ആണുങ്ങൾക്കെന്താ പാചകം ചെയ്താൽ? തുണി അലക്കിയാൽ? കുഞ്ഞിനെ നോക്കിയാൽ?
text_fields''ഒരു വയസ്സുകാരനായ കൊച്ചുമകനെ പരിചരിക്കാന്‍ സഹായിക്കുകയായിരുന്നു കഴിഞ്ഞ ആഴ്ചയില്‍. അപ്പോഴാണ് ഈ ചിത്രത്തിെൻറ കടുത്ത യാഥാര്‍ഥ്യം എനിക്ക് തിരിച്ചറിയാനായത്. എല്ലാ വര്‍ക്കിങ് മദേഴ്സിനെയും ഞാന്‍ സല്യൂട്ട് ചെയ്യുന്നു. ഒപ്പം, സഹപ്രവര്‍ത്തകരായ പുരുഷന്മാരുടേതിനേക്കാള് കൂടുതല്‍ പരിശ്രമം അവരുടെ വിജയത്തിന് പിന്നിലുണ്ടെന്ന കാര്യവും അംഗീകരിക്കുന്നു''-പ്രമുഖ ബിസിനസുകാരനായ ആനന്ദ് മഹീന്ദ്രയുടേതായി ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് സോഷ്യല്‍ മീഡിയയില്‍ പാറിനടന്ന ട്വീറ്റിെൻറ ഏകദേശ രൂപമാണിത്.
ആ ട്വീറ്റില്‍ പരാമര്‍ശിക്കുന്നത് ഒരു സ്പാനിഷ് കാര്‍ട്ടൂണിനെക്കുറിച്ചാണ്. മനോഹരമായൊരു സിന്തറ്റിക് ട്രാക്കില്‍ ലക്ഷ്യത്തിലേക്ക് കുതിക്കാനായി ഒരുങ്ങിനില്ക്കുന്ന മത്സരാര്ഥികളാണതിലുള്ളത്; ആണും പെണ്ണും. ആണുങ്ങളുടെ മുന്നില്‍ ട്രാക്ക് തടസ്സമേതുമില്ലാതെ ഒഴുകിക്കിടക്കുന്നു. അവര്‍ക്കരികിലായി നില്ക്കുന്ന സ്ത്രീകള്‍ക്കു മുന്നില്‍ പക്ഷേ, ഹര്ഡ്ല്സുകളുടെ കൂമ്പാരമാണ്. അലക്കിയതും അല്ലാത്തതുമായ വസ്ത്രങ്ങള്‍, അയണ്‍ബോക്സ്, ഓവന്, വാഷിങ് മെഷീന്... അങ്ങനെ സ്ത്രീകള്‍ക്ക് 'പറഞ്ഞിട്ടുള്ള' പല പണികള്‍ ദാ നിരനിരയായി മുന്നില്‍. ജോലിക്കാരായ പുരുഷന്മാര്ക്ക് തങ്ങളുടെ ലക്ഷ്യത്തിലേക്കു മാത്രം ശ്രദ്ധകേന്ദ്രീകരിക്കേണ്ടപ്പോള്‍ അതേ വിഭാഗത്തില്‍പെട്ട സ്ത്രീകള്‍ക്ക് എന്തെല്ലാം വെല്ലുവിളികള്‍ കഴിഞ്ഞു വേണം മുന്നേറാന്‍ എന്ന് ഓര്‍മിപ്പിക്കുന്ന തകര്‍പ്പനൊരു കാര്‍ട്ടൂണ്‍.
ആനന്ദ് മഹീന്ദ്രയെപ്പോലെ ഒരാള്‍ക്ക് സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളിയും അവരുടെ സമര്‍പ്പണവുമൊക്കെ അക്ഷരാര്‍ഥത്തില്‍ മനസ്സിലാകാന്‍ ഷഷ്ടിപൂര്ത്തിക്കാലം കഴിയേണ്ടിവന്നു. കുടുംബവും അടുക്കളയും കുട്ടികളുമെല്ലാം 'പെണ്ജോലികള്' ആയി മാത്രം കരുതുന്ന നമ്മുടെ സമൂഹത്തില്‍ ഇപ്പോഴെങ്കിലും തിരിച്ചറിവ് വന്നല്ലോ എന്നോര്‍ത്ത് സമാധാനിക്കുകതന്നെ വഴി.
ജോലിക്കാരായ വീട്ടമ്മമാരുടെ 'അര്‍പ്പണത്തിന്' സല്യൂട്ട് അടിക്കുന്നതില്‍ തീരുന്നില്ല ആ ചിത്രത്തിെൻറ അര്‍ഥതലം. പുരുഷന്മാരുടെ മുന്നില്‍ അതേ തടസ്സങ്ങള്‍ എന്തുകൊണ്ടില്ല എന്ന ചോദ്യംകൂടി ചര്ച്ചയാകുമ്പോഴേ അര്‍ഥം പൂർണമാകൂ. അലക്കിത്തേച്ച വസ്ത്രം ധരിക്കുന്നതും സമയാസമയം ഭക്ഷണം കഴിക്കുന്നതും വൃത്തിയുള്ള വീടകങ്ങളില്‍ നേരം ചെലവിടുന്നതുമൊക്കെ പെണ്ണിനു മാത്രം വേണ്ട കാര്യമല്ലല്ലോ. ഇക്കാര്യങ്ങളുടെയല്ലാം തുല്യ ആവശ്യക്കാരായി ആണുങ്ങളുമില്ലേ. അപ്പോള്‍ പണിയെടുക്കാനെന്തേ ആണുങ്ങളില്ലാത്തത്? ഈ ചോദ്യം ചോദിക്കുന്നതുപോലും പക്ഷേ, നമുക്ക് വാര്‍ത്തയാണ്. ആണൊരുത്തല് വീട്ടില്‍ പാത്രം കഴുകിയാല്‍, ചോറുംകറിയും വെച്ചാല്‍, തുണിയലക്കിയാല്‍, കുഞ്ഞിനെ കുളിപ്പിച്ചാല്‍ അതൊക്കെ വൈറല്‍ സ്റ്റാറ്റസ് കിട്ടേണ്ട സോഷ്യല്‍ മീഡിയ പോസ്റ്റുകളും 'പെണ്‍കോന്തന്‍' കളിയാക്കലുകള്‍ക്ക് അര്‍ഹതപ്പെട്ടതുമാണ് നമ്മുടെ നാട്ടില്‍. കാരണം, ഭൂരിഭാഗത്തിനും വീട്ടുജോലി 'പെണ് മൗലികാവകാശ'മാണല്ലോ...
