മഞ്ചാടിമണി കൊണ്ട് മാണിക്യമാല
text_fieldsചപ്പിനിടയില്‍ തിളങ്ങിക്കിടക്കുന്ന ചെഞ്ചോപ്പ് മഞ്ചാടികളുടെ ചന്തം നിങ്ങളെയും മോഹിപ്പിച്ചിട്ടുണ്ടാകും. മഞ്ചാടിയും കുന്നിക്കുരുവും പനങ്കുരുവും കിലുക്കാംപെട്ടിയുമെല്ലാം പെറുത്തി നടക്കാത്ത ബാല്യകാലം പഴയ തലമുറയില്‍ ആര്‍ക്കുമുണ്ടാകില്ല. മഞ്ചാടിയും കുന്നിക്കുരും പെറുത്തി ഗുരുവായൂര്‍ കണ്ണന്‍റെ ഉരുളിയിലാടാനും ചതുരം വെട്ടികളിക്കാനും സൂക്ഷിക്കുമ്പോഴും അവയുടെ ചാരുത നിങ്ങളെ വീണ്ടും കൊതിപ്പിച്ചിട്ടുണ്ടാകും. മഞ്ചാടിമണികള്‍ കൊരുത്തൊരു മാണിക്യമാല, കുന്നിക്കുരുകള്‍ ഞാന്നുകിടക്കുന്നൊരു കൊലുസ്, കിലുക്കാംപെട്ടി കൊണ്ട് കമ്മല്‍ എന്തു ഭംഗിയായിരിക്കുമല്ലേ? എന്നാല്‍ ഇതെല്ലാം വെറും സ്വപ്നങ്ങളല്ല. വിത്തുകള്‍ കൊണ്ട് അതിമനോഹരമായ ആഭരണങ്ങള്‍ ഇന്ന് വിപണിയിലെത്തുന്നുണ്ട്. പ്രകൃതി വര്‍ണങ്ങളും ഭാവങ്ങളും പകര്‍ന്ന് കനിയുന്ന മനോഹരമായ വിത്തുകള്‍ ചേര്‍ത്ത് ആഭരണങ്ങള്‍ നിര്‍മിക്കുകയാണ് രാജസ്ഥാന്‍ കൃഷ്ണനഗര്‍ സ്വദേശി രാമാവതാര്‍ സിങ്.
മഞ്ചാടിയും പനങ്കുരുവും മെറ്റല്‍ വയറില്‍ കൊരുത്ത് ഡിസൈന്‍ ചെയ്ത കമ്മല്‍, കുന്നിക്കുരുവും ഏതോഒരു വിത്തിന്‍റെ തോടും ചെമ്പ് നൂലില്‍ കോര്‍ത്ത് ഡിസൈന്‍ ചെയ്ത വണ്ടിന്‍റെ രൂപത്തിലുള്ള പെന്‍ഡന്‍റ്, മര കൂണു കൊണ്ടുള്ള ബട്ടർഫ്ലൈ മുടിപിന്‍, കാപ്പി പൊഡടി നിറമുള്ള കാട്ടു ബീന്‍സും ഉമ്മത്തിന്‍ കായയും ചേര്‍ന്ന ബ്രേസ് ലറ്റ്, വളകള്‍ എന്നിങ്ങനെ പ്രകൃതിയുടെ മടിയില്‍ നിന്നെടുത്ത് മനുഷ്യന്‍റെ കൈ കൊണ്ട് കൊരുത്ത ആഭരണങ്ങളിലെ വൈവിധ്യങ്ങള്‍ നിങ്ങളെ കൊതിപ്പിക്കും. വൈവിധ്യങ്ങളുടെ കലവറയായ പ്രകൃതിയില്‍ നിന്നല്ലാതെ മറ്റെവിടെ നിന്നാണ് മനുഷ്യന്‍ അറിവു നേടുന്നത്? പ്രകൃതി ഉല്‍പന്നങ്ങളില്‍ നിന്ന് പ്രത്യേകിച്ചും വിത്തിനങ്ങളും തൂവലുമുപയോഗിച്ച് ആഭരണങ്ങള്‍ നിര്‍മിക്കുന്ന വിദ്യയെ കുറിച്ച് ചോദിച്ചപ്പോള്‍ രാമാവതാര്‍ സിങ്ങിന്‍റെ മറുചോദ്യം ഇങ്ങനെയായിരുന്നു.
