പത്തനംതിട്ട ജില്ലയിലെ മൂന്ന് പ്രതിഭകൾക്ക് ‘ഉജ്ജ്വല ബാല്യം’ പുരസ്കാരം
text_fieldsപത്തനംതിട്ട: സംസ്ഥാന സർക്കാറിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം ഇക്കുറി ജില്ലയിലെ മൂന്ന് പ്രതിഭകൾക്ക് ലഭിച്ചു. കടമ്പനാട് കെ.ആർ.കെ.പി.എം സ്കൂളിലെ എഴാംക്ലാസ് വിദ്യാർഥി എസ്. അക്ഷയകുമാർ, ഇളമണ്ണൂർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥി നവനീത് കൃഷ്ണ, കടമ്മനിട്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ജെസ്വിൻ എന്നിവരാണ് അർഹരായത്.
അക്ഷയകുമാർ
പ്രായംകുറഞ്ഞ ഔഷധസസ്യ എഴുത്തുകാരൻ എന്ന നിലയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കാഡ്സിൽ ഇടംപിടിച്ച അക്ഷയ് ചങ്ങലംപരണ്ട എന്ന ഔഷധസസ്യത്തെ വിഷയമാക്കി സംസ്ഥാന തലത്തിലുള്ള കലിഡോസ്കോപ് എജുക്കേഷനൽ ചാനലിന്റെ ലിറ്റിൽ സയന്റിസ്റ്റ് അവാർഡിന് അർഹനായി. ചങ്ങലംപരണ്ട വീട്ടിലെ കൂട്ടുകാരൻ എന്ന പേരിൽ പുസ്തകം തയാറാക്കി.
ഏറത്ത് പഞ്ചായത്തിലെ പായൽ മൂടിക്കിടന്ന കുളത്തെപ്പറ്റി സമൂഹമാധ്യമങ്ങളിലൂടെ നൽകിയ വാർത്തയെ തുടർന്ന് ഇവ സാമൂഹിക പ്രവർത്തകർ ശുചീകരിച്ചത് ശ്രദ്ധനേടിയിരുന്നു. പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച് ‘തെളിനീരൊഴുക്കാം പമ്പയിലൂടെ’ ഡോക്യുമെന്ററി തയാറാക്കി. തുവയൂർ വടക്ക് ഐക്യമന്ദിരത്തിൽ (വെള്ളൂർ തടത്തിൽ) സന്തോഷ്കുമാർ -അശ്വതി ദമ്പതികളുടെ മകനാണ്.
നവനീത് കൃഷ്ണ
ഇളമണ്ണൂർ പൂതങ്കര നീലംബരി വീട്ടിലിരുന്ന് നവനീതിന് ട്രെയിൻ സമയം ആപ്പുകളുടെ സഹായമില്ലാതെ കൃത്യമായി പറയും. സംശയിക്കേണ്ട ട്രെയിനുകളുടെ നമ്പറും പേരും പറഞ്ഞാൽ അത് ഏത് സ്ഥലത്തേക്ക് പോകുന്ന ട്രെയിനാണെന്നും നവനീതിന് അറിയാം. ഓർമശക്തിയുടെ കാര്യത്തിൽ മാത്രമല്ല വീടിനെ ഹരിതാഭമായി നിലനിർത്തുക എന്നത് ദിനചര്യയുടെ ഭാഗമാക്കുകയാണ് ഇളമണ്ണൂർ വൊക്കേഷനൽ സ്കൂളിലെ ഈ പത്താംക്ലാസുകരൻ. വീട്ടിൽ ചെടികൾക്കൊപ്പം അമ്പതിൽപരം ഇനങ്ങളിലുള്ള പഴവർഗങ്ങളും വിവിധയിനം പച്ചക്കറികളുമെല്ലാം വിളഞ്ഞുനിൽക്കുന്നത് കാണുന്നത് കണ്ണിന് കുളിർമയാണ്.
വീട്ടിൽനിന്ന് വിളയിക്കുന്ന പച്ചക്കറി വിൽക്കുന്നതിനും ആവശ്യക്കാർക്ക് ട്രെയിൻ ടിക്കറ്റ് എടുത്തുനൽകുന്നതുമുൾപ്പെടെ സേവനങ്ങൾ ലഭ്യമാക്കുവാനും വീടിന് മുന്നിൽ ചെറിയ കടകൂടി തുടങ്ങിയിട്ടുണ്ട് ഈ ബാലൻ. പിതാവ് ഉണ്ണികൃഷ്ണനും മാതാവ് അശ്വതിയും മാത്രമല്ല മുത്തശ്ശിമാരും നവനീതിന്റെ പരിശ്രമങ്ങൾക്ക് പിന്തുണ നൽകുന്നു.
ജെസ്വിൻ
മികച്ച കുട്ടി കർഷകനാണ് കടമ്മനിട്ട ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി ജസ്വിൻ. സ്കൂളിലും വീട്ടിലും വ്യത്യസ്തങ്ങളായ നിരവധി പച്ചക്കറികളാണ് ജസ്വിൻ നട്ടുവളർത്തുന്നത്. കൃഷിരീതിയിൽ ആകൃഷ്ടനായ കൃഷിമന്ത്രി കോഴഞ്ചേരി ബി.ആർ.സിയിൽ നടന്ന ചടങ്ങിൽ ജെസ്വിനെ അഭിനന്ദിച്ചു. വീട്ടിലും സ്കൂളിലും നടത്തിയ മികച്ച കാർഷിക പ്രവർത്തനങ്ങൾക്ക് ചെറുകോൽ പഞ്ചായത്തിന്റെ അംഗീകാരവും ലഭിച്ചു. സാമ്പത്തിക പരാധീനതകൾക്കിടയിലും പഠനത്തിനൊപ്പം കാർഷിക വൃത്തിയിലും മികവ് തെളിയിക്കുന്നതിന് മാതാപിതാക്കളായ അന്ത്യളക്കാവ് വേങ്ങമൂട്ടിൽ ചാക്കോയുടെയും ജസി ചാക്കോയുടെയും പിന്തുണക്കൊപ്പം അധ്യാപികയായ പ്രിയ ശങ്കറും പ്രത്യേക ശ്രദ്ധനൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.