ചെറുപ്രായത്തിൽ വെള്ളത്തോട് ഭയം; ഇന്ന് നീന്തൽകുളത്തിലെ മിന്നുംതാരം
text_fieldsപുനലൂർ: പഠന കാലത്ത് യാദൃച്ഛികമായി കുളത്തിൽവീണ ഭയപ്പാട് മാറ്റാൻ നീന്തൽ അഭ്യസിച്ച ബിനിൽ മുരളി ഇന്ന് രാജ്യത്തെ മിന്നുംതാരം. പാൻ അമേരിക്കൻ മാസ്റ്റേഴ്സ് ഗെയിംസിൽ നീന്തലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച പുനലൂർ സ്വദേശിയായ ബിനിൽ മുരളി സ്വന്തമാക്കിത് രണ്ട് വെങ്കല മെഡലുകളാണ്. യുനൈറ്റഡ് സ്റ്റേറ്റ്സിലെ ഒഹിയോയിൽ ക്ലീവ് ലാൻഡിൽ നടന്ന നീന്തൽ മത്സരങ്ങളിൽ 50 മീറ്റർ ബ്രസ്റ്റ് സ്ട്രോക്ക്, 200 മീറ്റർ ഫ്രീ സ്റ്റൈൽ റിലേ എന്നിവയിലാണ് ബിനിലന്റെ നേട്ടം. നാലുവർഷത്തിൽ ഒരിക്കൽ നടത്തുന്ന പാൻ അമേരിക്കൻ മാസ്റ്റേഴ്സ് ഗെയിംസിൽ 78 രാജ്യങ്ങളിൽനിന്ന് 30 വയസ്സിന് മുകളിലുള്ള നാലായിരത്തോളം കായികതാരങ്ങളാണ് പങ്കെടുത്തത്.
പുനലൂർ പരവട്ടം മണിയാർ പാർഥസാരഥിയിൽ പരേതനായ മുരളിയുടെയും റിട്ട. അധ്യാപിക ഇന്ദിരാഭായിയുടെയും മകനാണ്. കുട്ടിക്കാലത്ത് ബിനിൽ നീന്തൽ പഠിച്ചിട്ടില്ല. കോളജിൽ പഠിക്കുമ്പോൾ വീടിന് സമീപത്തെ പുളിയൂർകോട് ശ്രീകൃഷ്ണസ്വമി ക്ഷേത്രത്തിലെ അമ്പലക്കുളത്തിൽ കൂട്ടുകാരോടൊപ്പം പോകുമായിരുന്നു. ഒരുദിവസം സുഹൃത്ത് കൂട്ടുകാരനെ കുളത്തിലേക്ക് തമാശക്ക് തള്ളിയിട്ടപ്പോൾ അവൻ ബിനിലിനെയും വലിച്ചാണ് കുളത്തിൽ വീണത്. തുടർന്ന് നൂഹ് അബ്ദുല്ല എന്ന തന്റെ സുഹൃത്താണ് രക്ഷിച്ചതെന്നും ബിനിൽ ഓർമിക്കുന്നു. അന്ന് മുതലാണ് തനിക്ക് വെള്ളത്തോട് ഭയംകൂടിത്തുടങ്ങിയത്. തുടർന്ന് ജലാശയങ്ങളോടുള്ള പേടിമാറ്റാൻ വീട്ടുകാർ ബിനിലിനെ നീന്തൽ പരിശീലിപ്പിച്ചു. സ്വയരക്ഷക്കായി പഠിച്ച നീന്തലിനെ ഏറെ ഇഷ്ടപ്പെട്ട കായിക വിനോദമാക്കി മാറ്റിയപ്പോൾ പിന്നീട് ദേശീയ- അന്തർദേശീയ തലങ്ങളിലെ മത്സരങ്ങളിൽ വിജയകിരീടവും ചൂടി. തിരുവനന്തപുരത്തെ പൊലീസ് ആൽബട്രോസ് സ്വിമ്മിങ് പൂൾ, സ്പെഷൽ ആംഡ് പൊലീസിന്റെ ഡോൾഫിൻ എന്നീ നീന്തൽ പഠന കേന്ദ്രങ്ങളിൽ ബിനൽ മുരളിക്ക് ലഭിച്ച മികച്ച പരിശീലനങ്ങളാണ് മത്സരങ്ങളിലെ ജേതാവാകാൻ കരുത്തായത്.
ഫെബ്രുവരിയിൽ ഗോവയിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് ഗെയിംസിലും ജനുവരിയിൽ എറണാകുളത്ത് നടന്ന സംസ്ഥാനതല മത്സരങ്ങളിലും ബിനിൽ മുരളി വിജയം സ്വന്തമാക്കിയിരുന്നു. 2025ൽ തായ്വാനിലെ തായ് പെയ് സിറ്റിയിൽ നടക്കുന്ന വേൾഡ് മാസ്റ്റേഴ്സ് ഗെയിംസിലും മെഡൽ നേട്ടം ലക്ഷ്യമിടുകയാണ് ബിനിൽ.
അമേരിക്കയിൽ ജനറൽ ഇലക്ട്രിക്കിൽ സോഫ്റ്റ് വെയർ എൻജിനീയറാണ് ബിനിൽ. ഡോ. സപ്ന ചന്ദ്രനാണ് ഭാര്യ. പുനലൂരിലെ ശബരിഗിരി സ്കൂൾ, തിരുവനന്തപുരം സൈനിക് സ്കൂൾ, തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ് എന്നിവിടങ്ങളിലായിരുന്നു പഠനം. കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും ഫലമാണ് തന്റെ വിജയമെന്നും ഇന്ത്യയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ അഭിമാനമാണെന്നും ബിനിൽ മുരളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.