വേർതിരിവുകൾ മായുന്നു
പുരുഷന് പുറത്ത് ജോലിക്കു പോകുന്നു, സ്ത്രീകള്‍ വീട്ടുജോലികള്‍ ചെയ്യുന്നു എന്ന സമവാക്യം ഈ കാലഘട്ടത്തിന് ചേരുന്നതല്ല. പഴയകാലത്തെ ശാഠ്യവും െവച്ചിരുന്നാല് തൊഴില്‍ സമ്മർദത്തിനെ വിളിച്ചുവരുത്തുന്നതിന് പുറമെ സന്തുഷ്ടമായ കുടുംബനിമിഷങ്ങളെ അവഗണിക്കുന്നതുകൂടിയാകും. ഭാര്യയും ഭര്‍ത്താവും ജോലിക്കു പോകുന്നത് ഇപ്പോള്‍ സര്‍വസാധാരണം. ആണ്ജോലി, പെണ്ജോലി എന്ന അതിര്‍വരമ്പുകളും മാഞ്ഞുകൊണ്ടിരിക്കുകയാണ്. എല്ലാതരം ഗാര്‍ഹിക ജോലികളും ചെയ്യാനുള്ള മനസ്സൊരുക്കവും തയാറെടുപ്പും രണ്ടു കൂട്ടര്‍ക്കും വേണം. പാചകം, അലക്കല്‍ അങ്ങനെ പലതിലും ഉത്തരവാദിത്തം പങ്കുെവച്ചുള്ള, പ്രത്യേകിച്ചും ശാരീരിക സാധ്യതകള്‍ പരിഗണിച്ച്, ജീവിതശൈലി കുടുംബങ്ങളില്‍ രൂപപ്പെടുത്തിയെടുക്കണം. അങ്ങനെ ഒരു രൂപപ്പെടുത്തല്‍ കുട്ടികളെ വളര്‍ത്തുന്ന ഘട്ടത്തില്‍പോലും ആണ്ജോലികള്, പെണ്ജോലികള് എന്ന വേര്‍തിരിവില്ലാതെ പഠിപ്പിച്ചാല്‍ മാത്രമേ കഴിയുള്ളൂ. മാറ്റമുണ്ടാക്കേണ്ടത് കതിരിലല്ല, നാമ്പിട്ട് ഉയർന്നുവരുേമ്പാഴേ ശീലമുണ്ടായാലേ ജോലികളിൽ ആൺ-പെൺ വേർതിരിവില്ലെന്ന ബോധ്യം വ്യക്തികളിൽ ഇരിപ്പുറക്കൂ. ജോലി പങ്കിടാന്‍ മടിയും പ്രശ്നവുമൊക്കെ മിക്കവാറും പുരുഷനായിരിക്കും. എന്തുകൊണ്ട് ആണുങ്ങൾ വീട്ടുേജാലികൾ ചെയ്യുന്നില്ല?
രണ്ടു കാര്യങ്ങളാണ് ഉത്തരമായി കിട്ടുക. എന്തെങ്കിലും ചെയ്താൽ പിന്നീട് അത് സ്ഥിരമായി തലയിലാകും എന്ന ചിന്ത ഒന്ന്. അയ്യേ നീയാണോ ഇതൊക്കെ ചെയ്യുന്നത്?, നിനക്ക് വേറെ പണിയില്ലേ? എന്ന തരത്തിലുള്ള വാക്കുകൾ കേൾക്കേണ്ടിവരുമെന്ന, 'മറ്റുള്ളവരെന്തു പറയും' കോംപ്ലക്സ് രണ്ട്. എന്നാല്‍, ജീവിതപങ്കാളിയെ തന്നെപ്പോലെ ഒരു വ്യക്തിയായി കണ്ട് ആദരിച്ചാൽ തീരാവുന്ന പ്രശ്നമേ സത്യത്തിൽ ഇപ്പോൾ ഇത്തരം ഇൗഗോയും കോംപ്ലക്സും ഒക്കെ നിറഞ്ഞ ആണുങ്ങൾക്കുള്ളൂ. പുരുഷന്മാർ ജോലികളിൽനിന്ന് മാറിനിൽക്കുന്നതിനു പിന്നിലെ ചെറുതല്ലാത്തൊരു കാരണമായി പലപ്പോഴും സ്ത്രീകളുടെ കടുംപിടിത്തവും കാണാറുണ്ട്. എെൻറ ഭർത്താവ് അല്ലെങ്കിൽ മകൻ കുനിഞ്ഞൊരു സ്പൂൺ പോലും എടുക്കരുത് എന്ന ചിന്താഗതി. അവന് ആണല്ലേ, അലക്കലും അടുക്കളയും ഒന്നും അവനല്ല ചെയ്യേണ്ടത് എന്ന സ്റ്റാന്‍ഡില്‍ ഉറച്ചുനില്‍ക്കുന്ന പെണ്ണുങ്ങൾ തങ്ങളെന്ത് അനീതിയാണ് ചെയ്യുന്നതെന്ന് അറിയുന്നില്ല.
വീട്ടിലെ സ്ത്രീയെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവര്‍ക്ക് അതൊരു പ്രശ്നമേ ആകില്ല. പൂർണ മനസ്സോടെ നമുക്കെല്ലാം ഒരുമിച്ച് ചെയ്യാം എന്ന ചിന്താഗതിയോടെ ജോലികള്‍ ചെയ്യാന്‍ കൂട്ടുകൂടിയാല്‍ അത് ഭാര്യ-ഭര്‍തൃ ബന്ധത്തിലെ ഊഷ്മളത കൂട്ടുകയേ ചെയ്യൂവെന്ന് മാനസികാരോഗ്യ വിദഗ്ധനായ ഡോ. സി.ജെ. ജോണ്‍ ചൂണ്ടിക്കാട്ടുന്നു. ''കുടുംബത്തില്‍നിന്നാണ് ലിംഗനീതി സമൂഹത്തിലേക്ക് എത്തേണ്ടത്. അതിനായി ഇത്തരം കൂട്ടായ്മയും പങ്കാളിത്തവും ആവശ്യമാണ്. പുതിയകാലത്ത് മടിയും ജാള്യതയുമില്ലാതെ വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിറവേറ്റുന്ന നിരവധി ചെറുപ്പക്കാരെ കാണാനാകും. എന്നാല്‍, ഇതൊന്നും താന്‍ ചെയ്യേണ്ടതല്ല എന്ന ബോര്‍ഡ് പിടിച്ചുനില്ക്കുന്നവര് കുറച്ചധികം ഉണ്ടുതാനും. മറ്റുള്ളവര്‍ എന്തു പറയും എന്ന ചിന്തതന്നെയാണ് അവരുടെ പ്രശ്നം. സമൂഹം എന്തു പറഞ്ഞാലും ഇത് പഴയകാലമല്ലെന്ന് ചങ്കൂറ്റത്തോടെ പറയാനുള്ള നിലപാട് ഉണ്ടായാല്‍ മാത്രം മതി.''
