സമാധി വിവാദം കൈകാര്യം ചെയ്ത ‘ചുള്ളൻ’ സബ് കലക്ടർ ആരാണ്?; സമൂഹ മാധ്യമങ്ങളിൽ തിരച്ചിൽ തകൃതി
text_fieldsസബ് കലക്ടർ ആൽഫ്രഡ് ഒ.വി
നെയ്യാറ്റിൻകരയിൽ ഗോപൻ സ്വാമി ദുരൂഹ സാഹചര്യത്തിൽ ‘സമാധിയായ’തുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ജില്ല ഭരണകൂടം കൈകാര്യം ചെയ്യുന്നതിനിടെ ഉയർന്നുകേട്ട പേരാണ് തിരുവനന്തപുരം സബ് കലക്ടർ ആൽഫ്രഡ് ഒ.വിയുടേത്. ഗോപൻ സ്വാമി മരിച്ചോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ കല്ലറ തുറക്കുന്നത് അടക്കമുള്ള നടപടികൾക്കായി ചർച്ച നടത്തിയതും മേൽനോട്ടം വഹിച്ചതും സബ് കലക്ടർ ആയിരുന്നു. സമൂഹ മാധ്യമങ്ങളിൽ നിന്ന് ആൽഫ്രഡ് ഒ.വിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് നെറ്റിസൺസ്.
കണ്ണൂർ സ്വദേശിയായ ആൽഫ്രഡ് ഒ.വി 2022 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ്. മുമ്പ് പാലക്കാട് അസിസ്റ്റന്‍റ് കലക്ടറായി സേവനം ചെയ്തിരുന്നു. ബാംഗ്ലൂർ ക്രൈസ്റ്റ് സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ആൽഫ്രഡ്, ഡൽഹിയിൽ ഒരു വർഷം സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തിട്ടുണ്ട്. ബിരുദ പഠന കാലത്താണ് സിവിൽ സർവീസിനെ കുറിച്ച് അദ്ദേഹം ചിന്തിക്കുന്നത്.
2022ൽ മൂന്നാം ശ്രമത്തിലാണ് ആൽഫ്രഡ് സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കുന്നത്. ആദ്യ ശ്രമത്തിൽ മെയിൻസ് പരീക്ഷ പാസാകാൻ കഴിഞ്ഞില്ല. രണ്ടാം ശ്രമത്തിൽ 310–ാം റാങ്കിലെത്തിയ ആൽഫ്രഡ് മൂന്നാം ശ്രമത്തിൽ 57-ാം റാങ്ക് നേടി മികവ് തെളിയിച്ചു.
രണ്ടാം ശ്രമത്തിൽ ഇന്ത്യൻ പോസ്റ്റൽ സർവീസ് ലഭിച്ചിരുന്നു. എന്നാൽ, മൂന്നാം ശ്രമത്തിലൂടെ മികച്ച വിജയം നേടി ഐ.എ.എസ് കരസ്ഥമാക്കുകയായിരുന്നു. പഠനത്തിനിടെ സിനിമ കാണാനും ടർഫിൽ ഫുട്ബാൾ കളിക്കാനും ആൽഫ്രഡ് സമയം കണ്ടെത്തിയിരുന്നു.
സിവിൽ സർവീസ് നേട്ടത്തെ കുറിച്ച് ആൽഫ്രഡ് മാധ്യമങ്ങളോട് മുമ്പ് നടത്തിയ പ്രതികരണം വാർത്തയായിരുന്നു. ആദ്യശ്രമത്തിന് ശേഷം തളരരുതെന്നും ഒരാൾക്ക് ശരിക്കും താൽപര്യമുണ്ടെങ്കിൽ രണ്ടോ മൂന്നോ തവണ പരീക്ഷ എഴുതണമെന്നുമാണ് ആൽഫ്രഡ് അന്ന് പറഞ്ഞത്.
വിൻസന്‍റ്-ത്രേസിയാമ്മ ദമ്പതികളുടെ ഇളയ മകനാണ് ആൽഫ്രഡ്. സഹോദരൻ വിൽഫ്രഡ് സോഫ്റ്റ്‌വെയർ കമ്പനി ജീവനക്കാരനും സഹോദരി വിനയ മനശാസ്ത്രജ്ഞയുമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.