ഫ്രീസ്റ്റൈൽ മില്യണർ
text_fields2023 നവംബർ 18. മലപ്പുറം ജില്ലയിലെ കേരളാംകുണ്ട് വെള്ളച്ചാട്ടത്തിന് മുന്നിൽനിന്ന് ഒരു 20കാരന്റെ കൈകളിലൂടെ ഊർന്നുവീണ പന്ത് കാലിലേക്കും അവിടെനിന്ന് നുരഞ്ഞുപൊന്തുന്ന വെള്ളത്തിനുള്ളിലേക്കും അടിച്ചുയർത്തപ്പെടുന്നു. ആ പന്ത് പിന്നീട് ഭൂേഗാളം തിരിയുംപോലെ ഉരുണ്ടുകൊണ്ടേയിരിക്കുകയാണ്. കേരളം കടന്ന്, രാജ്യം കടന്ന് ലോകരാജ്യങ്ങളിലെല്ലാം എത്തിയ ആ പന്ത് തന്റെ ജൈത്രയാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു.
മലപ്പുറം അരീക്കോട് മാങ്കടവ് സ്വദേശി മുഹമ്മദ് റിസ്‍വാനായിരുന്നു അത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പന്തടിച്ചുവിട്ട വിഡിയോ ഇന്ന് റെക്കോഡ് പുസ്തകത്തിലേക്ക് ഉരുണ്ടുകയറി. 427 മില്യൺ ആൾക്കാരാണ് റിസ്‍വാൻ എന്ന ഫ്രീസ്റ്റൈൽ ഫുട്ബാൾ താരത്തിന്റെ ആ അഭ്യാസപ്രകടനം കണ്ടത്. വിഡിയോ ഇഷ്ടപ്പെട്ട് ‘ഹൃദയം ചാർത്തി’യതാകട്ടെ 63 ലക്ഷം പേരാണ്.
റെക്കോഡ് നേട്ടത്തിലേക്ക്
കൂട്ടുകാർക്കൊപ്പം ‘ജോളി’യാ ക്കാൻ കേരളാംകുണ്ട് വിനോദസഞ്ചാരകേന്ദ്രത്തിൽ പോയതായിരുന്നു റിസ്‍വാൻ. പോകുന്ന മിക്കയിടത്തും ആ പന്തും കൈയിലുണ്ടാകും. അങ്ങനെയാണ് നവംബർ 18ന് വെള്ളച്ചാട്ടത്തിനുള്ളിലേക്ക് പന്തടിച്ചുവിടുന്നത്. വിഡിയോ അന്നുതന്നെ അപ് ലോഡ് ചെയ്ത റിസ്‍വാൻ ഒരിക്കൽപോലും പ്രതീക്ഷിച്ചിരുന്നില്ല താൻ റെക്കോഡ് നേട്ടത്തിലേക്കാണ് ആ പന്തടിച്ചുവിട്ടതെന്ന്. അപ് ലോഡ് ചെയ്ത് മണിക്കൂറുകൾക്കകംതന്നെ വിഡിയോ വൈറലാകാൻ തുടങ്ങി. ആദ്യ ദിവസംതന്നെ പത്തു ലക്ഷം പേരാണ് കണ്ടത്.
നടക്കാൻ പോകുന്ന പൂരത്തിന്റെ സാമ്പ്ൾ വെടിക്കെട്ട് മാത്രമായിരുന്നു അത്. പിന്നീട് പത്തു ദിവസംകൊണ്ട് അതുവരെ ഏറ്റവും കൂടുതൽ ആൾക്കാർ കണ്ട വിഡിയോയെ മറികടന്നു. ഗൂഗ്ൾ പറയുന്നതുപ്രകാരം 289 മില്യൺ ആൾക്കാർ കണ്ട ഇറ്റലിക്കാരൻ കാബിയുടെ വിഡിയോ ആണ് പഴങ്കഥയായത്. രാജ്യത്തിനകത്തും പുറത്തുംനിന്നുള്ള പത്രങ്ങളിലും ചാനലുകളിലും റേഡിയോകളിലും നിറഞ്ഞുനിൽക്കുകയാണ് റിസ്‍വാനും റിസ്‍വാന്റെ ഇൻസ്റ്റഗ്രാം ഐഡിയും. നേട്ടത്തിനു പിന്നാലെ നാട്ടുകാരുടെ ആദരവും വാങ്ങാനായതിന്റെ സന്തോഷത്തിലാണ് റിസ്‍വാൻ.
ഡോക്ടർ വിലക്കി, കളി കാര്യമായി
ഫുട്ബാളിന്റെ ഈറ്റില്ലം എന്നൊക്കെ പറയാവുന്ന അരീക്കോടിന്റെ മണ്ണിലാണ് കുട്ടിക്കാലം മുതൽ റിസ്‍വാനും പന്ത് തട്ടി നടന്നത്. പത്തിൽ പഠിക്കുമ്പോഴാണ് ഫുട്ബാൾ ടൂർണമെന്റ് മത്സരത്തിനിടെ കൈയെല്ല് പൊട്ടുന്നത്. പരിക്ക് ഗുരുതരമായതിനാൽ ഡോക്ടർമാർ കളിക്കേണ്ടെന്ന് വിധി എഴുതി. പക്ഷേ, പന്ത് പ്രാണൻപോലെ കൊണ്ടുനടന്ന ആ കൗമാരക്കാരന് ഡോക്ടറുടെ വിലക്കൊന്നും വിലപ്പോയില്ല. പന്തുമായി കളിക്കാൻ ഇറങ്ങിയപ്പോൾ ഉപ്പയുടെ ദേഷ്യത്തിന്റെ ചൂടറിഞ്ഞു. മൂപ്പര് പന്തെടുത്ത് ഒളിപ്പിച്ചുവെക്കൽ പതിവാക്കി.
