നേഹയുടെ എ പ്ലസിൽ നാട് തിളങ്ങി
text_fieldsചെറുവത്തൂർ: എല്ല് നുറുങ്ങുന്ന അസുഖത്തെതുടർന്ന് ജീവിതം കിടക്കപ്പായയിലായ കൊവ്വലിലെ നേഹ എന്ന മിടുക്കി എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി നാടിെന്റ അഭിമാനമായി. കുട്ടമത്ത് ഗവ.ഹയർ സെക്കൻഡറിയിൽനിന്നാണ് നേഹ ഈ മികച്ച വിജയം കൊയ്തത്. രണ്ടാംക്ലാസ് വരെ നടന്നാണ് നേഹ സ്കൂളിൽ പോയത്. നാലാം ക്ലാസിൽ എത്തുമ്പോഴേക്കും എല്ല് നുറുങ്ങുന്ന അസുഖം മൂലം യാത്ര രക്ഷിതാക്കളുടെ സഹായത്തോടെയായി. പിന്നീട് സ്കൂളിൽ പോകാൻ സാധിച്ചില്ല.
കിടപ്പിലായ നേഹക്ക് ചെറുവത്തൂർ ബി.ആർ.സിയിലെ ലേഖ ടീച്ചറുടെ വീട്ടിലെത്തിയുള്ള ട്യൂഷനാണ് ഈ മികച്ച വിജയം സ്വന്തമാക്കാൻ പ്രേരിപ്പിച്ചത്. കൊവ്വൽ എ.യു.പി.എസിലെ ഉഷ ടീച്ചറുടെയും മറ്റ് അധ്യാപകരുടെയും പിന്തുണയും സ്നേഹവും പ്രൈമറി കാലത്ത് നേഹയെ ഏറെ തുണച്ചിട്ടുണ്ട്. കാഴ്ചക്കുറവ് വല്ലാതെ അലട്ടിയ നേഹക്ക് ബി.ആർ.സി.യിലെ പ്രസീത ടീച്ചർ ബ്രെയിൽ ലിപി പരിശീലിപ്പിച്ചു. അന്ന് എ.ഇ.ഒ ആയിരുന്ന ടോംസൺ മാഷിെന്റ പിന്തുണയോടെ സ്ക്രൈബിനെവെച്ച് നേഹ യു.എസ്.എസ് പരീക്ഷയെഴുതി സ്കോളർഷിപ്പ് നേടിയപ്പോൾ കേരളത്തിൽ ഇത് ചരിത്ര നേട്ടമായി മാറി.
നേഹയുടെ കവിതകൾ അമ്മ ദീപ ടീച്ചർ ഡയറിയിൽ കുറിച്ചിട്ടു. ഇവ ഉൾപ്പെടുത്തി ചെറുവത്തൂർ ബി.ആർ.സി രണ്ട് കവിത പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. സ്നേഹാമൃതവും പുഴകൾ പറയുന്നതും. മൂന്നാമത് പുസ്തകം പ്രസിദ്ധീകരിക്കാൻ തയാറെടുക്കുകയാണ് ഈ മിടുക്കി. എസ്.എസ്.എൽ.സി എന്ന കടമ്പ നേഹയെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയായിരുന്നു.
നിമിത ടീച്ചർ ബ്രെയ്ൽ ലിപിയിലുള്ള പുസ്തകങ്ങൾ എത്തിച്ചുനൽകിയപ്പോൾ പാഠങ്ങൾ അവൾക്ക് മുമ്പിൽ തോറ്റുപോയി. പരീക്ഷ സമയത്ത് സപ്ത എന്ന ഒമ്പതാം ക്ലാസുകാരിയായ സ്ക്രൈബിനോട് താൻ പറയുന്നത് മാത്രമേ എഴുതാവൂ എന്ന് പലതവണ പറഞ്ഞു കൊണ്ടേയിരുന്ന നേഹ ഇടക്കിടെ അത് ഉറപ്പാക്കാനും മറന്നില്ല. നേഹയുടെ വാക്കുകൾക്ക് അക്ഷരാർഥത്തിൽ പിന്തുണ നൽകി സപ്ത. എഴുതിക്കഴിഞ്ഞ് പേപ്പറുകൾ തുന്നിക്കെട്ടിയതിനുശേഷം അവ കൈയിൽ വാങ്ങി ചേർത്തുപിടിച്ച് വിലയിരുത്തി എക്സാമിനർക്ക് കൈമാറി പൂർണതൃപ്തിയോടെ കട്ടിലിൽ കിടക്കുന്ന നേഹ അന്നേ ഉറപ്പിച്ചിരുന്നു എ പ്ലസ് വിജയം.
എസ്.എസ്.എൽ.സി പരീക്ഷ എഴുതുമ്പോൾ പലപ്പോഴും ശസ്ത്രക്രിയ കഴിഞ്ഞ താടിയിൽകൂടി രക്തം പരക്കുമ്പോഴും നേഹക്ക് ധൈര്യം പകരാൻ കിടക്കയൊരുക്കി കുട്ടമത്ത് ഹൈസ്കൂൾ ഒപ്പം നിന്നു. പരീക്ഷക്കിടക്ക് രണ്ട് മൂന്ന് പ്രാവശ്യം അപസ്മാരം പോലെ പ്രശ്നമുണ്ടായപ്പോഴും ഒട്ടും കുലുങ്ങിയില്ല നേഹയും സപ്തയും. അച്ഛൻ പ്രകാശനും അമ്മ ദീപയുമാണ് നേഹയുടെ ശക്തി. വേദനകളും രോഗങ്ങളും കൂട്ടുകൂടുമ്പോൾ അവൾക്ക് തണലുമായി ഉറക്കൊഴിച്ച് അവർ കൂടെ നിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.