ഭാര്യയും ഭർത്താവും കുട്ടികളും മാത്രമുള്ള കുടുംബം, രണ്ടു പേരും തിരക്കേറിയ ജോലിക്കാരായ കുടുംബം, അങ്ങനെയുള്ള 'േഫാഴ്സ്ഡ്' സാഹചര്യങ്ങളുടെ സമ്മർദത്തിനപ്പുറം ഇെതാക്കെ എെൻറ പ്രിയപ്പെട്ടയാൾക്കൊപ്പം ചെയ്യാൻ, അതിലൂടെ ഒപ്പം കൂടുതൽ സമയം ചെലവഴിക്കാൻ നിലപാടെടുക്കുക എന്നതാണ് വേണ്ടത്. ആവശ്യം എന്നതിനപ്പുറം നിലപാടായി വേണം ഈ ചിന്താഗതി സമൂഹത്തില്‍ വേരോടേണ്ടത്.
പെണ്ണായി ജനിച്ചതുകൊണ്ട് പെണ്ണുതന്നെ ചെയ്യേണ്ടുന്ന േജാലികൾ എന്നൊന്നില്ലെന്ന് വിളിച്ചുപറഞ്ഞുകൊണ്ട്, കുടുംബത്തില്‍ പണം സമ്പാദിക്കലും തീരുമാനം എടുക്കലും മാത്രമാണ് തെൻറ ഉത്തരവാദിത്തം എന്ന് വിശ്വസിക്കാത്ത ആണ്‍കൂട്ടങ്ങളും നമുക്കിടയില്‍ അഭിമാനത്തോടെതന്നെയുണ്ട്. ആൺജോലിയും പെൺജോലിയും എന്നുള്ള വേർതിരിവില്ലെന്നൊരു ബോധ്യം പുതിയ കാലത്തെങ്കിലും വന്നുചേരുന്നതിെൻറ ശുഭസൂചനകൾ അപൂർവം കുടുംബങ്ങളിലെങ്കിലും കാണാം. പാചകം ചെയ്യുന്ന, പാത്രം കഴുകുന്ന, തുണി അലക്കുന്ന, കുഞ്ഞിനെ കുളിപ്പിക്കുന്ന ആൺകൈകൾ. അണുകുടുംബത്തിെൻറ ബാക്കിപത്രെമന്നും വേറെ വഴിയില്ലാത്തതുകൊണ്ടെന്നും ഒക്കെ വ്യാഖ്യാനിക്കാൻ ആളുണ്ടാകും. പക്ഷേ, മറ്റെന്ത് നിർവചനങ്ങൾക്കുമപ്പുറം നിലപാടിെൻറയും സമത്വത്തിെൻറയും പരസ്പരാദരവിെൻറയും സ്നേഹോഷ്മളമായ ബന്ധത്തിെൻറയും അടയാളങ്ങളാണ് അത്തരം പങ്കുവെക്കലുകൾ. വീടുകൾ ആൺ-പെൺ വേർതിരിവുകളില്ലാത്ത സ്നേഹക്കൂടുകളാക്കിയ ചില ദമ്പതികളെ പരിചയപ്പെടാം...
'രണ്ടു പേർ ചെയ്യുന്നതുകൊണ്ട് ജോലിയെല്ലാം പെട്ടെന്ന് തീരും'
ആദ്യ കുഞ്ഞിനെ ഗർഭം ധരിച്ചിരുന്നപ്പോൾ റോസിന് ഡോക്ടർ ബെഡ്റെസ്റ്റ് നിർദേശിച്ചതാണ് രാഹുലിെൻറയും റോസിെൻറയും ജീവിതത്തിലെ ടേണിങ് പോയൻറായത്. സത്യം പറഞ്ഞാൽ, ചെയ്യേണ്ടിവന്നതുകൊണ്ട് ചെയ്തു എന്ന രീതിയിലായിരുന്നു അടുക്കളയിലേക്കുള്ള തെൻറ പ്രവേശനമെന്ന് രാഹുൽ ഒാർക്കുന്നു. എന്നാൽ, അധികം വൈകാതെ പാചകവും മറ്റു ജോലികളുമെല്ലാം ചെയ്യുന്നത് രാഹുലും, ഭർത്താവുണ്ടാക്കുന്ന ഭക്ഷണം താനും ആസ്വദിച്ചു തുടങ്ങിയതോടെ ഷെയറിങ് ജീവിതത്തിെൻറ ആഹ്ലാദത്തിലേക്ക് പൂർണമായി തങ്ങൾ എത്തുകയായിരുന്നെന്ന് റോസ്.
ഇൻറലില്‍ ഹാർഡ്വെയര് എൻജിനീയറായ റോസ് തോമസും ഫ്രീലാന്‍സ് ഗ്രാഫിക് ഡിസൈനറായ ടി.പി. രാഹുലും മക്കളായ ഇഷ വരേണ്യക്കും നിള വരേണ്യക്കുമൊപ്പം ബംഗളൂരുവിലാണ് തങ്ങളുടെ 'കൂടൊരുക്കി'യിരിക്കുന്നത്.