വിട്ടുകൊടുക്കില്ലെന്ന വാശിയിൽ റിസ്‍വാനും മുന്നോട്ടുപോയെങ്കിലും അതിന് ചെറിയ മാറ്റം വന്നു. വിദേശതാരത്തിന്റെ ഫ്രീസ്റ്റൈൽ ഫുട്ബാൾ വിഡിയോ യൂട്യൂബിൽ കണ്ണിലുടക്കിയതോടെയാണ് ആ മാറ്റം. പിന്നീട് ആ വിഡിയോ ഇരുന്ന് കണ്ട് അതുപോലെ ചെയ്യാനുള്ള കഠിനപരിശ്രമം. മിനിറ്റുകളും മണിക്കൂറുകളും പിന്നിട്ടതോടെ പന്തിനെ വരുതിയിലാക്കി. അങ്ങനെ ആദ്യ വിഡിയോ വീടിന്റെ ടെറസിനു മുകളിൽനിന്ന് പകർത്തി ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തു.
നാലു മില്യൺ കാഴ്ചക്കാരാണ് ആ പന്തടക്കത്തിന്റെ കൂടെകൂടിയത്. അതോടെ വിദേശ ഫുട്ബാൾ താരങ്ങളുടെ ഫ്രീസ്റ്റൈൽ വിഡിയോ കണ്ട് വീട്ടിൽനിന്ന് സ്വന്തമായി പരിശീലിക്കാൻ തുടങ്ങി. ചിലപ്പോൾ അത് രാവിലെ തുടങ്ങി രാത്രിവരെ നീളും. ഭക്ഷണം കഴിക്കാൻ മാത്രമാകും ടെറസിന് മുകളിൽനിന്ന് താഴേക്ക് ഇറങ്ങുക. മൂന്നു വർഷത്തെ പരിശീലനത്തിനൊടുവിൽ ആരെയും വിസ്മയിപ്പിക്കുന്ന രീതിയിൽ, മികവുറ്റ കളിക്കാരേക്കാൾ മികവിൽ പന്തടക്കം റിസ്‍വാന് സ്വന്തം.
നോട്ടം ലോകത്തിന്റെ നെറുകയിൽ
പന്തടക്കത്തിന്റെ പെരുമക്കൊപ്പംതന്നെ നിൽക്കുന്നതാണ് റിസ്‍വാന്റെ അപാരമായ ധൈര്യവും. കുനിയിൽ പെരുങ്കടവ് പാലത്തിനു കീഴിലൂടെ ചാലിയാറിലെ വെള്ളം കുത്തിയൊലിച്ചുപോകുമ്പോഴും പാലത്തിന്റെ കൈവരിയിൽ ഇരുന്ന് റിസ്‍വാൻ പന്തുതട്ടും. അപ്പോഴാ നോട്ടം ആ വെളുത്ത പന്തിൽ മാത്രമായിരിക്കും. കൈവരിയിൽ ഇരുന്ന് പുഴയിലേക്ക് കാൽ നീട്ടി എത്ര നേരം വേണമെങ്കിലും ജഗ്ലിങ് ചെയ്യും. കാൽ കഴക്കും, കണ്ണൊന്ന് തെറ്റും, പന്ത് താഴെ പോകും എന്നൊക്കെ കാഴ്ചക്കാർക്ക് പ്രതീക്ഷിക്കാമെങ്കിലും ആ പ്രതീക്ഷകളെയെല്ലാം കുമ്മായവരക്കപ്പുറത്തേക്ക് അടിച്ചുവിടും റിസ്‍വാൻ.
ശരീരത്തിലെ ഏതു ഭാഗം ഉപയോഗിച്ചും മൊബൈൽ ഫോൺ വെച്ചും വിവിധ തരത്തിലുള്ള അഭ്യാസപ്രകടനങ്ങൾ നടത്തുന്ന റിസ്‍വാന് പുഴയോരവും ആൾത്തിരക്കുള്ള റോഡുമെല്ലാം ഒരുപോലെ. നിരവധി വിദേശ താരങ്ങളാണ് റിസ്‍വാന്റെ അഭ്യാസപ്രകടനങ്ങൾ കാണാൻ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. വേൾഡ് ഫ്രീസ്റ്റൈൽ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ തയാറെടുക്കുന്ന റിസ്‍വാന് ആദ്യമൊക്കെ എതിർപ്പുയർത്തിയിരുന്ന കുടുംബത്തിന്റെ പൂർണ പിന്തുണയുണ്ടിപ്പോൾ.
തെരട്ടമ്മൽ മജ്മഅ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പ്ലസ്ടു പൂർത്തിയാക്കി തുടർപഠനത്തിന് കാത്തിരിക്കുന്ന ഈ ചെറുപ്പക്കാരൻ മാങ്കടവ് സ്വദേശി അബ്ദുൽ മജീദ്-മൈമൂന ദമ്പതികളുടെ മകനാണ്. മുഹ്‌സിൻ, റിഫാൻ, ഇർഫാന തസ്‌നി എന്നിവരാണ് സഹോദരങ്ങൾ.
‘പ്രാക്ടിസ് മേക് പെർഫെക്ട്’ എന്നതാണ് റിസ്‍വാന്റെ വിജയതന്ത്രം. ആ തന്ത്രം നിറച്ച തുകൽപന്ത് ശരീരത്തിലൂടെ ഒഴുകിയിറങ്ങുമ്പോൾ ലോകത്തിന്റെ നെറുകയിൽ റിസ്‍വാന്റെ പുഞ്ചിരി കാണാം, അധികം വൈകാതെ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.