അഭിനയിച്ചു നേടി വെണ്ണല സ്കൂളിലെ അന്തർ സംസ്ഥാന വിദ്യാർഥിനികൾ
text_fieldsകൊച്ചി: സർക്കാർ സ്കൂളുകൾക്കായി എൻ.സി.ഇ.ആർ.ടി സംഘടിപ്പിക്കുന്ന റോൾ പ്ലേ മത്സരത്തിൽ ജില്ലാതലത്തിൽ വിജയികളായത് അഞ്ചംഗ അന്തർ സംസ്ഥാന വിദ്യാർഥി സംഘം. വെണ്ണല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന യു.പി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽനിന്നുള്ള ഒമ്പതാം ക്ലാസ് വിദ്യാർഥിനികളാണ് സംസ്ഥാനതല മത്സരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.
ബംഗാളിൽനിന്നുള്ള എൽ. കാജൽ, സാഗരിക മൈത്തി, യു.പി സ്വദേശികളായ അനുഷ്ക പസ്വാൻ, രേണു സഹാനി, പൂർണിമ സർക്കാർ എന്നിവരാണ് വിജയികൾ. സ്കൂളിലെ മലയാളം അധ്യാപകനും നാടകപ്രവർത്തകനുമായ സി.എസ്. വിഷ്ണുരാജാണ് ആറ് മിനിറ്റുള്ള റോൾപ്ലേ സംവിധാനം ചെയ്തത്. സ്കൂളിലെ റോഷ്നി പദ്ധതി വളന്റിയർ കെ.ആർ. രാജലക്ഷ്മിയും സഹായവുമായെത്തി.
എൻ.സി.ഇ.ആർ.ടിയുടെ കൗമാര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് ഇംഗ്ലീഷിലോ ഹിന്ദിയിലോ റോൾപ്ലേ അവതരിപ്പിക്കുന്ന മത്സരം സംഘടിപ്പിക്കുന്നത്. കൗമാരക്കാരായ വിദ്യാർഥിനികൾക്കുനേരെയുണ്ടാവുന്ന ലൈംഗികാതിക്രമത്തെ എങ്ങനെ സ്വയം പ്രതിരോധിക്കുമെന്ന സന്ദേശം പങ്കുവെക്കുന്നതായിരുന്നു ഇവർ തെരഞ്ഞെടുത്ത വിഷയം. ഉപജില്ല മത്സരത്തിനുശേഷം കഴിഞ്ഞദിവസം കുറുപ്പംപടി ഡയറ്റിൽ നടന്ന ജില്ല മത്സരത്തിലും ഇവർ ഒന്നാമതെത്തി.
ഒക്ടോബർ 14ന് തിരുവനന്തപുരം എസ്.സി.ഇ.ആർ.ടി.യിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ ഒന്നാമതെത്തുകയെന്ന ലക്ഷ്യവുമായി പരിശീലനത്തിലാണ് ടീമെന്ന് അധ്യാപകൻ വിഷ്ണുരാജ് പറഞ്ഞു. സ്കൂളിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന അന്തർസംസ്ഥാന തൊഴിലാളികളുടെ മക്കളാണ് ഒമ്പത് ബി ക്ലാസിൽ പഠിക്കുന്ന ഇവരെല്ലാം. കഴിഞ്ഞവർഷം സ്കൂളിൽ ചേർന്ന പൂർണിമ ഒഴികെ മറ്റെല്ലാവരും ചെറിയ ക്ലാസ് മുതൽ വെണ്ണല സ്കൂളിൽ പഠിക്കുന്നവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.