കാടുചുറ്റലും നാടുചുറ്റി സൈക്കിള്‍ യാത്രയും കൃഷിയും കന്നുകാലികളെ പോറ്റലുമെല്ലാം ഇഷ്ടപ്പെടുന്ന, പ്രകൃതിയെ അറിഞ്ഞ് ജീവിക്കുന്ന രാമാവതാര്‍ അലങ്കാര വസ്തുക്കളും ആഭരണങ്ങളും നിര്‍മ്മിക്കുന്നതും പ്രകൃതിയില്‍ നിന്നുള്ള പെറുക്കിയെടുത്തു തന്നെ. ഒരോ യാത്രകളും വ്യത്യസ്ത വിഷയങ്ങള്‍ ഉള്‍ക്കൊണ്ട പാഠപുസ്തകങ്ങളാണ്. കാട്ടില്‍ ചുറ്റിക്കറങ്ങുന്നതും പക്ഷി നിരീക്ഷണവും വിനോദമായി കണ്ടിരുന്ന അദ്ദേഹം കാട്ടില്‍ നിന്ന് വിത്തുകളും കായകളും പൂക്കളും പക്ഷിത്തൂവലുകളുമെല്ലാം ശേഖരിച്ച് സൂക്ഷിച്ചുവെക്കുമായിരുന്നു.
കുന്നിക്കുരു, മഞ്ചാടിക്കുരു, കിലുക്കാംപെട്ടി, പനംങ്കുരു, ചിലയിനം കായകളുടെ തോടുകള്‍, തൂവല്‍ എന്നിങ്ങനെ കാടിറങ്ങി വരുമ്പോള്‍ സഞ്ചിയില്‍ പെറുക്കിയിടുന്ന ഇത്തരം വസ്തുക്കള്‍ക്ക് മറ്റൊന്നിനുമില്ലാത്ത ചാരുതയുണ്ടായിരുന്നു. പ്രകൃതി കനിഞ്ഞു നല്‍കിയ അതിമനോഹരമായ വിത്തിനങ്ങള്‍, അണിയാന്‍ ഇതിലും നല്ല വസ്തുക്കള്‍ എവിടെ ലഭിക്കും. അമൂല്യമായ വജ്രവും മാണിക്കവും മുത്തു പവിഴവും സ്വര്‍ണവുമെല്ലാം നല്‍കുന്നത് പ്രകൃതി തന്നെയല്ലേ?
