വന്യജീവികളെ കാമറയിലാക്കും; ആനന്ദിനിത് പരമാനന്ദം
text_fieldsമൂന്നാർ: പശ്ചിമഘട്ടത്തിലെ നിബിഡ വനങ്ങളിൽനിന്ന് ജീവൻതുടിക്കുന്ന ചിത്രങ്ങളെടുത്ത് യാത്ര തുടരുകയാണ് ബ്രഹ്മാനന്ദൻ എന്ന ആനന്ദ് പുഷ്കരൻ (52). മൂന്നാർ മേഖലകളിൽനിന്ന് അടക്കം മൂന്നുലക്ഷത്തോളം ചിത്രങ്ങളാണ് ഈ വന്യജീവി ഫോട്ടോഗ്രാഫർ ഇതുവരെ പകർത്തിയത്. പ്രഫഷനൽ ഫോട്ടോഗ്രാഫർ ആണെങ്കിലും ആനന്ദിന് ആനന്ദം പകരുന്നത് ഹോബിയായ വന്യജീവി ഫോട്ടോഗ്രഫിയാണ്. രാജ്യത്തും വിദേശത്തും വനമേഖലകളിലൂടെ സഞ്ചരിച്ച് വന്യജീവികളുടെ അപൂർവ ചിത്രങ്ങൾ പകർത്തുകയാണ് ആനന്ദ്. കാട്ടാനകളുടെ 10,000ലധികം വിവിധ ചിത്രങ്ങൾ ഇദ്ദേഹത്തിന്റെ കൈവശമുണ്ട്. ആനയുടെ ജനനം മുതൽ വിവിധ പ്രായത്തിലെയും ജീവിതചിത്രങ്ങളും ഈ ശേഖരത്തിലുണ്ട്.
രാജമലയിലെ വരയാടുകളുടെ 2,000 ചിത്രങ്ങളും കർണാടക അതിർത്തിയിലെ കബനി നദിക്കരയിലും പരിസരങ്ങളിൽനിന്നുമായി പുലികളുടെ 2,000ലധികം ചിത്രങ്ങളും കൈവശമുണ്ട്. അതിർത്തി പ്രദേശമായ വാൽപ്പാറയിൽനിന്ന് 20 വേഴാമ്പൽ ഒരുമിച്ചിരിക്കുന്നതും 60 എണ്ണം ഒരുമിച്ച് പറക്കുന്നതും ആനന്ദ് പുഷ്കരൻ കാമറയിലാക്കി. വംശനാശഭീഷണി നേരിടുന്ന ചെന്നായയുടെ വലിയകൂട്ടം ബന്ദിപ്പൂരിൽനിന്ന് ആനന്ദ് കാമറയിൽ പകർത്തി. സാധാരണയായി ചൈനയിൽ കണ്ടുവരുന്നതും ഇന്ത്യയിൽ അപൂർവമായതുമായ ചെറിയ പറക്കും അണ്ണാന്റെ ചിത്രമെടുക്കാൻ കഴിഞ്ഞു.
ഒരു ചിത്രമെടുക്കാൻ ദിവസങ്ങൾ മരത്തിന് മുകളിലും പാറക്കൂട്ടങ്ങളിലും കാത്തിരിക്കാനും ഇദ്ദേഹത്തിന് മടിയില്ല. ആഫ്രിക്ക, മലേഷ്യ, ശ്രീലങ്ക, ഗൾഫ് നാടുകൾ എന്നിവിടങ്ങളിൽനിന്ന് വന്യജീവികളുടെ അപൂർവ ചിത്രങ്ങൾ എടുത്തു. സാങ്ച്യുറി ഏഷ്യ അവാർഡ്, എൽ.എം.ഡബ്ല്യു അവാർഡ്, കർണാടക സർക്കാറിന്റെ അവാർഡ് എന്നിവ നേടിയ ആനന്ദിന് നാഷനൽ ജിയോഗ്രാഫിക് സൊസൈറ്റിയിൽ അംഗത്വവും ലഭിച്ചു. അഞ്ചുവർഷം കൂടുമ്പോൾ ജർമനിയിൽ നടക്കുന്ന ചിത്രപ്രദർശനത്തിന് ആനന്ദിന്റെ 12 ചിത്രങ്ങൾ തെരഞ്ഞെടുത്തിട്ടുണ്ട്. അടിമാലി പത്താംമൈലിൽ പുഷ്കരൻ-ലക്ഷ്മിക്കുട്ടി ദമ്പതികളുടെ മകനാണ്. സിന്ധുവാണ് ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.