വിവാഹ ദിവസം ചെണ്ടമേളം നടത്തി വൈറലായ ശിൽപ
text_fieldsവിവാഹ ദിവസം ആഭരണങ്ങൾക്കും മീതെ ഭാരിച്ച ചെണ്ടയുമായാണ് ശിൽപ ശ്രീകുമാർ മണ്ഡപത്തിലെത്തിയത്. ജീവിതത്തിലെ സുപ്രധാന മുഹൂർത്തത്തിൽ കാണികളും ക്യാമറക്കണ്ണുകളും ഒന്നടങ്കം ഒപ്പിയെടുത്തത് ശിൽപയുടെ ആഭരണങ്ങളെയായിരുന്നില്ല, വിസ്മയിപ്പിക്കുന്ന ചെണ്ടമേളത്തെയായിരുന്നു. വിവാഹ സുദിനത്തിൽ ചെണ്ടമേളം നടത്തി സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ശിൽപ യു.എ.ഇയിലെ പ്രവാസിയാണ്. വർഷങ്ങൾക്ക് മുൻപേ സ്വായത്തമാക്കിയ കലയാണ് ശിൽപ വിവാഹ വേദിയിലും അവതരിപ്പിച്ചത്.
പതിറ്റാണ്ടിലേറെയായി യു.എ.ഇയിലുള്ള ശിൽപ 12 വർഷം മുൻപ് ജി.സി.സിയിലെ ആദ്യത്തെ വനിത ശിങ്കാരി മേള സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന പദവി നേടിയിരുന്നു. എന്നാൽ, പലതരം സങ്കീർണതകൾ കാരണം പിന്നീട് വനിതാ ശിങ്കാരിമേള സംഘടന വിഭജിച്ചു പോവുകയായിരുന്നു. വേരു പടർന്നുപിടിക്കും വിധം ഈ താല്പര്യവും കഴിവും ശിൽപയുടെ അനുജൻ പ്രണവിലേക്കും ലയിച്ചുചേർന്നിരുന്നു.
അവിടുന്ന് പ്രണവും ചേച്ചിയും ചെമ്പട, പഞ്ചാരിയിൽ ഔദ്യോഗിക പരിശീലനത്തിന് മുൻതൂക്കം നൽകിവന്നു. സാധാരണഗതിയിൽ അമ്പലം, പൂരം തുടങ്ങിയവയിൽ മാത്രം അരങ്ങേറുന്ന ഇത്തരം കലാരൂപങ്ങൾക്ക് അസാധാരണ കൈവഴക്കം ആവശ്യമാണ്. വർഷങ്ങൾ എടുത്തുള്ള പരിശീലന മുറകൾ, ദൈർഘ്യമുള്ള സാധകം തുടങ്ങിയവ ചെമ്പടക്കുവേണ്ട അവശ്യ ഘടകങ്ങളാണ്.
നിലവിൽ ചെമ്പട, പഞ്ചാരി, ശിങ്കാരി തുടങ്ങിയ പുരാതന കലാവിഷ്കാരങ്ങളിൽ ഇമാറാത്തിൽ സജീവമായി ചുവടുറപ്പിച്ച അപൂർവം പെൺ നാമങ്ങളിൽ ഒന്നാണ് ശിൽപ ശ്രീകുമാർ. യു.എ.ഇയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനൊപ്പം പരമ്പരാഗത നൃത്തരൂപങ്ങളായ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയിലും ശിൽപ പ്രാഗൽഭ്യം നേടിയിരുന്നു. നൃത്തവും സംഗീതവും അഭിനയവും ശിൽപയുടെ മികവിന്‍റെ വിഭിന്ന പര്യായങ്ങളാണ്. ജീൻ മാർക്കോസ് സംവിധാനം ചെയ്ത ‘കുട്ടൻപിള്ളയുടെ ശിവരാത്രി’യിൽ ഭേദപ്പെട്ട കഥാപാത്രം കാഴ്ചവെക്കാൻ ശിൽപയ്ക്ക് കഴിഞ്ഞു. സിനിമയിൽ ചെണ്ടമേളത്തിന്‍റെ രംഗം ശിൽപയിലൂടെ ചിത്രീകരിക്കുകയെന്നത് സംവിധായകന് വളരെ എളുപ്പമായിരുന്നു.
12 വർഷത്തിനിടയ്ക്ക് നാട്ടിലും വിദേശത്തുമായി എണ്ണമറ്റ വേദികളിൽ ശിൽപ അരങ്ങുതീർത്തു. കഴിഞ്ഞ സെപ്റ്റംബർ, ഡിസംബർ മാസങ്ങൾക്കിടെ ഏഴ് എമിറേറ്റുകളിലെ എഴുപതിൽപരം വേദികളിൽ ശില്പ ‘കൊട്ടി’ഘോഷിച്ചു. കളിച്ചെണ്ടയിൽ തുടങ്ങിയ കൗതുകമാണ് പിന്നീട് ഏറെ കാര്യമായി വളർന്നത്. വാനോളം വളർന്ന് മാനം മുട്ടെ വാഴ്ത്തുപാട്ടുകൾ കേൾക്കണമെന്ന് ഈ പഴയ കലാതിലകം ആഗ്രഹിച്ചിരുന്നില്ല. മറിച്ച് ആഗ്രഹങ്ങൾ ‘കൊട്ടി’പ്പാടുമ്പോൾ പഴമയെ നെഞ്ചിലേറ്റുന്നവർ തന്നെ സ്വീകരിക്കുകയായിരുന്നവെന്ന് വിശ്വസിക്കുകയാണ് ശിൽപ.
അംഗീകാരങ്ങളും അഭിലാഷങ്ങളും മങ്ങലേൽക്കാതെ കാക്കാൻ സർവ്വ പിന്തുണയുമായി നല്ലപാതി ദേവ് ശിൽപക്കൊപ്പമുണ്ട്. ഇരുവരും ചേർന്നുള്ള നൃത്ത ചുവടുകളും വീഡിയോ ക്രിയേഷനുകളും ധാരാളം പ്രേക്ഷക ഇഷ്ടങ്ങൾ വാരിക്കൂട്ടാറുണ്ട്. അച്ഛൻ ശ്രീകുമാർ പാലിന്‍റെയും അമ്മ രശ്മി ശ്രീകുമാറിന്‍റെയും അകമഴിഞ്ഞ പിന്തുണയുമുണ്ട്. ദുബൈയിലെ ഇ.എഫ്.എസ് എന്ന സ്വകാര്യ കമ്പനിയിൽ പ്രവർത്തിച്ചു വരികയാണ് ശിൽപ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.