സൂർ ഇന്ത്യൻ സ്കൂൾ പൂർവ വിദ്യാർഥിനിക്ക് 50 ലക്ഷം രൂപയുടെ ബ്രിട്ടീഷ് സ്കോളർഷിപ്
text_fieldsസൂർ: ഒമാനിലെ സൂർ ഇന്ത്യൻ സ്കൂൾ മുൻ വിദ്യാർഥിനിക്ക് ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ഉന്നതപഠനത്തിനുള്ള സ്കോളർഷിപ്. യു.കെയിലെ ബാത്ത് സർവകലാശാലയിൽ ഉന്നത പഠനത്തിന് ബ്രിട്ടീഷ് കൗൺസിലിന്റെ എസ്.ടി.ഇ.എം സ്കോളർഷിപ്പിനാണ് മലപ്പുറം വെട്ടിച്ചിറ പുന്നത്തല സ്വദേശിനിയായ റിയ റഹീം അർഹയായത്. ബാത്ത് സർവകലാശാലയിൽ എം.എസ്.സി ഡേറ്റ സയൻസ് പഠനത്തിനാണ് സ്കോളർഷിപ്.
ട്യൂഷൻ ഫീ, വിമാനയാത്ര ചെലവുകൾ, ഹെൽത്ത് ഇൻഷുറൻസ്, തിസീസ് ചെലവുകളും പ്രതിമാസം 1350പൗണ്ട് സ്റ്റൈപൻഡും ഉൾപ്പെടെ 50 ലക്ഷം രൂപയോളം വരുന്നതാണ് സ്കോളർഷിപ്. ശാസ്ത്ര സാങ്കേതിക വിഷയങ്ങളിൽ പെൺകുട്ടികളിൽ ഗവേഷണ അഭിരുചി വളർത്തിയെടുക്കാൻ വേണ്ടി ബ്രിട്ടീഷ് കൗൺസിൽ ഏർപ്പെടുത്തിയതാണ് സ്കോളർഷിപ്. സൂർ ഇന്ത്യൻ സ്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസം നേടിയ റിയ 2019ലാണ് ഇവിടെനിന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കിയത്.
സി.ബി.എസ്.ഇ പത്താം തരം പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്ന റിയ പഠനരംഗത്തെ മികവിന് പി.എം ഫൗണ്ടേഷന്റെ ഫെലോഷിപ്പിനും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പഠ്യേതര രംഗങ്ങളിലും മികവ് തെളിയിച്ചിരുന്ന റിയ ഇന്റർനാഷനൽ മാത്തമാറ്റിക്സ് ഒളിമ്പ്യാഡ് ഗോൾഡ് മെഡൽ ജേതാവുമാണ് മമ്പാട് എം.ഇ.എസ് കോളജിൽനിന്ന് മാത്തമാറ്റിക്സിൽ റാങ്കോടെ ബിരുദം പൂർത്തിയാക്കിയ ശേഷം വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഡേറ്റ സയൻസിൽ ഉപരിപഠനം നടത്തുമ്പോഴാണ് സ്കോളർഷിപ്പിന് അർഹയാകുന്നത്.
ഈ വർഷം എഡിൻ ബറോ, ബ്രിസ്റ്റോൾ, ഡർഹാം, ഷെഫീൽഡ്, ബിർമിങ്ഹാം, ലണ്ടൻ ക്വീൻ മേരി, സെന്റ് ആൻഡ്രൂസ് തുടങ്ങിയ യൂനിവേഴ്സിറ്റികളിൽനിന്നും എം.എസ്.സി ഡേറ്റാ സയൻസ് പഠനത്തിന് റിയക്ക് ഓഫർ ലെറ്റർ ലഭിച്ചിരുന്നു. യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസ് സൂർ കാമ്പസിലെ മാസ് കമ്യൂണിക്കേഷൻ വിഭാഗം അധ്യാപകൻ റഹീം കരിങ്കപ്പാറ യുടെയും കോട്ടക്കൽ തോപ്പിൽ ഷാഹിദയുടെയും മകളാണ്. കോഴിക്കോട് എൻ.ഐ.ടി വിദ്യാർഥിനി റിദ റഹീം, സൂർ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി റിസ റഹീം എന്നിവർ സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.