മറ്റാരെയും സഹായത്തിന് കൂട്ടാതെ തങ്ങളുടെ കാര്യങ്ങള്‍ സ്വയം ചെയ്യണമെന്ന നിര്‍ബന്ധമായിരുന്നു രാഹുലിനും റോസിനും. പാചകത്തോടുള്ള ഇഷ്ടവും കൂടിയായതോടെ രുചിക്കാര്യത്തിലും രാഹുലിെൻറ ഇടപെടൽ ക്ലിക്കായി. വീട്ടുജോലികള്‍ പങ്കുെവക്കുന്നതില് നാണക്കേടോ ചമ്മലോ ഒരിക്കലും ഇരുവര്‍ക്കും തോന്നിയിട്ടില്ല. ''ബംഗളൂരു ജീവിതത്തിലെ സൗഹൃദവലയത്തില്‍ ഇതൊന്നും വലിയ കാര്യമേയല്ല. കുഞ്ഞിനെ കുളിപ്പിക്കുന്നതുപോലുള്ള ജോലികള്‍ ഞാൻ ചെയ്യുന്നത് കണ്ട് അത്ഭുതപ്പെട്ടവരെ കാണുന്നത് നാട്ടിലെത്തുമ്പോഴാണ്. വീട്ടില്‍ വല്യമ്മച്ചിയെപ്പോലുള്ളവരൊന്നും ഇങ്ങനെയൊന്നും കണ്ടിട്ടില്ലല്ലോ. ആദ്യ തവണ അന്തംവിടുന്നവര് വീണ്ടുമൊരിക്കല്‍കൂടി കാണുമ്പോള്‍ ആക്സപ്റ്റഡ് ആകും. കുത്തുവാക്കായിട്ടൊന്നും കേള്‍ക്കേണ്ടിവന്നിട്ടില്ല'' -രാഹുല്‍ പറഞ്ഞു. പിന്നെ ചെറുപ്പത്തില്‍ വീട് വൃത്തിയാക്കല്‍ പോലുള്ള പണികൾ തന്നെക്കൊണ്ട് ചെയ്യിച്ചിരുന്ന അമ്മക്കുകൂടി ഇപ്പോഴത്തെ തെൻറ നിലപാടുകള്‍ക്ക് ക്രെഡിറ്റ് നല്കുന്നു രാഹുല്‍.
ഇങ്ങനെ കുട്ടിക്കാലം മുതല്‍ ശീലം വളര്‍ത്തിയാല്‍ പല പൊരുത്തക്കേടുകള്‍ക്കും നാട്ടുകാരുടെ കുത്തുവാക്കുകള്ക്കുമെല്ലാം സ്ഥാനം നഷ്ടമാകും എന്ന പോസിറ്റിവിറ്റിയും ഇരുവരും പങ്കുെവക്കുന്നു. ''ആണുങ്ങള് ഇത് ചെയ്യാന്‍ പാടില്ല, പെണ്ണുങ്ങളാണ് ഇത് ചെയ്യേണ്ടത്'' എന്നുള്ള വേര്‍തിരിവുകള്‍ ഇല്ലാതാക്കാന്‍ ഷെയറിങ് സഹായിക്കും. ഞങ്ങള്‍ക്ക് രണ്ടു പെണ്മക്കളാണ്. പെണ്‍കുഞ്ഞായതുകൊണ്ട് ഇന്നതേ ചെയ്യാവൂ, ഇന്നത് ചെയ്തുകൂടാ എന്ന രീതിയില്‍ അവരോട് പെരുമാറാറില്ല. ഞങ്ങളുടെ പ്രവൃത്തികളിലും വേര്‍തിരിവ് അവര്‍ക്ക് കാണാനാകില്ല'' -റോസ് പറഞ്ഞു.
സ്വയം ഉദാഹരണമാകുമ്പോഴും സമൂഹത്തിലുള്ള ആണ്, പെണ് വേര്‍തിരിവുകള്‍ കുട്ടികളെ സ്വാധീനിക്കുന്നതിനെക്കുറിച്ചും രാഹുലിന് പറയാനുണ്ട്. ''പെണ്‍കുട്ടികളുടെ ജോലികള്‍ ആണ്‍കുട്ടികള്‍ ചെയ്തുകൂടേ എന്ന ചോദ്യത്തിനൊപ്പം ആണിെൻറ ജോലി എന്തിനാ പെണ്ണ് ചെയ്യുന്നത് എന്ന മെൻറാലിറ്റി ബംഗളൂരുപോലൊരു മെട്രോ നഗരത്തിലും കാണാന്‍ കഴിയും. അത് ഞങ്ങളുടെ കുട്ടികളും നേരിടുന്നുണ്ട്. ഇടക്കു മോള് ചോദിച്ചു, ആണുങ്ങള് മാത്രമല്ലേ ഡ്രൈവ് ചെയ്യുള്ളൂ, പിന്നെ അമ്മ എന്തിനാ ഡ്രൈവ് ചെയ്യുന്നതെന്ന്. പുറംലോകം കണ്ടപ്പോള്‍ കുട്ടിക്കുണ്ടായ ആ കണ്ഫ്യൂഷന് പിന്നീട് ഞങ്ങള്‍ക്ക് തിരുത്തിക്കൊടുക്കേണ്ടിവന്നു. ഇത്തരം തിരുത്തലുകളിലൂടെ മുന്നോട്ടുപോകുമ്പോള്‍ ഈ നിലപാടും അവരില്‍ വേരുറക്കും.''
കുട്ടികളുടെ വ്യക്തിത്വവികസനത്തിനും തങ്ങളുടെ ഷെയറിങ് രീതി ഒത്തിരി സഹായിക്കുന്നുണ്ടെന്ന് ഇരുവരും വിശ്വസിക്കുന്നു. അമ്മക്ക് ചെയ്യാന്‍ കഴിയാത്ത കുറച്ച് കാര്യങ്ങളുണ്ടാകും. അച്ഛന് ചെയ്യാനാകാത്തതും ചിലതുണ്ടാകും. എന്നാല്‍, മറ്റേയാള്‍ക്ക് അത് ചെയ്യാന്‍ കഴിഞ്ഞാല്‍, കുഞ്ഞുങ്ങളോട് അതിലൂടെ കണക്ട് ചെയ്യാന്‍ കഴിഞ്ഞാല്‍ കുടുംബത്തിനും പൂർണത കൈവരും എന്ന ചിന്ത റോസ് പങ്കുെവക്കുന്നു. ഭാര്യതന്നെ എല്ലാം ചെയ്തോട്ടെ എന്നൊക്കെ ചിന്തിച്ച് വീട്ടുജോലി ചെയ്യാതിരുന്നാല്‍ ഭാവിയില്‍ ഒറ്റക്കാകുന്നൊരു അവസ്ഥ വന്നാല്‍ ബുദ്ധിമുട്ടിപ്പോകും എന്നും ഓര്‍മിപ്പിച്ചു രാഹുല്‍.
