ് മേഖലയിലെയും യുവാക്കൾക്ക് മാതൃകയായി പർവതാരോഹണം പൂർത്തിയാക്കിയത്. ഖത്തരി പൗരന്മാരിൽ നിന്നും കിളിമഞ്ചാരോ കൊടുമുടി കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞവനായി ഇദ്ദേഹം മാറി.
പ്രീ-യൂനിവേഴ്സിറ്റി എജുക്കേഷൻ സ്കൂളുകളുടെ കിളിമഞ്ചാരോ യാത്രയുടെ ഭാഗമായിരുന്നു അൽകുവാരിയും. അവിടെ നിന്നുള്ള ദൗത്യത്തിനൊടുവിലായിരുന്നു കൊടുമുടിയുടെ ഉച്ചിയിലെത്തി ദേശീയ പതാക പാറിച്ച് റെക്കോഡാക്കി മാറ്റിയത്. 2022ൽ കൊടുമുടിയുടെ ഉച്ചിയിലെത്തിയ മറ്റൊരു ഖത്തരി കൗമാരക്കാരന്റെ പേരിലുള്ള റെക്കോഡാണ് യൂസുഫ് അൽ കുവാരി തിരുത്തിയെഴുതിയത്. താൻസനിയയിൽ സമുദ്രനിരപ്പിൽനിന്ന് 5,895 മീറ്റർ ഉയരത്തിലാണ് പർവതം സ്ഥിതി ചെയ്യുന്നത്.
ഭാവി വെല്ലുവിളികളെ അതിജീവിക്കാൻ വിദ്യാർഥികളുടെ സ്വഭാവം, വ്യക്തിത്വം, സന്നദ്ധത എന്നിവ രൂപപ്പെടുത്താനുള്ള കഴിവുകളുടെ വികസനം ലക്ഷ്യമിട്ടാണ് യാത്ര സംഘടിപ്പിച്ചത്. നാലു മാസത്തെ കായിക പരിശീലനവും ഉണ്ടായിരുന്നു. അവിസ്മരണീയ യാത്രയായിരുന്നെന്ന് സംഘത്തിലെ വിദ്യാർഥികൾ വ്യക്തമാക്കി. ഖത്തറിൽനിന്നുള്ള വിവിധ സ്കൂളുകളിലെ പല പ്രായക്കാരായ വിദ്യാർഥികളുടെ സംഘമായിരുന്നു യാത്രയുടെ ഭാഗമായത്.
ചെറുപ്രായത്തിൽ വലിയ വെല്ലുവിളി ഏറ്റെടുക്കാനും കഠിനാധ്വാനത്തിലൂടെ ലക്ഷ്യം എത്തിപ്പിടിക്കാനും ആത്മവിശ്വാസം നൽകുന്നതായിരുന്നു ‘കിളി ചലഞ്ച്’ എന്ന് സംഘാംഗമായ ഖത്തർ അക്കാദമിയിലെ ഷഹദ് അൽ ഫദ്ല പറഞ്ഞു. കിളിമഞ്ചാരോയിലെ പരിചയം കൂടുതൽ പര്യവേക്ഷണങ്ങൾക്കും യാത്രകൾക്കും പ്രോത്സാഹനമാണെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.