പ്രതീക്ഷയുടെ നാമ്പായി നന്മണ്ടയിലെ കുട്ടിക്കർഷക ഇഷ
text_fieldsനന്മണ്ട: കൃഷിഭവൻ നാടൻപശു പരിപാലനത്തിൽ കുട്ടിക്കർഷകയായി തിരഞ്ഞെടുക്കപ്പെട്ട ഇഷയുടെ ഇച്ഛാശക്തിക്കു മുന്നിൽ ഏതൊരു കർഷകനും മുട്ടുമടക്കുമെന്നു പറഞ്ഞാൽ അത് അതിശയോക്തിയാവില്ല. പ്രതീക്ഷയുടെ നാമ്പായി ഇഷ മാറിയിരിക്കുകയാണ്. നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിനു സമീപം ആലക്കാങ്കണ്ടി രാജീവ് കുമാർ-സുമംഗല ദമ്പതികളുടെ മകൾ ഇഷയാണ് പഠനത്തിനിടയിലും ക്ഷീരകർഷകയുടെ റോൾ ഭംഗിയായി നിറവേറ്റുന്നത്.
ലോക്ഡൗൺ സമയത്ത് വീട്ടിലെത്തിച്ച കാസർകോട് കുള്ളൻ ഇനത്തിൽപെട്ട ഒരു പശുവിനെ പരിപാലിച്ചാണ് ധവളവിപ്ലവത്തിന്റെ സൈറൺ തൊഴുത്തിൽനിന്നു മുഴങ്ങാൻ തുടങ്ങിയത്. ഇന്ന് ഒമ്പതു പശുക്കൾ കുള്ളൻ ഇനത്തിൽ ഫാമിലുണ്ട്. മൂന്നെണ്ണം കറവയുള്ളതും ആറെണ്ണം കന്നുകുട്ടികളുമാണ്. ഇഷക്ക് പശു പരിപാലനത്തിൽ പ്രചോദനവും വഴികാട്ടിയുമായത് വലിയച്ഛനായ ആലക്കാങ്കണ്ടി കുമാരനാണ്.
പരമ്പരാഗതമായി കൃഷി ചെയ്യുന്നവരാണ് ഇഷയുടെ അമ്മവീട്ടുകാരും. അമ്മ സുമംഗലയും നല്ല കർഷകയാണ്. കുടുംബത്തിൽനിന്ന് ലഭിക്കുന്ന പിന്തുണയാണ് തന്റെ കരുത്തെന്ന് ഇഷ പറയുന്നു.ഔഷധമൂല്യമുള്ള പാൽ ആയതിനാൽ ആവശ്യക്കാരേറെയാണ്. പാൽ കൂടാതെ ജീവാമൃതം വളവും ചാണകപ്പൊടിയുംകൂടി ഇഷയും വീട്ടുകാരും നൽകുന്നുണ്ട്. ഇതിനു പുറമെ ഗോമൂത്രവും ചാണകപ്പൊടിയും ഉപയോഗിച്ച് തെങ്ങിൻതൈ വികസിപ്പിക്കുകയും ചെയ്യുന്നു. കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളജിൽ സോഷ്യോളജി, മലയാളം ഡബ്ൾ മെയിൻ മൂന്നാം സെമസ്റ്റർ വിദ്യാർഥിനിയാണ് ഇഷ. സഹോദരി ദിതി പുൽപള്ളി കോളജിൽ അഗ്രികൾചറൽ ഫൈനൽ വിദ്യാർഥിനിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.