സമയക്കുറവിേൻറതാണ് പുതുകാലം. ജോലിക്കാരായ ദമ്പതികൾക്ക് ജീവിതത്തിലെ സുന്ദര നിമിഷങ്ങള്‍ ഒരുമിച്ച് ആസ്വദിക്കാന്‍ വേണ്ടത്ര സമയം കെണ്ടത്താന്‍ കഴിഞ്ഞെന്നു വരില്ല. അങ്ങനെയൊരു കാലത്തും ഒരുമിച്ചിരിക്കാനും ജീവിതം പങ്കിടാനും പ്രത്യേകം ശ്രമം നടത്തേണ്ട കാര്യമേ ഇല്ലെന്ന് അനുഭവത്തില്‍നിന്ന് രാഹുലും റോസും പറയുന്നു. ''വീട്ടുജോലികള്‍ ചെയ്യുന്ന സമയം ഇരുവരും ഒരുമിച്ചാണ്. ഓഫിസ് വിശേഷം പറയാനും സ്വപ്നങ്ങള്‍ പങ്കുെവക്കാനും ആശങ്കകള്‍ പറഞ്ഞുതീര്ക്കാനുമെല്ലാം ആ സമയം ഉപയോഗിക്കാം. ജോലി ഒഴിഞ്ഞിട്ട് കൂട്ടുകാരെ കാണാനോ ഒരുമിച്ചിരുന്ന് എന്തെങ്കിലും ചെയ്യാനോ ഒന്നും സമയം കിട്ടില്ല എന്ന പ്രശ്നം വീട്ടുജോലികള്‍ ഷെയര്‍ ചെയ്താല്‍ ഉണ്ടാകില്ല. രണ്ടു പേര് ചെയ്യുന്നതുകൊണ്ട് ജോലിയെല്ലാം പെട്ടെന്ന് തീരും. രണ്ടാള്‍ക്കും പെട്ടെന്ന് ഫ്രീയാകാം. ബാക്കി കിട്ടുന്ന സമയമെല്ലാം ബോണസ്...
'പ്രശാന്ത് പാചകം ചെയ്യും, ഞാൻ പാത്രം കഴുകും'
പാചകം ചെയ്യുന്ന കാര്യംതന്നെ ഡിഫിനക്കു ടെൻഷൻ നൽകുന്ന കാര്യമാണ്. വീട്ടിൽ െഗസ്റ്റ് ഉണ്ടെങ്കിൽ ഒരു പരീക്ഷണം നടത്തി കാര്യങ്ങൾ കുളമാക്കാൻ ഒട്ടും ധൈര്യമില്ല. പ്രശാന്തിനാകട്ടെ പാചകം ഹരമാണ്. വീട്ടിൽ സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ച് അടുക്കളയും പാചകപരീക്ഷണസാമഗ്രികളുമൊക്കെ റെഡിയാക്കിയിട്ടുണ്ട് പ്രശാന്ത്. ഒമ്പതു മാസം മുമ്പ് ആ വീട്ടിലേക്കു പ്രശാന്തിനു കൂട്ടായി വന്നതോടെയാണ് കുക്കിങ്ങിലെ ഡിഫിനയുടെ പേടി മാറിയത്. മുമ്പ് ഒന്നുമറിയില്ല എന്ന് പരിതപിച്ചിരുന്ന പെൺകുട്ടിക്കിപ്പോൾ ഒന്നും അറിയേണ്ട കാര്യമേയില്ല. എല്ലാം പ്രശാന്തിെൻറ കൈയിൽ ഭദ്രം. എത്ര അതിഥികൾ വന്നാലും വ്യത്യസ്തവും രുചികരവുമായ ഭക്ഷണം റെഡി. ചെറു സഹായങ്ങളുമായി ഞാൻ കൂടെ നിന്നാൽ മാത്രം മതി -ഡിഫിന പറഞ്ഞു.
കൊച്ചി ഇൻഫോപാർക്കിലാണ് പ്രശാന്ത് ശങ്കരൻ ജോലി ചെയ്യുന്നത്. ബൈസൺവാലിയിൽ ഫാർമസിസ്റ്റാണ് ഡിഫിന. ഡിഫിന വീട്ടിലെത്തുന്ന എല്ലാ ആഴ്ചയും കുക്കിങ് പരീക്ഷണങ്ങളുടെ ആഘോഷമാണ്. പുറത്തുനിന്ന് കഴിക്കുന്ന ഒട്ടുമിക്ക വിഭവങ്ങളും പരീക്ഷിച്ചുനോക്കാറുണ്ടെന്ന് പ്രശാന്ത്. ഭർത്താവ് തയാറാക്കുന്ന ചിക്കൻ വിഭവങ്ങളോട് ഡിഫിനക്കും ഏറെയിഷ്ടം. 'അൽ അഷ്റൂഫാ'ണ് ഇതുവരെ പ്രശാന്ത് തയാറാക്കിയതിൽ ഡിഫിനയുടെ ഫേവറിറ്റ്. പ്രശാന്തിെൻറ പാചകവും വിളമ്പലുമെല്ലാം ഒതുങ്ങിയാൽ പാത്രം കഴുകൽ തെൻറ ഡിപ്പാർട്മെൻറായി ഡിഫിന ഏറ്റെടുക്കും. തനിക്ക് കാലിന് ചെറിയ പ്രശ്നമുള്ളതിനാൽ ശാരീരികമായി കൂടുതൽ ആയാസം വേണ്ട വീട്ടുജോലികളിലും ഡിഫിനതന്നെയാണ് കൈവെക്കാറെന്ന് പ്രശാന്ത്.
ജോലികളിൽ ആൺപെൺ വേർതിരിവുകൾ ഇല്ലെന്ന അഭിപ്രായം പങ്കുെവക്കുന്നയാളാണ് പ്രശാന്ത്. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത്. മുമ്പ് ഒരു ചായപോലും എടുത്ത് കഴിക്കാതിരുന്ന തെൻറ അച്ഛൻപോലും ഇപ്പോൾ കാലത്തിനനുസരിച്ച് മാറിയ അനുഭവവും പ്രശാന്തിനുണ്ട്. പഴയ തലമുറയെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കാൻപോലും പുതുതലമുറയുടെ ഇടപെടലുകൾ വഴി സാധിക്കുമെന്നും പ്രശാന്ത് പറഞ്ഞു.
