സൈക്ലിങ്ങിൽ സുവർണനേട്ടം കൈവരിച്ച് സഹൽ മുഹമ്മദ്
text_fieldsകൽപകഞ്ചേരി: സൈക്ലിങ്ങിലൂടെ ജില്ലക്ക് അഭിമാനമായിരിക്കുകയാണ് കൽപകഞ്ചേരി കല്ലിങ്ങൽപറമ്പ് സ്വദേശി സഹൽ മുഹമ്മദ് എന്ന പ്ലസ് ടു വിദ്യാർഥി. ഇക്കഴിഞ്ഞ ദിവസം മഞ്ചേരിയിൽ നടന്ന സ്കൂൾ ഗെയിംസ് സൈക്ലിങ് മത്സരത്തിൽ 20 -25 കിലോമീറ്റർ വിഭാഗത്തിൽ 12 മത്സരാർഥികളെ പിന്തള്ളി ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് സഹൽ മുഹമ്മദ്.
2024 ജനുവരിയിൽ തലശ്ശേരിയിൽ നടക്കുന്ന സംസ്ഥാന സൈക്ലിങ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുക എന്നതാണ് ഈ മിടുക്കന്റെ അടുത്ത ലക്ഷ്യം. ദേശീയ ചാമ്പ്യൻ ശ്രീനാഥ് ലക്ഷ്മികാന്തിന്റെ സൈക്ലിങ്ങാണ് സഹലിന് പ്രചോദനമായത്. ദേശീയ ചാമ്പ്യൻ സോൾവ്യനാണ് പരിശീലകൻ. ഓൺലൈൻ ക്ലാസുകളിലൂടെയായിരുന്നു പരിശീലനം നേടിയത്.
സംസ്ഥാന സൈക്ലിങ് അസോസിയേഷൻ നവംബർ 12ന് നടത്തിയ ഓഫ് റോഡ് സൈക്ലിങ് (എം.ടി.ബി) വിഭാഗത്തിൽ രണ്ടാം സ്ഥാനവും ഓൺറോഡ് സൈക്ലിങ് വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ 2022ൽ നടന്ന ജില്ല മത്സരത്തിൽ രണ്ടാം സ്ഥാനവും സംസ്ഥാനത്ത് നാലാം സ്ഥാനവും നേടിയിരുന്നു.
രക്ഷിതാക്കളുടെയും അധ്യാപകരുടെയും കൂട്ടുകാരുടെയും പൂർണ പിന്തുണയാണ് വിജയങ്ങൾക്ക് പിന്നിലെന്ന് സഹൽ പറഞ്ഞു. കല്ലിങ്ങൽപറമ്പ് എം.എസ്.എം ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ സഹലിന് സ്കൂളിൽ സ്വീകരണം നൽകി.
സൈക്ലിങ് മേഖലയിൽ ദേശീയതലത്തിലും അന്തര്ദേശീയ തലത്തിലും സുവർണ നേട്ടങ്ങൾ കൈവരിച്ച് രാജ്യത്തിന്റെ അഭിമാനമാവുക എന്നതാണ് സഹൽ മുഹമ്മദിന്റെ ലക്ഷ്യം. പിതാവ് വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി ചാലമ്പാട്ടിൽ സജിത്ത്, മാതാവ് ഇസ്മുൽ ആബിദ, സഹോദരങ്ങൾ ഷജ ഫാത്തിമ, അൻഹ ഷാജി എന്നിവർ അടങ്ങുന്നതാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.