സൈക്കിളിൽ കൊടുമുടിയേറ്റം
text_fieldsലോകത്തെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കുകയെന്നത് ഏതൊരു സാഹസികനായ സഞ്ചാരിയുടെയും സ്വപ്നമാണ്. എന്നാൽ, എവറസ്റ്റിന്റെ അത്രയും ഉയരം സൈക്കിളിൽ കീഴടക്കിയാലോ? അത്തരമൊരു നേട്ടം കൈവരിച്ചിരിക്കുകയാണ് എറണാകുളം കളമശ്ശേരി സ്വദേശി മുഹമ്മദ് ഷഹബാസ്. ആസ്‌ട്രേലിയ ആസ്ഥാനമായ സംഘടന ഒരുക്കിയ 'എവറസ്റ്റിങ് ചലഞ്ചിന്റെ' ഭാഗമായാണ് ഷഹബാസ് 8967 മീറ്റർ സൈക്കിൾ ചവിട്ടിക്കയറ്റിയത്.
നാടുകാണിയിലെ എവറസ്റ്റ്
എവറസ്റ്റ് കൊടുമുടിയുടെ അത്രയും ഉയരത്തിൽ (8849 മീറ്റർ) നാട്ടിലെ കയറ്റങ്ങൾ നിർത്താതെ ചവിട്ടിക്കയറുന്നതാണ് 'എവറസ്റ്റിങ് ചലഞ്ച്'. കുളമാവ് നാടുകാണി ചുരമാണ് ഷഹബാസ് ചലഞ്ചിനായി തിരഞ്ഞെടുത്തത്. അശോക ജങ്ഷൻ മുതൽ നാടുകാണി വ്യൂ പോയന്റ് വരെ 12 കിലോമീറ്റർ കയറ്റം രാവുംപകലും 12 തവണ വിശ്രമമില്ലാതെ ചവിട്ടി ഷഹബാസ് ലക്ഷ്യത്തിലെത്തി.
18 മണിക്കൂർ രണ്ടു മിനിറ്റ് സമയമെടുത്ത് ചലഞ്ച് പൂർത്തീകരിക്കുമ്പോൾ ആകെ 293.1 കിലോമീറ്റർ താണ്ടിയിരുന്നു. 'സ്ട്രാവ' എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ഉയരവും ദൂരവും സമയവും രേഖപ്പെടുത്തിയത്. ഇത് ആസ്ട്രേലിയയിലെ സംഘടനക്ക് അംഗീകാരത്തിനായി അയച്ചുകൊടുത്തു. ചലഞ്ച് അംഗീകരിച്ച് അവരുടെ ഇ-മെയിൽ ലഭിച്ചപ്പോൾ എവറസ്റ്റ് കീഴടക്കിയ സന്തോഷമാണ് ഷഹബാസിനിപ്പോൾ.
കളി കാര്യമായപ്പോൾ
2018ൽ വ്യായാമത്തിനാണ് ഈ 31കാരൻ സൈക്ലിങ് തുടങ്ങിയത്. പിന്നീടത് കാര്യമായെടുത്ത് സൈക്കിളോട്ട മത്സരങ്ങളിലേക്ക് നീണ്ടു. പറവൂർ ബൈക്കേഴ്‌സ് ക്ലബ് അംഗമായതോടെ കേരളത്തിലെ ഒട്ടുമിക്ക മത്സരങ്ങളിലും പങ്കെടുത്തുതുടങ്ങി. കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലായി ഇതിനകം 37,000 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ചു. 2019, 2020, 2021 വർഷങ്ങളിൽ ബി.ആർ.എം പൂർത്തീകരിച്ചു (നിശ്ചിത ദൂരം നിശ്ചയിക്കപ്പെട്ട സമയത്ത് പൂർത്തീകരിക്കുന്നതാണ് ബി.ആർ.എം). 2021ൽ ബംഗളൂരുവിൽ നടന്ന സൈക്കിളോട്ടത്തിൽ 1200 കിലോമീറ്റർ എൽ.ആർ.എം പൂർത്തീകരിച്ചു.
വലിയ സ്വപ്‌നങ്ങൾ
ഈ വർഷം നടക്കാനിരിക്കുന്ന ഡൽഹി-ഹിമാചൽ പ്രദേശ് 1200 കിലോമീറ്റർ ചലഞ്ചിലും (ക്ലൈംബ് കാ ബാപ്) ലണ്ടൻ-എഡിൻബറോ-ലണ്ടൻ 1200 കിലോമീറ്റർ ചലഞ്ചിലും പങ്കെടുക്കാനുള്ള കഠിന പരിശീലനത്തിലാണിപ്പോൾ. ഐസർ പൈപ്സ് നിർമാതാക്കളായ ആലുവ എരുമത്തല വജ്ര പ്ലാസ്റ്റിക്സിൽ എച്ച്.ഒ.ഡിയായി ജോലി ചെയ്യുകയാണ് എം.ബി.എ ബിരുദധാരിയായ ഷഹബാസ്. സ്ഥാപനത്തിന്റെ പിന്തുണ തന്റെ നേട്ടങ്ങൾക്ക് ചാലകശക്തിയാണെന്ന് ഷഹബാസ് പറയുന്നു. ഭാര്യയും രണ്ടു കുട്ടികളും മാതാപിതാക്കളും സഹോദരിയുമടങ്ങുന്ന കുടുംബവും കട്ട സപ്പോർട്ടുമായി കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.