വീട്ടിലെ ഉത്തരവാദിത്തങ്ങൾ കണക്ക്സൂക്ഷിച്ച് ചെയ്യേണ്ട കാര്യങ്ങളല്ല. എേൻറത്, അവളുടേത്, അവേൻറത് എന്ന വേർതിരിവുകളുടെ ആവശ്യമേയില്ല എന്ന് ഇൗ ദമ്പതികൾ വിശ്വസിക്കുന്നു. ശാരീരിക ബുദ്ധിമുട്ടുകളല്ലാതെ വീട്ടുജോലികൾ ഏറ്റെടുത്ത് ചെയ്യുന്നതിൽ ഭർത്താവിനും ഭാര്യക്കും മുന്നിൽ മറ്റൊരു തടസ്സവുമുണ്ടാകാൻ പാടില്ല. തങ്ങളാൽ കഴിയുന്നത് മുൻകൈയെടുത്ത് ചെയ്യുക. കുട്ടികളെ നോക്കുന്ന കാര്യത്തിൽ ഒരാളുടേത് മാത്രമല്ല കുഞ്ഞ് എന്ന കാര്യം ദമ്പതികൾ ഒാർക്കേണ്ടതുണ്ടെന്ന് പ്രശാന്ത് വിശദീകരിക്കുന്നു. എന്നാൽ, സ്ത്രീകൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും പുരുഷന്മാർക്ക് ചെയ്യാൻ കഴിയില്ല എന്ന അഭിപ്രായവും പ്രശാന്ത് പറയാൻ മറന്നില്ല. പങ്കാളിയെ പ്രോത്സാഹിപ്പിക്കുന്നതിനും വ്യക്തിയെന്ന നിലയിൽ വളരുന്നതിനുംകൂടി സഹായിക്കുന്നതാണ് ഒരുമിച്ചുള്ള ജോലിനേരങ്ങളെന്ന് ഒാർമിപ്പിക്കുന്നു ''ഇപ്പോൾ ചെറിയ രീതിയിൽ ഞാനും പാചകപരീക്ഷണങ്ങൾ തുടങ്ങി'' എന്ന ഡിഫിനയുടെ വാക്കുകൾ.
'കുഞ്ഞുങ്ങൾ അമ്മയുടെ മാത്രം ഡിപ്പാർട്മെൻറല്ല'
''ഞങ്ങളുടെ ജീവിതത്തിലെ അത്രമേൽ നോർമൽ ആയ കാര്യം'' -വീട്ടിലെ ജോലികൾ പങ്കുെവക്കുന്നതിനെക്കുറിച്ച് പാലക്കാട്ടുകാരായ ഹബീബ്-അഞ്ജു ദമ്പതികൾക്ക് പറയാനുള്ളത് അതായിരുന്നു. പരസ്പരസ്നേഹത്തിെൻറ മറ്റൊരു രൂപമാണ് അവർക്ക് ആ ജോലികൾ. രണ്ടു മക്കൾ കൂടിച്ചേർന്ന് പൂർണതയിലെത്തിയ ആ കുഞ്ഞു കുടുംബത്തിെൻറ ദൈനംദിനശീലം. ഒരുമിച്ച് ജീവിതം തുടങ്ങിയ കാലം മുതൽ തങ്ങൾ അങ്ങനെയേ ജീവിച്ചിട്ടുള്ളൂ എന്നു പറയുന്നു ഹബീബും അഞ്ജുവും.
രണ്ടു പേരും ജോലി ചെയ്തിരുന്ന കാലത്തായാലും ഒരാൾ മാത്രം ജോലി ചെയ്തിരുന്ന കാലത്തായാലും അതിൽ മാറ്റമൊന്നും വന്നില്ല. കുടുംബത്തിലെ ജോലികൾ പെണ്ണിനുമാത്രം അവകാശപ്പെട്ടതല്ല, ആർക്കും ചെയ്യാവുന്നതാണെന്ന ചിന്ത തന്നിൽ ബലപ്പെട്ടതിന് കാരണമായി ഹബീബ് ചൂണ്ടിക്കാട്ടുന്നത് ജോലിക്കു പോയിരുന്ന മാതാപിതാക്കളിൽനിന്ന് ചെറുപ്പകാലത്ത് കിട്ടിയ സ്വയംപര്യാപ്തത ശീലങ്ങളാണ്.
''കുക്ക് ചെയ്യുന്നതൊക്കെ താൽപര്യത്തിെൻറ ഭാഗമാണെന്ന് ആളുകൾ പറയാറുണ്ടല്ലോ. അങ്ങനെയൊന്നുമല്ല. എല്ലാ സ്ത്രീകൾക്കും പാചകം ചെയ്യുന്നതിന് ഇഷ്ടമുണ്ടാകണമെന്നില്ല. പാചകം ഇഷ്ടപ്പെടുന്ന പുരുഷന്മാർ ധാരാളം ഉണ്ടുതാനും. നിർബന്ധംകൊണ്ട് മാത്രം അടുക്കളയിൽ കയറുന്ന സ്ത്രീകളുണ്ട്. ഷെഫായി പേരെടുത്ത നിരവധി ആണുങ്ങളെയും നാം കാണുന്നു. ഒരിക്കൽ ചെയ്താൽ പിന്നീട് സ്ഥിരമായി ചെയ്യേണ്ടിവരുമെന്ന ചിന്തയും ഭാരമാകുമെന്ന മുൻവിധിയുമാണ് ആണുങ്ങളെ വീട്ടിലെ പാചകംപോലെയുള്ള കാര്യങ്ങളിൽ നിന്ന് അകറ്റിനിർത്തുന്നത്'' -ഹബീബ് ആൺമനഃശാസ്ത്രം വിശദീകരിച്ചു.
കുടുംബത്തിനുള്ളിലെ കമ്യൂണിക്കേഷൻ കൂടുതൽ മികച്ചതാക്കാൻ സഹായിക്കുന്ന വഴികൂടിയാണ് ഇവർക്ക് വീട്ടുജോലികൾ. തിരക്കേറിയ ജീവിതത്തിൽ ഇങ്ങനെ ഒരുമിച്ച് വീണുകിട്ടുന്ന നിമിഷങ്ങൾകൂടി ആ വഴിക്ക് ഉപയോഗപ്പെടുത്തുകയാണ് ഇരുവരും. വീട്ടിലേക്ക് പച്ചക്കറി വാങ്ങാനുള്ള സമയംപോലും ഇവർ മിനി ഒൗട്ടിങ് ആക്കി മാറ്റുന്നു.
