പരിമിതികളോട് പൊരുതിയ മൻഹ മൻസൂറിന് ഉജ്ജ്വല ബാല്യം പുരസ്കാരം
text_fieldsനീലേശ്വരം: തെന്റ പരിമിതികളെ പരിശ്രമം കൊണ്ട് പൊരുതി വിസ്മയം സൃഷ്ടിക്കുന്ന പടന്നക്കാട് ഒഴിഞ്ഞവളപ്പ് സിയാദത്ത് മൻസിലിലെ മൻഹ മൻസൂറിന് ഉജ്ജ്വല ബാല്യം പുരസ്കാരം. ഒഴിഞ്ഞവളപ്പിലെ പ്രവാസിയായ മൻസൂറിന്റെയും സാജിതയുടെയും മകളായ മൻഹ പടന്നക്കാട് എസ്.എൻ.എ.യു.പി സ്കൂളിൽ ആറാംക്ലാസ് വിദ്യാർഥിയാണ്.
ഉപ്പൂപ്പ അബ്ദുൽ ഹമീദാണ് അവളുടെ സ്വപ്നങ്ങൾക്ക് ചിറക് വിരിക്കാൻ കൂട്ടായുള്ളത്. ഓട്ടിസം അടക്കം നിരവധി പ്രതിസന്ധിക്കിടയിലും കലാരംഗത്ത് തിളക്കമാർന്ന നേട്ടമാണ് ഈ കൊച്ചു മിടുക്കി കൈവരിച്ചത്. സംസാരശേഷി കുറവുണ്ടെങ്കിലും മൻഹ മനോഹരമായി പാടിയും നൃത്തം ചെയ്തുമാണ് ആളുകളെ വിസ്മയിപ്പിക്കുന്നത്.
പ്രായം രണ്ടര കഴിഞ്ഞിട്ടും സംസാരശേഷിയുടെ ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് മൻഹയെ രക്ഷിതാക്കൾ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഇപ്പോൾ സ്പീച്ച് തെറാപ്പി' തുടരുകയാണ്. ഹിന്ദി പാട്ടുകളാണ് മൻഹക്ക് ഏറെ ഇഷ്ടം. ഉമ്മയുടെ മൊബൈലിലെ യൂ ട്യൂബിൽ നോക്കിയാണ് നൃത്തച്ചുവടുകൾ സ്വന്തമായി പഠിച്ചെടുത്തത്. കലാരംഗത്തെ ഈ മികവിനാണ് ഇത്തവണത്തെ ഉജ്ജ്വല ബാല്യം പുരസ്കാരം മൻഹയെ തേടിയെത്തിയത്.
2022 ലെ ഹോസ്ദുർഗ് സബ് ജില്ല കലോത്സവത്തിൽ പരിമിതികളില്ലാത്ത 54 കുട്ടികൾക്കൊപ്പം നൃത്തത്തിൽ മത്സരിച്ചപ്പോൾ മൻഹ അടക്കം 13 പേർക്കാണ് എ ഗ്രേഡ് കിട്ടിയത്. ലളിത ഗാനത്തിലും നാടോടി നൃത്തത്തിലും മത്സരിക്കുകയും എ ഗ്രേഡ് നേടുകയും ചെയ്തിരുന്നു.
പടന്നക്കാട് ഗവ. എൽ.പി.സ്കൂളിലെ അധ്യാപിക ടി. പ്രീതയാണ് ഉജ്ജ്വലബാല്യ പുരസ്കാരത്തിന് അപേക്ഷിക്കാൻ മിൻഹക്ക് പ്രേരണയായത്. സഹോദരൻ മഹസൽ മൻസൂർ കുട്ടമത്ത് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. മജീഷ്യൻ മുതുക്കാടിന്റെ സ്ഥാപനം മടിക്കൈയിൽ പ്രവർത്തനം ആരംഭിച്ചാൽ ഏഴാം ക്ലാസിനുശേഷം അവിടെ അഡ്മിഷൻ നേടാനാണ് മൻഹയുടെ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.