വൈറൽ നജാദ്
text_fieldsഅയൽ വീട്ടിലെ കല്യാണത്തോടനുബന്ധിച്ച് ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങി ഒരു ഏഴാം ക്ലാസുകാരൻ പാട്ടുപാടി. അതോടെ കല്യാണത്തിന് എത്തിയവരുടെയെല്ലാം കണ്ണുകൾ അവനിലേക്ക് തിരിഞ്ഞു. പാട്ട് പാടിക്കഴിഞ്ഞതോടെ പുഞ്ചിരിയുമായി നാണിച്ചുനിന്ന ആ പാട്ടുകാരനു ചുറ്റും ആൾക്കൂട്ടം നിറഞ്ഞു. ചേർത്തു നിർത്തിയും കവിളിൽ ഉമ്മ വെച്ചും പാട്ടുകാരനെ അഭിനന്ദിക്കാനുള്ള മത്സരമായിരുന്നു പിന്നീട്. സംഗതി അവിടെ തീർന്നില്ല. അതേ പാട്ട് വീണ്ടും കേൾക്കണമെന്ന് ചുറ്റും കൂടി നിന്നവർ നിർബന്ധിച്ചു. ഇക്കുറി കൂടിനിന്നവരുടെ മൊബൈൽ ഫോണുകൾ പാട്ടും പാട്ടുകാരനേയും ഒപ്പിയെടുത്തു. പിറ്റേന്ന് നേരം പുലരുംമുമ്പേ സമൂഹമാധ്യങ്ങളിൽ പാട്ടും ആ കുഞ്ഞുപാട്ടുകാരനും വൈറലായി. ഒറ്റദിവസം കൊണ്ട് ആരാധകരുടെ എണ്ണം ലക്ഷങ്ങൾ കവിഞ്ഞു. തൃശൂർ കയ്പ്മംഗലം കൂരിക്കുഴി സ്വദേശി മതിലകത്ത് വീട്ടില്‍ നൂര്‍ദീന്‍ - ഷിജി ദമ്പതികളുടെ മകൻ അഹ്മദ് നജാദായിരുന്നു ആ കൊച്ചു മിടുക്കൻ. നിരവധി വേദികളിൽ ആസ്വാദകരുടെ മനം കവർന്ന് ആ ഗായകൻ സംഗീതയാത്ര തുടരുകയാണ്.
വൈറലായ ‘കല്യാണപ്പാട്ട്’
2022 മേയ് 14ന് കയ്പമംഗലത്തെ ഓഡിറ്റോറിയത്തിൽ അയൽപക്കത്തെ കല്യാണത്തിന് വീട്ടുകാരോടൊപ്പം പങ്കെടുക്കാനെത്തിയതായിരുന്നു. അവിടെ നടക്കുന്ന സംഗീത വിരുന്ന് ആസ്വദിച്ച് നിൽക്കുന്നതിനിടെയാണ് ബന്ധുക്കളിൽ ചിലർ പാട്ടുപാടാൻ നിർബന്ധിച്ചത്. ആദ്യം കുറച്ച് പേടിച്ചെങ്കിലും മൈക്ക് കൈയിലെടുത്ത് ഇഷ്ടഗാനമായ ‘കെ.ജി.എഫ് ടു’ എന്ന സിനിമയിലെ ‘മെഹ്ബൂബാ’ എന്ന പാട്ടുപാടി. പിന്നെ നടന്നതെല്ലാം വേറെ ലെവലായിരുന്നുവെന്ന് നജാദ് പറയുന്നു. വീട്ടിലും ക്ലാസ്റൂമിലുമെല്ലാം പാടാറുണ്ടെങ്കിലും ആദ്യമായിട്ടായിരുന്നു ഒരു പൊതുവേദിയിൽ പാടിയതെന്ന് പറയുമ്പോൾ നജാദിന്റെ കണ്ണുകളിൽ അപ്പോഴും അത്ഭുതം.
ഇൻസ്റ്റഗ്രാം സ്റ്റാർ
‘പാട്ട് പാടാറുണ്ടെങ്കിലും ഇങ്ങനെ പാടിയിട്ടില്ല. നിര്‍ബന്ധിച്ചപ്പോള്‍ പാടിയതാണ്. ഞങ്ങടെ വീടിന്റെ അടുത്തുള്ള ആഷിഫിക്ക പാട്ടിന്റെ വിഡിയോ എടുത്ത് വേറൊരു ഇക്കക്ക് അയച്ചുകൊടുത്തു. ആ ഇക്ക ഇന്‍സ്റ്റഗ്രാമില്‍ ഇട്ടു. അങ്ങനെയാണ് അത് വൈറലാകുന്നത്. സ്കൂളിൽ ചെന്നപ്പോൾ കൂട്ടുകാരും ടീച്ചർമാരും പാട്ട് നന്നായി എന്ന് പറഞ്ഞു-നജാദ് പറയുന്നു. നജാദിന്റെ പിതാവും ഒപ്റ്റോമെട്രിസ്റ്റായ സഹോദരി ഷിഫാനയും സഹോദരൻ ആസിം കമാലുമാണ് പാട്ടുപാടാൻ പ്രോത്സാഹനം നൽകുന്നത്. പാട്ട് പഠിക്കാതെയാണ് ഇതുവരെ വേദികളിൽ നജാദ് പാടിയത്. മെലഡിയാണ് നജാദിന് കൂടുതൽ ഇഷ്ടം. ഹിന്ദിയോടും തമിഴിനോടും അൽപ്പം ഇഷ്ടം കൂടുതൽ. നജാദ് ഇപ്പോൾ പാട്ട് ശാസ്ത്രീയമായി പഠിക്കാനും തുടങ്ങിയിട്ടുണ്ട്.
‘ഫുള്‍ടൈം പാട്ടാണ്’ എന്നാണ് നജാദിനെക്കുറിച്ച് സഹോദരിയുടെ കമന്റ്. പാടിയ പാട്ടുകള്‍ പലര്‍ക്കും അയച്ചുകൊടുത്തിട്ടുണ്ടെങ്കിലും അന്ന് ആരും മൈന്‍ഡ് ചെയ്തിരുന്നില്ല. പക്ഷേ, ഇപ്പോൾ മൈന്‍ഡ് ചെയ്യാത്തവരെല്ലാം നേരിട്ടും അല്ലാതെയും അഭിനന്ദനമറിയിക്കുമ്പോൾ ഒരു പാട് സന്തോഷമുണ്ടെന്ന് സഹോദരി പറയുന്നു. ജില്ലക്കകത്തും പുറത്തുമായി നിരവധി വേദികളിൽ ഇപ്പോൾ നജാദ് സ്റ്റാറാണ്. പാലക്കാട് ചെർപ്പുളശ്ശേരിയിൽ നജാദിന്റെ പ്രകടനം ഇൻസ്റ്റഗ്രാമിലൂടെ കണ്ട വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കുറിപ്പെഴുതി വിഡിയോ പങ്കുവെച്ചിരുന്നു. മതിലകം സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ നജാദ് കലോത്സവത്തിന്റെ ഒരുക്കത്തിലാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.