വിവാഹം കഴിഞ്ഞ് ആദ്യകാലത്ത് ജോലി ചെയ്യാൻ കൂടെക്കൂടുന്ന ഭർത്താവ് കുട്ടിയായാൽ പിന്നെ ഒഴിഞ്ഞുമാറുന്ന കാഴ്ചകളുമുണ്ടെന്ന് ഹബീബ്. കുഞ്ഞുങ്ങൾ അമ്മയുടെ ഡിപ്പാർട്മെൻറാെണന്ന് കരുതുന്നവർ, തങ്ങൾക്ക് ഇതൊന്നും അറിയില്ലെന്ന് ജാമ്യമെടുക്കുന്നവരൊന്നും സ്ത്രീകളും ഇതൊന്നും പഠിച്ചിട്ടല്ല വരുന്നതെന്ന കാര്യം സൗകര്യപൂർവം അവഗണിക്കും. ആണുങ്ങൾ കരുതുന്നത് കുട്ടികളെന്നാൽ കളിയും ചിരിയുമാണെന്നാണ്. ഒന്ന് കരഞ്ഞാൽ അപ്പോൾ അമ്മക്ക് കൈമാറും. അതിെൻറ ആവശ്യമേയില്ല. മുലപ്പാലിെൻറ കാര്യമൊഴികെ കുട്ടികളെ എല്ലാ രീതിയിലും നമുക്കുതന്നെ നോക്കാവുന്നതേയുള്ളൂ. ആദ്യ കുഞ്ഞു ജനിച്ച് ഏതാനും ആഴ്ചകൾ മുതൽ അവനെ കുളിപ്പിക്കുന്നത് ഉൾെപ്പടെ കാര്യങ്ങൾ നോക്കിയത് ഹബീബാണ്. ഇപ്പോൾ രണ്ടാമത്തെ കുഞ്ഞ് വന്നപ്പോഴും സഹായത്തിനായി മറ്റൊരാൾ ഇവർക്കിടയിലില്ല. ജിമ്മിൽ വരെ രണ്ടു കുഞ്ഞുങ്ങളുമായാണ് പോക്ക്. ഒരാൾ വർക്കൗട്ട് ചെയ്യുേമ്പാൾ മറ്റെയാൾ കുഞ്ഞുങ്ങളെ ശ്രദ്ധിക്കും. ആ കരുതലിൽ ഫിറ്റ്നസ് ഗോളും ലൈഫ് ഗോളുമെല്ലാം സുരക്ഷിതം. പറ്റില്ല എന്ന് ആളുകൾ പറയുന്നത് പറ്റുമെന്ന് സ്വന്തം ജീവിതംെകാണ്ട് തെളിയിച്ചുെകാടുക്കുകയാണ് ഇൗ ഹാപ്പി ഫാമിലി. എൽ.െഎ.സിയിൽ ഒാഫിസറാണ് ഹബീബ്. സോഫ്റ്റ്വെയർ എൻജിനീയറായിരുന്ന അഞ്ജു ഇപ്പോൾ സംരംഭക വഴിയിലാണ്.
'പാചകം ഒരുമിച്ചായാൽ രസമൊന്നു വേറെ'
നാട്ടിലല്ല, വിദേശത്താണ്. രണ്ടു കുട്ടികളുണ്ട്, രണ്ടു പേർക്കും ജോലിയുമുണ്ട്. കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ ഒത്തൊരുമയോടെ പങ്കുെവച്ചു ചെയ്യാൻ ഇതിലും മികച്ച സെറ്റിങ് വേണോ എന്ന് ചോദിക്കുകയാണ് ജിനിയും സുനിലും.
ജോലിദിനങ്ങളിൽ സുനിൽ നേരത്തേ പോകുേമ്പാൾ രാവിലെയുള്ള ജോലികൾ ജിനിയുടെ കൈയിൽ ഭദ്രം. മൂത്തയാളെ അച്ഛൻ സ്കൂൾ ബസിലാക്കി പോകും. രണ്ടാമെത്തയാൾ അമ്മക്കൊപ്പം ഡേ കെയറിലേക്കും. നഴ്സായ ജിനി ജോലിക്കു പോയി കഴിഞ്ഞാൽ പിന്നെ ഡ്യൂട്ടി കഴിഞ്ഞിറങ്ങുേമ്പാൾ നേരം ഒത്തിരി വൈകിയിരിക്കും. വൈകുന്നേരം ഒാഫിസ് ടൈം കഴിഞ്ഞാൽ പിന്നെ കുട്ടികളെ വീട്ടിലെത്തിക്കുന്നതും കുളിപ്പിക്കുന്നതും ഒരുക്കുന്നതും ആഹാരം കൊടുക്കുന്നതും ഉറക്കുന്നതുമെല്ലാം ഡ്യൂട്ടിയായി സുനിൽ ഏറ്റെടുക്കും. ഇങ്ങനെ രണ്ടു കുട്ടികളുടെയും കാര്യങ്ങൾ മുറതെറ്റാതെ നോക്കുന്നു അവർ രണ്ടുപേരും.
തിരക്കേറിയ ജീവിതത്തിൽ നഷ്ടപ്പെട്ടുപോകുന്ന സുന്ദരനിമിഷങ്ങളെ ഒരുമിച്ച് പാചകം ചെയ്തും തുണിയലക്കിയും കുട്ടികളെ നോക്കിയുമൊക്കെ തിരിച്ചുപിടിക്കുന്നതിെൻറ ആഹ്ലാദമാണ് സുനിലിനും ജിനിക്കുമുള്ളത്. വിദേശമണ്ണിലെ ഗതികേടുകൊണ്ട് ജോലികൾ ചെയ്യുന്നു എന്നല്ല, ഏറെ ഇഷ്ടമായതുകൊണ്ട് മാത്രം ചെയ്യുന്നു എന്നാണ് സുനിലിന് പറയാനുള്ളത്. ഇന്നത്തെ അണുകുടുംബ വ്യവസ്ഥിതിയിൽ ബന്ധങ്ങളിലെ ഇഴയടുപ്പം കൂട്ടി മുന്നേറാനുള്ള വഴിയായാണ് ഇരുവരും ഇത്തരം പങ്കുെവക്കലിനെ കാണുന്നത്.
പാചകവും കുട്ടികൾക്കൊപ്പമുള്ള കളിനിമിഷങ്ങളുമാണ് ഇരുവരും ഷെയർ ചെയ്ത് ചെയ്യുന്നതിൽ ഏറ്റവും കൂടുതൽ ആസ്വദിച്ച് ചെയ്യാറ്.
ലിംഗവേർതിരിവുകളില്ലാതെ ഷെയറിങ്ങിെൻറ പാഠങ്ങൾ കുഞ്ഞു മനസ്സുകളിൽ പകർന്നുനൽകാനും ഇൗ നിമിഷങ്ങൾ ഉപയോഗപ്പെടുത്തണം എന്ന നിലപാടാണ് ഇരുവർക്കും. ഒരിക്കലും വീട്ടിലെ ജോലികൾ ഷെയർ ചെയ്യുന്നു എന്ന പേരിൽ തർക്കമോ കുത്തുവാക്കുകളോ സുനിലിെൻറ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് ജിനി കൂട്ടിച്ചേർക്കുന്നു. ദുൈബ െഎ.ടി മേഖലയിൽ മാനേജറാണ് സുനിൽ പൂനോളി. ജിനിക്കും സുനിലിനും വീട്ടുത്തരവാദിത്തങ്ങൾ രണ്ടു പേരുടേതുമാണ്. അങ്ങനെതന്നെ എന്നും ആയിരിക്കുകയും ചെയ്യുമെന്ന് ഇരുവരും. കാരണം ഇവ്വിധം തിരക്കിന് കീഴടങ്ങാതെ അവർ ജീവിതം ശരിക്കും ആസ്വദിക്കുകയാണ്.
