ഷെയാൻ ചെസ്ബോർഡിലെ ലിറ്റിൽ കിങ്
text_fieldsദുബൈ: പുതു തലമുറ സമൂഹ മാധ്യമങ്ങളിൽ സമയം കൊല്ലുമ്പോൾ ചതുരംഗ കളത്തിൽ ആഗോള വിസ്മയമായി മാറുകയാണ് ഈ രണ്ടാം ക്ലാസുകാരൻ. ഏഴു വയസ്സുകാരനായ മുഹമ്മദ് ഷയാനാണ്ലോക ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടി ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയ അത്ഭുത ബാലൻ. എട്ടു വയസ്സിന് തഴേയുള്ളവർക്കായി ജോർജിയയിൽ നടന്ന വേൾഡ് കേഡറ്റ് ആൻഡ് യൂത്ത് റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ മുഹമ്മദ് ഷയാൻ ആയിരുന്നു സ്വർണമെഡൽ. ജോർജിയൻ ചെസ് ഫെഡറേഷൻ ജൂലൈ ആറു മുതൽ എട്ടു വരെ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ 20 രാജ്യങ്ങളിലെ 62 വിദ്യാർഥികളാണ് മാറ്റുരച്ചത്.
ഇസ്രായേൽ, വിയറ്റ്നാം, സ്കോട്ടലന്റ്, ഉസ്ബകിസ്താൻ, തുർക്മെനിസ്താൻ, കസാകിസ്താൻ എന്നീ രാജ്യങ്ങളിലെ താരങ്ങൾ ഉയർത്തിയ വെല്ലുവിളികളെ അനായാസം മറികടന്നാണ് ഷെയാൻ ഇന്ത്യൻ പതാക ഉയർത്തിയത്. ഇന്ത്യൻ ചെസ് ഗ്രാന്റ് മാസ്റ്റർ നിഹാൽ സരിന് ശേഷം കേരളത്തിന്റെ പുതിയ പ്രതീക്ഷയാവുകയാണ് ഈ ഏഴു വയസ്സുകാരൻ.
ദുബൈയിൽ കുടുംബ സമേതം താമസിക്കുന്ന പാലക്കാട് വെണ്ണക്കര പാളയം ജങ്ഷൻ സ്വദേശിയായ നൗഷാദ് ഇബ്രാഹിമിന്റെയും സജ്ന നൗഷാദിന്റെയും രണ്ട് മക്കളിൽ ഇളവനാണ് ഷെയാൻ. മൂന്നു വയസ്സുള്ളപ്പോൾ തുടങ്ങിയതാണ് ഷെയാന് ചെസ് ബോർഡിനോടുള്ള ഇഷ്ടം. മാതാപിതാക്കൾ ചെസ് കളിക്കുന്നത് കണ്ടാണ് മൂന്ന് വയസ്സുകാരനായ ഷെയാനും സഹോദരൻ സൈഫാനും ചെസ് കളത്തിലേക്ക് ആകർഷിക്കപ്പെടുന്നത്. ചെസ് ബോർഡിനോടുള്ള മകന്റെ താൽപര്യം തിരിച്ചറിഞ്ഞ മാതാ പിതാക്കൾ കൃത്യമായ പരിശീലനവും ലഭ്യമാക്കിയിരുന്നു.
ധ്രുതഗതിയിൽ തീരുമാനമെടുക്കാനുള്ള ശേഷിയും ചടുലമായ നീക്കങ്ങളുമാണ് ഷയാന്റെ കരുത്ത്. ദുബൈ ഇന്ത്യൻ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ഷെയാന് ഭാവിയിൽ ലോക ചാമ്പ്യൻ നോർവേയുടെ മാഗ്നസ് കാൾസനെ പോലെ ആവണമെന്നാണ് ആഗ്രഹം. മകന്റെ ആഗ്രഹങ്ങൾക്ക് കട്ട സപ്പോട്ടുമായി മാതാപിതാക്കളും ഷെയാന്റെ ഒപ്പമുണ്ട്.2022 സെപ്റ്റംബറിലാണ് ഷെയാൻ ആദ്യമായി ചെസ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഇതുവരെ 47 ടൂർണമെന്റുകളിൽ ഷയാൻ മത്സരിച്ചു കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.