ഫീനിക്സ് പോലൊരു പെൺഗാഥ
text_fieldsപെരുമ കൊണ്ട് ചരിത്രം അടയാളപ്പെടുത്തുന്നവർക്ക് മാത്രമല്ല, ജീവിത പ്രതിസന്ധികളോട് പോരാടി വിജയശ്രീലാളിതരായവർക്കും ഉള്ളുലക്കുന്ന പിന്നാമ്പുറക്കഥകൾ ഏറെയുണ്ട്. അത്തരത്തിലൊന്നാണ് കോഴിക്കോട്ടുകാരി സിമി മിഥുൻ പങ്കുവെക്കുന്നത്. പേരിനു പിറകിൽ കണ്ടന്റ് ക്രിയേറ്ററെന്നും സംരംഭകയെന്നും മുദ്രകുത്തപ്പെടാൻ സിമി താണ്ടിക്കടന്നത് ത്യാഗപൂർണമായ ജീവിത സമരങ്ങളാണ്. വിവാഹാനന്തരം ആദ്യമായി യു.എ.ഇയിലെത്തി ഒത്തിരി അലഞ്ഞ ശേഷം ഭേദപ്പെട്ട ഒരു കമ്പനിയിൽ സിമി ജോലിയിൽ പ്രവേശിച്ചു. പക്ഷേ വിധി ജോലിയിൽ തുടരുന്നതിന് തടസമായിരുന്നു.
ഗർഭിണിയായതിനാൽ മാസങ്ങൾക്ക് ശേഷം ജോലി ഉപേക്ഷിക്കേണ്ടിവന്നു. എന്നാൽ ആ ഗർഭധാരണം പാതിവെച്ചു നിലച്ചു. പിന്നീട് ഗർഭധാരണവും അലസലും സിമിയുടെ ജീവിതത്തിൽ തുടർക്കഥകളായി. ശാരീരികവും മാനസികവുമായ വെല്ലുവിളികൾ ഓരോഘട്ടത്തിലും തളർത്തി. ഇഞ്ചക്ഷനുകളും മരുന്നുകളും നിരന്തരം സ്വീകരിച്ചു തുടങ്ങിയതോടെ ശരീരം ശോഷിച്ചു. ചോദ്യങ്ങളും ഉറ്റുനോട്ടങ്ങളും മനസ്സും കവർന്നെടുത്തു. യു.എ.ഇയിൽ ആയിരുന്നപ്പോൾ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായ ഏതാനുംപേർ മാത്രമായിരുന്നു കരുത്ത്. തളർന്നുപോയ നിമിഷങ്ങളിൽ താങ്ങു പകർന്നവർ അവർ മാത്രമായിരുന്നു.
ഫിനാൻഷ്യൽ-മെന്റൽ സ്വാതന്ത്ര്യത്തെ അഗാധമായി ആഗ്രഹിച്ച് തന്നെ ബാധിച്ച എല്ലാ വിഷാദാവസ്ഥകളെയും വകഞ്ഞു മാറ്റാൻ തന്നെ തീരുമാനിച്ചു. കുത്തുവാക്കുകൾ ജ്വലിക്കാനുള്ള ഇന്ധനമാക്കി മാറ്റി. അങ്ങനെയിരിക്കെ 2017-2018ൽ സിമി മിഥുൻ എന്ന പേരിൽ യൂട്യൂബ് ചാനൽ ആരംഭിച്ചു. ലൈഫ് സ്റ്റൈലും ബ്യൂട്ടി ടിപ്സുമായിരുന്നു(ഫാഷൻ) പ്രധാനമായും ഉള്ളടക്കം. അധികം വൈകാതെ ഭേദപ്പെട്ട കാഴ്ചക്കാരെയും ഫോളോവേഴ്സിനെയും ലഭിച്ചുതുടങ്ങി. അതോടെ വരുമാനവും കിട്ടിത്തുടങ്ങി.
ഇടക്കാലത്ത് സിമി വീണ്ടും ഗർഭിണി ആവുകയും ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. പിന്നീട് നാട്ടിലായിരുന്നപ്പോൾ പ്രഫഷണൽ കാര്യങ്ങളിൽ കൂടുതൽ ഊന്നൽ നൽകി. അതുവരെ ഉണങ്ങാതിരുന്ന അനുഭവങ്ങളും മുറിവുകളും സിമിയിൽ നിന്നും കാലം മായ്ച്ചെടുക്കാൻ തുടങ്ങി. സ്വയം പര്യാപ്തതയും സാമൂഹിക ചുറ്റുപാടുകളിലെ വളർച്ചയും സമാധാനപൂരിതമായ അന്തരീക്ഷം സൃഷ്ടിച്ചു. പതിയെ പതിയെ വിജയങ്ങൾ ഓരോന്നായി എത്തിപ്പിടിക്കാൻ സിമി പഠിച്ചു തുടങ്ങി.
മികച്ച ബ്രാൻഡ് കൊളാബറേഷന് പുറമെ ഇന്ന് സ്വന്തമായി ഒരു ബിസിനസ് പദ്ധതി കൂടി ആവിഷ്കരിച്ച് മികച്ച കരിയർ പടുത്തയർത്തിയിരിക്കുകയാണ് ഇവർ. തന്നെ നയിച്ച വിഷാദാവസ്ഥയോട് സിമി പറഞ്ഞവസാനിപ്പിച്ച നന്ദി വാക്കായിരുന്നു അക്ഷരാർത്ഥത്തിൽ ജീവിതം. ജീവിതപങ്കാളിയും തന്റെ മാതാപിതാക്കളും ആത്മമിത്രങ്ങളും താങ്ങും തണലും പകർന്ന് കഠിനപ്രയത്നം കൈമുതലാക്കി കരുത്ത് തെളിയിച്ച യുവതിയുടെ കാതലായ കഥയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.