'ഉത്തരവാദിത്തങ്ങൾ ഷെയർ ചെയ്യുമ്പോൾ ബന്ധം ദൃഢമാകുന്നു'
ബംഗളൂരുവിലെ ഫ്ലാറ്റിൽ മിഴി മോൾക്കൊപ്പം പകലിെൻറ നല്ലൊരു ഭാഗം ചെലവഴിക്കുന്ന പ്രവീണേയാടുള്ള 'അസൂയ'കൊണ്ടായിരിക്കണം, ഒാഫിസ് വിട്ടുവന്നാൽ പിന്നെ ആ രണ്ടു വയസ്സുകാരിയെ അമ്മക്ക് വിട്ടുകൊടുക്കില്ല സനൂജ്. അവൾക്ക് ഭക്ഷണം കൊടുക്കലും വൃത്തിയാക്കലും ഒരുക്കലും കളിപ്പിക്കലുമെല്ലാം സ്വയം ചെയ്യണം. ഹാൻഡ്സ് ഒാൺ മദറിെൻറ ഉത്തരവാദിത്തങ്ങളിൽനിന്ന് വായനയിലേക്കോ സോഷ്യൽമീഡിയയിലേക്കോ ഉൗളിയിടാനുള്ള സമയമാണ് പ്രവീണക്ക് അപ്പോൾ കിട്ടുക. കുഞ്ഞിെൻറ ഉത്തരവാദിത്തങ്ങൾ ഒരിക്കലും ഭാര്യയുടേതു മാത്രമല്ലെന്ന നിലപാടാണ് സനൂജിേൻറത്. അവർ മൂന്നുപേരുമടങ്ങുന്ന കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ ഷെയർ ചെയ്യുേമ്പാൾ കൂടുതൽ ദൃഢമാകുന്ന ബന്ധം നൽകുന്ന സംതൃപ്തി മതിയാകും മടുപ്പു തോന്നാതെ മുന്നോട്ടുപോകാൻ.
അഞ്ചു വയസ്സു വരെയെങ്കിലും അച്ഛനോ അമ്മയോ ആരെങ്കിലുമൊരാൾ കുഞ്ഞിെൻറ അടുത്തുവേണമെന്ന നിർബന്ധമായിരുന്നു ഇരുവർക്കും. കൂടുതൽ ശമ്പളവും സൗകര്യവുമുള്ള ജോലി കിട്ടിയതുകൊണ്ട് മാത്രം േജാലിക്കു പോകൽ റോൾ സനൂജ് ഏറ്റെടുക്കുകയും പ്രവീണ വീട്ടിൽ കുഞ്ഞിെനാപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്നു. എന്നാൽ, 'വീട്ടമ്മ' എന്ന ക്ലീഷേയിൽ വീട്ടിൽ വെറുതെ ഇരിക്കുകയല്ലേ പ്രവീണ, ജോലിയെല്ലാം ചെയ്തുകൂടെ എന്നൊരു ചിന്ത അവർക്കിടയിലില്ലെന്ന് ഇരുവരും പറയുന്നു. പാചകത്തിലായാലും വീടൊരുക്കലിലായാലും വൃത്തിയാക്കലിലും കുഞ്ഞിനെ പരിചരിക്കുന്നതിലായാലും ഇരുവരും തുല്യപങ്കാളികൾ. മോളെ ഒരാൾ നോക്കുേമ്പാൾ മറ്റെയാൾ ജോലികൾ ചെയ്യും. വീട്ടുകാര്യങ്ങളുടെയും അമ്മ റോളിെൻറയും ടെൻഷനുകൾക്കിടയിൽ സ്ത്രീകൾക്ക് എത്രത്തോളം പ്രിയപ്പെട്ടതും ആശ്വാസദായകവുമാണ് ഭർത്താവിൽ നിന്നു കിട്ടുന്ന ഇത്തരം കരുതൽ എന്നു മനസ്സിലാകും പ്രവീണയുടെ വാക്കുകൾ കേട്ടാൽ... "പുറത്തു നിന്നൊരാളെ ഡിപൻഡ് ചെയുന്നത് ഒട്ടും ഇഷ്ടമല്ലാത്ത എനിക്കു സനൂജിെൻറ സാമീപ്യവും സഹകരണവും ജീവിതത്തിലെ ഏറ്റവും സമാധാനം നൽകുന്ന കാര്യമാണ്. വീട്ടിലെ കാര്യങ്ങൾ ഒറ്റക്കു നോക്കി നടത്തിയിരുന്ന എനിക്കു സനൂജിലൂടെ എല്ലാം പങ്കുവെക്കാൻ ഒരാളെ കിട്ടി എന്നത് അത്രമേൽ സന്തോഷം നൽകുന്നു."
പരസ്യ ഏജൻസിയിൽ ആർട്ട് ഡയറക്ടർ ആയി ജോലി നോക്കുകയാണ് സനൂജ്. ഏറെനാൾ ജോലി ചെയ്തിരുന്നിട്ട് നിർത്തേണ്ടിവന്ന് ഇേപ്പാൾ 'തല വർക് ചെയ്യുന്നില്ല' എന്ന പരിഭവമുള്ള പ്രവീണക്കായി പുതിയ തൊഴിൽ വഴി കണ്ടുപിടിക്കാനുള്ള ശ്രമവും ഇതിനൊപ്പം നടക്കുന്നു. അതിനായുള്ള പഠനസമയവും ഇതിനിടയിൽ ഇരുവരും കണ്ടെത്തുന്നു. ഇത്തരം പങ്കുെവക്കലുകളിലൂടെ മകൾക്ക് മുന്നിലും ഉദാഹരണമാകുന്നതിെൻറ സംതൃപ്തി നിറയുന്നു ഇരുവരുടെയും വാക്കുകളിൽ. അക്കൗണ്ടൻറ് ആയിരുന്ന പ്രവീണ സംരംഭകലോകത്തേക്ക് കടക്കാനുള്ള മുന്നൊരുക്കങ്ങളിലാണ്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.