അവസാന പരിശീലനവും പൂർത്തിയാക്കി സുൽത്താൻ അൽ നിയാദി
text_fieldsദുബൈ: അറബ് ലോകത്തെ ആദ്യ ദീർഘകാല ബഹിരാകാശ ദൗത്യത്തിന് തയാറെടുക്കുന്ന യു.എ.ഇയുടെ സുൽത്താൻ അൽ നിയാദി അവസാനഘട്ട പരിശീലനവും പൂർത്തിയാക്കി. യു.എ.ഇയുടെ രണ്ടാമത്തെ ബഹിരാകാശ ദൗത്യം കൂടിയായ സഞ്ചാരത്തിന് ഈമാസം 26നാണ് തുടക്കമാകുന്നത്.
ന്യൂട്രൽ ബോയൻസി ലബോറട്ടറിയിൽ തന്റെ അവസാന പ്രീ മിഷൻ പരിശീലനം പൂർത്തിയാക്കിയെന്ന് അൽ നിയാദിതന്നെയാണ് സമൂഹമാധ്യമങ്ങൾ വഴി അറിയിച്ചത്. ലബോറട്ടറിയുടെ ചുവരുകൾ യു.എ.ഇ പതാകയാൽ അലങ്കരിച്ചിരിക്കുന്ന ചിത്രങ്ങളും ഒപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഥാപനത്തിലെ എല്ലാ ജീവനക്കാർക്കും അഡ്മിനിസ്ട്രേറ്റർമാർക്കും എൻജിനീയർമാർക്കും നന്ദിയറിയിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.
ബഹിരാകാശ സഞ്ചാരികൾക്ക് അവരുടെ ദൗത്യങ്ങൾക്ക് ആവശ്യമായ പരിശീലനം നൽകുന്ന ടെക്സസ് ആസ്ഥാനമായ സ്ഥാപനമാണ് ന്യൂട്രൽ ബൂയൻസി ലബോറട്ടറി. ബഹിരാകാശത്തെ മൈക്രോ ഗ്രാവിറ്റി പരിതസ്ഥിതിയിൽ ജീവിക്കാൻ പരിശീലിക്കുന്നതിനായി ആഴമുള്ള കൂറ്റൻ പൂൾ ഇവിടെയുണ്ട്. 26ന് യു.എ.ഇ സമയം രാവിലെ 11.07ന് അമേരിക്കയിലെ ഫ്ലോറിഡ കെന്നഡി സ്പേസ് സെന്ററിൽനിന്നാണ് സുൽത്താൻ അൽ നിയാദി അടക്കം നാലു ബഹിരാകാശ യാത്രികരെ വഹിച്ചുള്ള റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിക്കുക.
നാസയുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവൻ, പൈലറ്റ് വാറൻ ഹോബർഗ്, റഷ്യൻ കോസ്മോനോട്ട് ആൻഡ്രേ ഫെഡ് യാവേവ് എന്നിവരാണ് സുൽത്താന് ഒപ്പമുണ്ടാവുക. എൻഡീവർ എന്ന സ്പേസ് എക്സ് ഡ്രാഗൺ ബഹിരാകാശ പേടകവുമായി ഫാൽക്കൺ നയൺ റോക്കറ്റാണ് ഭൂമിയിൽനിന്ന് പറന്നുയരുക.
യു.എ.ഇയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന് തെരഞ്ഞെടുക്കപ്പെട്ട രണ്ടു യാത്രികരിൽ ഒരാളാണ് സുൽത്താൻ അൽ നിയാദി. എന്നാൽ, ഒപ്പമുണ്ടായിരുന്ന ഹസ്സ അൽ മൻസൂരിക്കാണ് 2019 ൽ ആദ്യമായി അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിൽ എത്താൻ അവസരം ലഭിച്ചത്. അഞ്ചുവർഷത്തിലേറെ നീണ്ട പരിശീലനം പൂർത്തിയാക്കിയാണ് സുൽത്താൻ സ്പേസ് സ്റ്റേഷനിൽ ആറുമാസത്തോളം നീളുന്ന മിഷന് പുറപ്പെടുന്നത്. അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെ ആറുമാസത്തെ ദൗത്യത്തിൽ 250 ഗവേഷണ പരീക്ഷണങ്ങൾ സംഘം നടത്തും.
ഇവയിൽ 20 പരീക്ഷണങ്ങൾ അൽ നിയാദി തന്നെയാണ് നിർവഹിക്കുക. ദൗത്യം പ്രധാനമായും നാസയെ മനുഷ്യനെ വഹിച്ചുള്ള ചാന്ദ്ര യാത്രകൾക്കായി തയാറെടുക്കാൻ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.