ഉറുമി വീശൽ മത്സരം പാനൂർ സ്വദേശിനി ദേശീയ തലത്തിലേക്ക്
text_fieldsപാനൂർ: തിരുവനന്തപുരത്ത് നടന്ന 65ാ മത് കേരള സ്റ്റേറ്റ് കളരിപ്പയറ്റ് ചാമ്പ്യൻഷിപ് ‘ഉറുമി വീശൽ’ മത്സരത്തിൽ എസ്. ദേവാഞ്ജന രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇതോടെ ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയിരിക്കുകയാണ് പാനൂർ പാലത്തായി സ്വദേശിനി ദേവഞ്ജന. വ്യത്യസ്ത കലാ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച കലാകാരിയാണ്. 2019 ൽ എറണാകുളത്ത് നടന്ന 750 കുട്ടികൾ പങ്കെടുത്ത ഒരു മാസം നീണ്ടുനിന്ന ലുലു വനിത ലിറ്റിൽ സ്റ്റാർ മത്സരത്തിൽ വിജയിയായിരുന്നു. അതേ വർഷം സ്കൂൾ കലോത്സവത്തിൽ ജില്ലയിൽ നാടോടി നൃത്ത മത്സരത്തിൽ രണ്ടാം സ്ഥാനവും നേടി. 2020ൽ കോവിഡ് സമയത്ത് രാജേഷ് ചമ്പാട് സംവിധാനം ചെയ്ത ഇത്തിരി വെട്ടം എന്ന ടെലിഫിലിമിലും അഭിനയിച്ചു.
സിനിമ സീരിയൽ രംഗത്തെ കലാകാരൻമാരുടെ സംഘടനയായ ‘കോൺടാക്ട്’ തിരുവനന്തപുരത്ത് നടത്തിയ പതിമുന്നാമത് ടെലിഫിലിം ഫെസ്റ്റിൽ മികച്ച ബാലനടിയായി തെരഞ്ഞെടുക്കപ്പെട്ടു. മുംബെയിൽ നടന്ന ഹിപ്പ് ഹോപ്പ് ഡാൻസ് മത്സരത്തിൽ പങ്കെടുക്കാനും സാധിച്ചു.
2021ൽ സ്കൂൾ കലോത്സവത്തിൽ നാടോടി നൃത്തത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി. 2023ൽ എസ്.എസ്.എൽ.സി പരീക്ഷക്ക് തയാറെടുക്കുന്ന സമയത്ത് തന്നെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കാനും എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ ഗ്രേഡ് നേടാനും സാധിച്ചു. ഇതേസമയത്ത് തന്നെ അശോക് നൊച്ചിക്കാടൻ സംവിധാനം ചെയ്ത സുഗുണൻ ചെറുതാകുന്നില്ല എന്ന ഷോർട്ട് ഫിലിമിലും ശ്രദ്ധേയമായ വേഷം ചെയ്തു. പൊന്ന്യത്തങ്കത്തിന്റെ വേദിയിലും കളരി അഭ്യാസo നടത്താൻ സാധിച്ചിട്ടുണ്ട്.
കൊളവല്ലൂർ പി.ആർ. മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വിദ്യാർഥിയാണ് ദേവാഞ്ജന. കേരള കളരി പുഞ്ചക്കര ചമ്പാട് കൂടത്തിൽ വത്സൻ ഗുരുക്കളുടെ ശിക്ഷണത്തിലാണ് കളരി അഭ്യസിക്കുന്നത്. പാലത്തായിലെ കുനിയിൽ സജീന്ദ്രൻ - രേഷ്മ ദമ്പതികളടെ മകളാണ് ദേവാജ്ഞന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.