ഷിജാസ് ഇനി പന്തുതട്ടും, ബംഗാളിന്റെ കുപ്പായമണിഞ്ഞ്
text_fieldsആനക്കര: കേരള ബ്ലാസ്റ്റേഴ്സ് മുൻ റിസർവ് ടീം താരം ഷിജാസ് ഇനി ഈസ്റ്റ് ബംഗാൾ കുപ്പായമണിഞ്ഞ് കാല്പന്ത് തട്ടും. കുമരനെല്ലൂർ തൊഴുമ്പുറത്ത് പള്ളിയാലിൽ ഫൈസൽ ബാബു -നൗഷിജ ദമ്പതികളുടെ മകനായ ഷിജാസ് തൃശൂർ വ്യാസ കോളജിലെ മൂന്നാം വർഷ ഡിഗ്രി വിദ്യാർഥിയാണ്. കഴിഞ്ഞ രണ്ട് വർഷമായി കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കേരള പ്രീമിയർ ലീഗ്, ഡെവലപ്മെന്റ് ലീഗ് തുടങ്ങിയ നിരവധി ടൂർണമെന്റുകളിൽ ഷിജാസ് കളിച്ചിട്ടുണ്ട്. 2018ല് ഗോവയിൽ നടന്ന അണ്ടർ 15 ഇന്ത്യൻ ക്യാമ്പിലും 2021ൽ ഒഡിഷയിൽ നടന്ന അണ്ടർ 17 ഇന്ത്യൻ ക്യാമ്പിലും അംഗമായിരുന്നു. തൃശൂരിൽ നടന്ന സംസ്ഥാന ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ തൃശൂർ ജില്ലക്ക് വേണ്ടി നടത്തിയ പ്രകടനത്തിന് ബെസ്റ്റ് പ്ലെയർ അവാർഡിന് അർഹനായിരുന്നു.
കൂടാതെ തൃശൂർ, പാലക്കാട് ജില്ലകൾക്ക് വേണ്ടി സംസ്ഥാന സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കളിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ കേരള സന്തോഷ് ട്രോഫി ക്യാമ്പിൽ അവസാന നിമിഷം വരെ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും പരിക്ക് കാരണം പിന്മാറുകയായിരുന്നു. തൃശൂരിലെ മികച്ച ഫുട്ബാൾ സ്കൂളുകളിൽ ഒന്നായ റെഡ് സ്റ്റാർ ഫുട്ബാൾ അക്കാദമിയുടെ താരമാണ്. മൂന്ന് വർഷത്തെ കരാറിലാണ് ഷിജാസ് ഈസ്റ്റ് ബംഗാളുമായി ഒപ്പുവെച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.