മഞ്ഞുമലയിലെ തരോദയം
text_fieldsയു.എ.ഇ ദേശീയ ടീമിൽ ഇടം പിടിച്ചതോടെ ഐസ് ഫിഗർ സ്കേറ്റിങ്ങിൽ ലോക ശ്രദ്ധ നേടാനുള്ള ഒരുക്കത്തിലാണ് 12കാരിയായ ഇമാറാത്തി പെൺകുട്ടി സാറ ബിൻ കറം. കഴിഞ്ഞ മാർച്ചിൽ അബൂദബിയിൽ നടന്ന ക്ലാസിക് ഫിഗർ സ്കേറ്റിങ് ട്രോഫിയിൽ മൂന്നാം സ്ഥാനം നേടിയതോടെയാണ് സാറ ദേശീയ ടീമിൽ ശ്രദ്ധാകേന്ദ്രമായത്. അന്ന് കരിയറിലെ മികച്ച സ്കോർ കുറിച്ചാണ് ചാമ്പ്യഷിൻപ്പിൽ സാറ മൂന്നാമതെത്തിയത്. ഫിഗർ സ്കേറ്റിങ് ഇനത്തിൽ യു.എ.ഇയെ ലോകത്തിന് മുമ്പിൽ അഭിമാനപൂർവം അടയാളപ്പെടുത്തുകയാണ് സാറയുടെ അടുത്ത ലക്ഷ്യം. ഇതിനായി കഠിന പരിശ്രമത്തിനുള്ള ഒരുക്കത്തിലാണീ കൊച്ചു മിടുക്കി.
‘ഒരിക്കൽ എന്‍റെ നാട് ലോകത്തിന് മുമ്പിൽ അഭിമാനപൂർവം തലയുയർത്തി നിൽക്കും. അതിനായി ഐസ് റിങ്കിലെ ഓരോ നിമിഷവും പരമാവധി പ്രയോജനപ്പെടുത്താനാണ് തീരുമാനം. ആത്മാർഥതയും ദൃഢനിശ്ചയവുമുണ്ടെങ്കിൽ എന്‍റെ ലക്ഷ്യങ്ങൾ നേടാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. അതോടൊപ്പം മനോഹരമായ ഈ സ്പോർട്സ് ഇനത്തിൽ യു.എ.ഇയുടെ സ്ഥാനം ലോകത്തിന് മുമ്പിൽ അടയാളപ്പെടുത്തുകയും ചെയ്യും’- സാറ പറഞ്ഞു.
അബൂദബിയിൽ അൽ യാസ്മിന അക്കാദമിയിലെ ഏഴാം വർഷ വിദ്യാർത്ഥിനിയായ സാറ 2020ലും 2021ലും കൊവിഡ് മഹാമാരി രൂക്ഷമായ സമയത്തും അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. 2022ൽ മലേഷ്യയിൽ നടന്ന സ്കേറ്റ് ഏഷ്യ മത്സരത്തിൽ നിരവധി മെഡലുകളും സാറ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം റുമാനിയയിൽ നടന്ന ഇന്‍റർനാഷനൽ സ്കേറ്റിങ് യൂനിയൻ (ഐ.എസ്.യു) ഇവന്‍റിൽ ഓവറോൾ ഇനത്തിൽ ആറാമതായി ഫിനിഷ് ചെയ്ത് മികച്ച വ്യക്തിഗത സ്കോറും കുറിച്ചു.ഈ സീസണിൽ പ്രമുഖ അമേരിക്കൻ വയലിസ്റ്റായ ലിൻഡ്സി സ്റ്റർലിങ്ങിന്‍റെ ‘കരോൾ ഓഫ് ദി ബൽസ്’ന് അനുസരിച്ച് പ്രകടനം നടത്താനുള്ള ഒരുക്കത്തിലാണ് സാറ.
ആറാം വയസ്സിൽ പിതാവിനൊപ്പം ദുബൈ മാളിൽ ഐസ് സ്കേറ്റിങ് ആസ്വദിക്കാൻ പോയതാണ് ജീവിതത്തിൽ വഴിത്തിരിവായത്. അന്ന് ഐസ് റിങ്കിൽ ഫിഗർ സ്കേറ്റിങ് ഇവന്‍റ് നടക്കുന്നതിനാൽ ഐസ് മൈതാനിയിൽ കളിക്കാൻ കുഞ്ഞു സാറക്ക് പറ്റിയില്ല. കാണികളെ ആകർഷിക്കുന്ന സ്യൂട്ടുകളുമായി ഐസ് റിങ്കിൽ അനായാസം പ്രകടനം നടത്തുന്ന താരങ്ങളെ അത്ഭുതത്തോടെ നോക്കി നിൽക്കാനേ പറ്റിയുള്ളൂ. അന്ന് തുടങ്ങിയതാണ് ഫിഗർ സ്കേറ്റിങ്ങിനോട് പ്രണയമെന്ന് സാറ പറയുന്നു.
തുടർന്ന് പിതാവിനോട് ആഗ്രഹം പറഞ്ഞതോടെ ഐസ് ഹോക്കി പഠിപ്പിക്കാനായി അബൂദബി സ്കേറ്റിങ് ക്ലബിലേക്കാണ് അദ്ദേഹം അയച്ചത്. അവിടെ ഇദ്ദേഹത്തിന്‍റെ സഹോദരനും ഐസ് ഹോക്കി റഫറിയുമായിരുന്നു ആദ്യ പരിശീലകൻ. കുറച്ചു കാലം ഐസ് ഹോക്കി പഠിച്ചെങ്കിലും ഫിഗർ സ്കേറ്റിങ് പഠനമെന്ന മോഹം കൈവിട്ടിരുന്നില്ല. ഒടുവിൽ തന്‍റെ ആഗ്രഹം തിരിച്ചറിഞ്ഞ പിതാവ് എമിറേറ്റ്സ് സ്കേറ്റിങ് ക്ലബിലേക്ക് മാറ്റി. പുതിയ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായിരുന്നു അത്.
പിന്നീട് രാവും പകലുമില്ലാതെ 14 മണിക്കൂർ നീണ്ട കഠിന പരിശീലനമായിരുന്നു. സ്റ്റാമിന വർധിപ്പിക്കാനായിരുന്നു ആദ്യ ഘട്ട ശ്രമം. ഐസ് റിങ്കിന് അകത്തും പുറത്തും പരിശീലനം തുടർന്നു. ഇതിനിടയിൽ അവതരണ മികവ് കൂട്ടാൻ നൃത്തകലയും അഭ്യസിച്ചു. റിങ്കിൽ ഇതിനകം ഡബിൾ ജംപും ഫോർ ലെവൽ സ്പിന്നും അനായാസം അവതരിപ്പിക്കാൻ സാറക്ക് കഴിയും. ട്രിപ്പിൾ ജംപിൽ മാസ്റ്ററാവുകയെന്നതാണ് അടുത്ത ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.