മുത്തശ്ശിയുടെ തണലിൽ ശ്രീക്കുട്ടി എറിഞ്ഞിട്ടത് സ്വർണം
text_fieldsസീനിയർ വിഭാഗം ജാവലിൻ ത്രോയിൽ നേടിയ സ്വർണം തന്റെ തണലായി നിൽക്കുന്ന മുത്തശ്ശി സുധർമക്ക് സമർപ്പിക്കുകയാണ് ശ്രീക്കുട്ടി സജിത്. മാങ്കുളം എസ്.എം.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥിയാണ് ശ്രീക്കുട്ടി.
ഒന്നര വയസ്സ് മുതൽ ശ്രീക്കുട്ടി മുത്തശ്ശിയുടെ സംരക്ഷണയിലാണ്. സുധർമയുടെ മൂത്ത മകളുടെ മകളാണ് ശ്രീക്കുട്ടി. ചെറുപ്പം മുതൽ കൊച്ചുമകളുടെ സംരക്ഷണം സുധർമ ഏറ്റെടുക്കുകയായിരുന്നു. മാങ്കുളം വിരിപാറയിലെ അഞ്ച് സെന്റിലാണ് ഇവർ കഴിയുന്നത്. സുധർമ കൂലിപ്പണിയെടുത്താണ് പേരക്കുട്ടിയുടെ കായികസ്വപ്നങ്ങൾക്ക് നിറംപകരുന്നത്. ശ്രീക്കുട്ടിയോടൊപ്പം എല്ലാ മത്സര വേദികളിലും ഒപ്പം പോകുന്നത് സുധർമയാണ്. ഷോട്ട്പുട്ടിലും ഡിസ്കസ് ത്രോയിലും മത്സരിച്ചിരുന്നു.
പരിശീലന സൗകര്യത്തിന്റെ പരിമിതി ഉൾപ്പെടെ ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചാണ് തിളക്കമാർന്ന വിജയം. മാങ്കുളത്ത് നടന്ന ത്രോബാൾ ചാമ്പ്യൻഷിപ്പിലും ജില്ലതലത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. കൊച്ചുമകളെ എത്ര കഷ്ടപ്പെട്ടാലും അവൾക്ക് എത്താൻ കഴിയുന്ന സ്ഥലത്തെല്ലാം എത്തിക്കണമെന്നാണ് ആഗ്രഹമെന്ന് സുധർമ പറയുമ്പോൾ മുത്തശ്ശിയെ കെട്ടിപ്പുണർന്ന് നിൽക്കുകയായിരുന്നു ശ്രീക്കുട്ടിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.