ചെഞ്ചുവപ്പാര്‍ന്ന മഞ്ചാടിക്കുരുവും ചുവന്നു തിളങ്ങുന്ന കറുത്ത പൊട്ടിട്ട കുന്നിക്കുരുമെല്ലാം ചേര്‍ത്തു കോര്‍ത്ത ആഭരണങ്ങള്‍ മറ്റേതു വസ്തുക്കളേക്കാള്‍ ആകര്‍ഷം തന്നെയാണ്. സാധാരണ മുത്തുകളും മറ്റും ഉപയോഗിച്ച് ആഭരണങ്ങള്‍ നിര്‍മിക്കുന്ന സുഹൃത്തില്‍ നിന്നാണ് ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നത് പഠിച്ചത്. കൗതുകത്തിന്‍റെ പേരില്‍ മഞ്ചാടി കുരു തുളച്ച് കനം കുറഞ്ഞ മെറ്റല്‍ വയര്‍ കൊണ്ട് അലങ്കരിച്ച് മാലയും കമ്മലുമൊക്കെ ഉണ്ടാക്കി. കാണാന്‍ അതിമനോഹരമാണതെന്ന് തോന്നി. 2008 ല്‍ മെക് സിക്കോ സന്ദര്‍ശനത്തിനിടെയാണ് വിത്തിനങ്ങള്‍ കൊണ്ടുള്ള ആഭരണങ്ങളുടെ മാറ്റെന്താണെന്നറിഞ്ഞത്. യാത്രയില്‍ അധികം പണം കരുതിയിരുന്നില്ല. സുഹൃത്തുക്കളുടെയും അവരുടെ സുഹൃത്തുക്കളുടെയും സംരക്ഷണത്തിലാണ് മെക്സിക്കന്‍ ദിനങ്ങള്‍ കടന്നു പോയത്. തന്നെ സഹായിച്ചവര്‍ക്ക് സമ്മാനം നല്‍കുന്നതിനായി കരുതിയത് വിത്തുകള്‍ കോര്‍ത്തെടുത്ത മനോഹരമായ ആഭരണങ്ങളായിരുന്നു. -രാമാവതാര്‍ സിങ് വിശദീകരിച്ചു.
യാത്രയില്‍ കക്കകള്‍, കടല്‍ ചിപ്പികള്‍, പ്രത്യേക തരം പായലുകള്‍, കൂന്‍, മരങ്ങളിലെ കറ, മെഴുക്, പക്ഷിത്തൂവലുകള്‍ എന്നിവയും ശേഖരിക്കാറുണ്ട്. ചിപ്പിത്തോടുകളും തൂവലുമെല്ലാം പിന്നീട് ചേലേറും കമ്മലും മാലയും പാദസരവുമെല്ലാം ആയി മാറുന്നു. തൂവലുകളിലെ വര്‍ണ വൈവിധ്യം ആരെയും അതിശയിപ്പിക്കുന്നതാണെന്ന് രാമവതാര്‍ പറയുന്നു. കുന്തിരിക്കം, ചൂരല്‍ച്ചെടിയുടെ കായ, സോപ്പുകായ അഥവാ പുളിഞ്ചികായ, ഉമ്മത്ത് കായ, കാട്ടു ബീന്‍സ്, കാട്ടു പുളിങ്കുരു, നെല്ലിക്കക്കുരു, രുദ്രാക്ഷം, മഹാഗണി വിത്ത്, കാട്ടു റബ്ബര്‍ കുരു എന്നിങ്ങനെ കാണാന്‍ അഴകുള്ള എത്ര ഇനം വിത്തുകളാണ് നമ്മുടെ ചുറ്റുവട്ടത്തില്‍ തന്നെയുള്ളത്. ഇത് കലാരുചിക്കനുസരിച്ച് കൊരുത്തെടുക്കുകയാണ് രാമവതാര്‍ ചെയ്യുന്നത്. പ്രകൃതി തന്നെ അഴകേറും വര്‍ണങ്ങള്‍ നല്‍കിയിട്ടുള്ളതിനാല്‍ ഇവക്കൊന്നും കൃത്രിമ നിറം നല്‍കേണ്ടതില്ല.
പ്ലാസ്റ്റിക്കും മെറ്റലും ഗ്ലാസും ഫൈബറും കൊണ്ട് നിര്‍മ്മിക്കുന്ന ആഭരണങ്ങളെ പോലെ പൊട്ടി പോവുകയയോ നിറം മങ്ങുകയോ ചെയ്യില്ലെന്നും അത്തരം വസ്തുക്കളെ പോലെ ഭാരമില്ലാത്തതിനാല്‍ അണിയാന്‍ സുഖവുമാണ്. രുദ്രാക്ഷം, കുന്തിരിക്കം മുതാലയവ ചര്‍മ്മത്തിനും നല്ലതാണ്. നിര്‍മ്മിക്കുന്ന ആഭരണങ്ങള്‍ വിറ്റഴിക്കുന്നതിലും കൂടുതല്‍ സമ്മാനമായി നല്‍കുകയാണ് പതിവ്. ഒരോ വിത്തുകളും അമൂല്യമാണ് അവക്ക് വിലയിടുന്നതെങ്ങിനെ എന്ന് രാംജി ചോദിക്കുന്നു. ഈടു നില്‍ക്കുന്ന ഏതു വിത്തിനങ്ങളും ആഭരണ നിര്‍മ്മാണത്തിന് ഉപയോഗിക്കാം.
ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് ദേശീയ ഉദ്യാനത്തില്‍ പക്ഷി നിരീക്ഷണത്തിനും ജങ്കില്‍ സഫാരിക്കുമായി പോകുമ്പോള്‍ ശേഖരിച്ച ചില വിത്തുകളുടെ മനോഹാരിത തന്നെ അമ്പരപ്പിച്ചുവെന്ന് അദ്ദേഹം പറയുന്നു. വിത്തിനങ്ങള്‍ കൊണ്ടുള്ള ആഭരണ, കരകൗശല സാധനങ്ങളുടെ നിര്‍മാണം സംബന്ധിച്ച് രാജ്യമെമ്പാടും പരിശീലന ക്ലാസുകള്‍ നടത്തുന്നുണ്ട്. ഫീസോ, മറ്റു തരത്തിലുള്ള ഓഫറുകളോ ഒന്നും സ്വകീരിക്കാതെയാണ് അദ്ദേഹം പരിശീലന ക്ലാസുകള്‍ നല്‍കുന്നത്. പ്രകൃതിദത്തമായ വസ്തുക്കള്‍ കാണിച്ച് മനുഷ്യരുമായി പ്രകൃതിയെ ഉണക്കുകയല്ല, മറിച്ച് പ്രകൃതിയുമായി മനുഷ്യരെ ബന്ധിപ്പിക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു.
ഔഷധ ഗുണമുള്ള സസ്യങ്ങള്‍ കൊണ്ടുള്ള സൗന്ദര്യ വസ്തുക്കള്‍, ഹെയര്‍ ഓയില്‍ എന്നിവയും നിര്‍മിക്കുന്നുണ്ട്. മനുഷ്യന് വേണ്ടതെല്ലാം പ്രകൃതിയില്‍ തന്നെയുണ്ട്. അണിഞ്ഞൊരുങ്ങാന്‍ പിന്നെന്തിന് കൃത്രിമ ഉല്‍പന്നങ്ങള്‍ തേടണം. ജൈവ കൃഷി, കന്നുകാലി വളര്‍ത്തല്‍, പ്രകൃതിയുടെ വിവിധ ഭാവങ്ങള്‍ തേടിയുള്ള സൈക്കിള്‍ യാത്ര എന്നിങ്ങനെ പോകുന്നു രാജസ്ഥാന്‍ കൃഷ്ണഗിരി സ്വദേശി രാമാവതാര്‍ സിങ്ങിന്‍റെ ജീവിതം. ഈ ഭൂമിയില്‍ സുഖമായി ജീവിക്കാന്‍ സമ്പത്തുവേണ്ട അതിനാല്‍ സമ്പാദിക്കാനുള്ള ജോലിയൊന്നുമില്ല. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന സന്തുഷ്ട കുടുംബം. മകള്‍ക്ക് 15 വയസും മകന് 13ഉം. ഇരുവര്‍ക്കും ഔപചാരിക വിദ്യാഭ്യാസം നല്‍കിയിട്ടില്ല. മകള്‍ സ്കൂളില്‍ പോകാതെ തന്നെ പത്താംതരം പാസായി. ഇംഗ്ലീഷ് ഭാഷ ഉള്‍പ്പെടെ കൈകാര്യം ചെയ്യുകയും മറ്റു വിഷയങ്ങളില്‍ സമാന്യ അറിവുമുണ്ട്. ജീവിതം രാജസ്ഥാനിലെ കൃഷ്ണഗിരിയില്‍ ഒതുങ്ങുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.