പിതാവിന്റെ ‘സ്വന്തം ട്രാക്കിൽ’ റാഹിലിന്റെ സുവർണമുത്തം
text_fieldsതേഞ്ഞിപ്പലം: സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ 110 മീറ്റർ ഹർഡിൽസ് ട്രാക്കിൽ ഒന്നാമതായി ഓടിയെത്തിയ മലപ്പുറത്തിന്റെ റാഹിൽ സക്കീറിന് പിതാവിന്റെ ‘സുവർണമുത്തം.’ 20 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ ഹർഡിൽസിൽ സ്വർണം നേടിയ റാഹിലിന്റെ നേട്ടം പിതാവും കാലിക്കറ്റ് സർവകലാശാല കായിക മേധാവിയുമായ വി.പി. സക്കീർ ഹുസൈന് സന്തോഷത്തിന്റെ പുതിയ ട്രാക്കാണ് സമ്മാനിച്ചത്.
ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സ്വന്തം ട്രാക്കിലെ പ്രധാന മീറ്റിൽ മകൻ സ്വർണത്തിലേക്ക് ഓടിയെത്തിയപ്പോൾ സക്കീർ ഹുസൈൻ ഓടിച്ചെന്ന് അവനൊരു മുത്തം നൽകി. പിന്നാലെ മാതാവ് തസ്ലീനയും മറുകവിളിൽ മുത്തമായി ഓടിയെത്തി. മത്സരത്തിൽ 14.81 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് റാഹിൽ സ്വർണം കൊയ്തത്. സംസ്ഥാന മീറ്റില്‍ റാഹിലിന്റെ കന്നി സ്വര്‍ണനേട്ടമാണിത്. സംസ്ഥാന മീറ്റുകളിലേക്ക് നിരവധി തവണ യോഗ്യത നേടിയിരുന്നെങ്കിലും പരിക്ക് കാരണം വിട്ടുനില്‍ക്കേണ്ടിവന്നിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ മീറ്റില്‍ 110 ഹർഡില്‍സില്‍ ഫൈനല്‍ റൗണ്ട് മത്സരം പരിക്ക് കാരണം മുഴുവനാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഭാവിയിൽ ഹർഡിൽസിനൊപ്പം ലോങ് ജംപിലും മത്സര രംഗത്തേക്കിറങ്ങാനാണ് റാഹിലിന്റെ തീരുമാനം. എട്ടാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ ഐഡിയല്‍ കടകശ്ശേരിയുടെ താരമായിരുന്ന റാഹില്‍ നിലവില്‍ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.