വീണ്ടും ശൈഖ് ഹംദാന്റെ സാഹസികത; ഇത്തവണ കീഴടക്കിയത് യോസമതെ
text_fieldsദുബൈ: സാഹസികതയാൽ വീണ്ടും അത്ഭുതപ്പെടുത്തി ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. അമേരിക്കയിലെ കാലിഫോർണിയയിലെ കാടും മലയും വന്യമൃഗങ്ങളും നിറഞ്ഞ പ്രസിദ്ധമായ യോസമതെ ദേശീയ പാർക്കിൽ 35 കി.മീറ്റർ ഹൈക്കിങ് പൂർത്തിയാക്കിയാണ് ഇത്തവണ മാധ്യമ ശ്രദ്ധ നേടിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് അദ്ദേഹം യാത്ര സംബന്ധിച്ച് വെളിപ്പെടുത്തിയത്.
ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽനിന്ന് പരിശീലനം സിദ്ധിച്ച മലകയറ്റക്കാർ മാത്രമാണ് യോസമതെയിൽ സാഹസികതക്ക് മുതിരാറുള്ളത്. കുത്തനെയുള്ള കയറ്റങ്ങളും പുഴയും വെള്ളച്ചാട്ടവും കൂറ്റൻ മരങ്ങളും നിറഞ്ഞതാണ് ഈ പാത. സാധാരണ 10 മുതൽ 12 മണിക്കൂർ വരെ സമയമെടുത്താണ് മിക്കവരും ഹൈക്കിങ് പൂർത്തിയാക്കാറുള്ളത്. എന്നാൽ, ശൈഖ് ഹംദാനും സംഘവും ഒമ്പതു മണിക്കൂറിൽ ലക്ഷ്യംകണ്ടു. 2962 മീറ്ററും 1417 മീറ്ററും ഉയരമുള്ള കൊടുമുടികളും യാത്രയിൽ കീഴടക്കുന്നുണ്ട്.
ഹാഫ് ഡോം എന്നറിയപ്പെടുന്ന നിരവധി വെല്ലുവിളികൾ നിറഞ്ഞ സ്ഥലത്തും സംഘം എത്തിച്ചേർന്നു. പാർക്കിലെ വിവിധ കാഴ്ചകളും വിഡിയോയിൽ പകർത്തിയിട്ടുണ്ട്. യാത്രക്കിടയിൽ കണ്ട കരടിയും വെള്ളച്ചാട്ടവുമെല്ലാം ഇതിൽ കാണാം. ചില ഭാഗങ്ങളിൽ കയറുകെട്ടിയാണ് കുത്തനെയുള്ള മല കയറുന്നത്. സാഹസിക യാത്ര കഴിഞ്ഞ് കാലുകൾ കുഴഞ്ഞ സഹയാത്രികർ ഐസ് വെച്ച് തണുപ്പിക്കുന്നതും വിഡിയോയിലുണ്ട്. ശൈഖ് ഹംദാന്റെ സന്തത സഹചാരിയായ അമ്മാവൻ സഈദും യാത്രയിൽ കൂടെയുണ്ട്.
സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളും വിഡിയോയും അതിവേഗമാണ് വൈറലായത്. നിരവധിപേർ അദ്ദേഹത്തിന്റെ സാഹസികതയെ അനുമോദിച്ച് രംഗത്തെത്തി. നേരത്തെ ബുർജ് ഖലീഫയുടെ ഏറ്റവും മുകളിൽ കയറിയും മറ്റും സാഹസിക പ്രകടനങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. ഒരു നൂറ്റാണ്ടിലേറെ കാലമായി ദേശീയ പാർക്ക് പദവിയുള്ള കാലിഫോർണിയയിലെ വിനോദസഞ്ചാര കേന്ദ്രമാണ് യോസമതെ. ഓരോ വർഷവും ശരാശരി 50,000 പേർ ഇവിടെ ഹൈക്കിങ്ങിന് എത്താറുണ്ട്. ഹാഫ് ഡോമിൽ കയറാനുള്ള ശ്രമത്തിനിടെ 40 പേരും ഉയരത്തിൽ നിന്ന് 20 പേരും ഇതിനകം മരണമടഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.