ചിന്മയിയുടെ കൃഷിപാഠത്തിന് സംസ്ഥാന അംഗീകാരം
text_fieldsകുണ്ടറ: കാർഷിക പാരമ്പര്യത്തിന്റെ ഇളം മുറക്കാരിയായ ഒമ്പതാം ക്ലാസുകാരി ചിന്മയിക്ക് സംസ്ഥാന കർഷക വിദ്യാർഥി പുരസ്കാരം ലഭിച്ചത് കുടുംബത്തിന്റെ കൃഷി പാരമ്പര്യത്തിന്റെയും അംഗീകാരം. കൊല്ലം കുണ്ടറ കാഞ്ഞിരകോട് ശങ്കരമംഗലം കുതിരപ്പന്തിയിൽ വീട്ടിൽ പ്രദീപിന്റെയും പ്രിയയുടെയും മകളാണ് ഈ കുട്ടി കർഷക. കാർഷിക കുടുംബത്തിൽ ജനിച്ച പ്രദീപ് കുറച്ചു നാളെത്തെ പ്രവാസജീവിതത്തിനു ശേഷം നാട്ടിലെത്തി കാളയും കലപ്പയും ഉപയോഗിച്ച് നിലമുഴുതാണ് കൃഷി ആരംഭിച്ചത്. ചിന്മയിയും അനുജത്തി വരദയും കുട്ടിക്കാലം മുതൽ കൃഷിയുമായി കുട്ടുകൂടിയവരാണ്.
ഒരു വർഷം മുമ്പാണ് പ്രദീപിന് ചില ശാരീരിക അവശതകൾ ഉണ്ടാകുന്നത്. ഈ കാലത്ത് കൃഷി ചെയ്തിരുന്ന വിളകൾ പാകമായി വരുന്നതേ ഉണ്ടായിരുന്നുളളു. ഈ പ്രതിസന്ധി ഘട്ടത്തിലാണ് ഓരോന്ന് അച്ഛനോട് ചോദിച്ചും പറഞ്ഞും ഒന്നര ഏക്കറിലെ കൃഷി ഏറ്റെടുത്തത്. ഇതോടെ ചിന്മയിയുടെ ജീവന്റെ ഭാഗമായി കൃഷി. 2000 മൂട് വെണ്ട ഉൾപ്പെടെ മിക്ക പച്ചക്കറികളും നട്ട് വിളവെടുക്കുന്നത് ചിന്മയിയുടെ മേൽനോട്ടത്തിലാണ്.
2022 ൽ കുണ്ടറ പഞ്ചായത്തിലെ മികച്ച കുട്ടി കർഷകയായി തെരഞ്ഞെടുത്തിരുന്നു. സ്കൂൾ ശാസ്ത്ര-ഗണിതശാസ്ത്ര മേളയിലും കൃഷിയുമായി ബന്ധപ്പെട്ട പ്രോജക്ടിന് സമ്മാനം ലഭിച്ചിരുന്നു. സംസ്ഥാന പുരസ്കാരം അച്ഛൻ പ്രദീപിനും ഒപ്പം നിന്ന മറ്റുള്ളവർക്ക് സമർപ്പിക്കുകയാണെന്ന് ചിന്മയി പറഞ്ഞു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഗീത, അസി. കൃഷി ഡയറക്ടർ ബി.ടി. രാജി, കൃഷി ഓഫീസർ ബിനീഷ, ക്ലാസ് ടീച്ചർ ജി. ഗിറ്റീഷ്, അമ്മ പ്രിയ, അനുജത്തി വരദ എന്നിവരുടെ സഹായം കൊണ്ടാണ് പുരസ്കാരം നേടാനായത്. പുരസ്കാരം ഇവർക്കും കൂട്ടുകാർക്കും സമർപ്പിക്കുന്നതായും ചിന്മയി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.