മനം മയക്കുന്ന കൃപാസംഗീതം
text_fieldsകൃപ എന്നാൽ, അനുഗ്രഹം. കൊല്ലം കമ്മത്ത് സ്വദേശികളായ മുരളി - നിഷ ദമ്പതികളുടെ മകൾ കൃപക്ക് ദൈവം അനുഗ്രഹിച്ചുനൽകിയത് സംഗീതാഭിരുചിയാണ്. റാസൽ ഖൈമയിലെ സ്കോളയർ ഇന്ത്യൻ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥി കൃപ ഈ ചെറുപ്രായത്തിനിടയിൽ നിരവധി അംഗീകാരങ്ങൾ നേടിയെടുത്തു. 13 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് മുരളി-നിഷ ദമ്പതികൾക്ക് കൃപയെ ലഭിക്കുന്നത്. ജനന ശേഷവും എൻ.ഐ.സി.യുവിലും മറ്റുമായി പ്രതിസന്ധി ഘട്ടങ്ങൾ അതിജീവിച്ചു. കാത്തിരിപ്പിന്റെയും പ്രതിസന്ധികളുടെയും നോവും വേവും മാറ്റുന്ന സന്തോഷമാണ് ദൈവകൃപയാൽ ഈ കൊച്ചുമിടുക്കി സംഗീതത്തിലൂടെ മാതാപിതാക്കൾക്ക് നൽകുന്നത്.
സംഗീതത്തിന് ഭാഷയുടെ അതിരില്ലെന്ന് കുഞ്ഞുകൃപ വിവിധ ഭാഷകളിലും സംഗീതശാഖകളിലും ആരും ഇഷ്ടപ്പെട്ടുപോകുന്ന ശൈലിയിൽ പാടുന്നത് കേട്ടാൽ സമ്മതിക്കും. ഹിന്ദുസ്ഥാനി സംഗീതം, കർണാട്ടിക് സംഗീതം, അറബിക്, ഇംഗ്ലീഷ്, ഹിന്ദി പാട്ടുകൾ, മാപ്പിളപ്പാട്ട്, ലളിത സംഗീതം, കവിതാലാപനം, നാടകഗാനം, ഭജന തുടങ്ങി എല്ലാത്തിലും ഒരു കൈനോക്കുന്നു. സംഗീത പാരമ്പര്യമുള്ള കുടുംബമാണ് ഇവരുടേത്. സംഗീതത്തിൽ ബിരുദാനന്തര ബിരുദമുള്ള മാതാവ് നിഷ വീട്ടിൽ മറ്റു വിദ്യാർഥികളോടൊപ്പം മകളെയും പാട്ടുപഠിപ്പിക്കുന്നു. അമ്മയുടെ അച്ഛൻ പരേതനായ ഗാനര്ത്നം ഏറ്റുമാനൂർ പി.എസ്. മോഹൻ റാം കൃപയുടെ ആദ്യകാല ഗുരുവായിരുന്നു.
അമ്മൂമ്മ വൈജയന്തി മോഹൻ റാം മുൻ സംഗീതാധ്യാപികയാണ്. കർണാട്ടിക് സംഗീതത്തിലെ ആദ്യ ഗുരു അമ്മയുടെ സഹോദരി ആശ പ്രതാപാണ്. റാസൽ ഖൈമയിൽ ഹാദി എക്സ്പ്രസ് എക്സ്ചേഞ്ചിൽ അസിസ്റ്റന്റ് മാനേജറായ പിതാവ് എസ്.കെ. മുരളീധരൻ നിറഞ്ഞ പിന്തുണയും പ്രോത്സാഹനവുമായി കൂടെയുണ്ട്. കൃപ ഹിന്ദുസ്ഥാനി സംഗീതം പഠിച്ചത് പണ്ഡിറ്റ് മോഹൻ കുമാറിന്റെ കീഴിൽ ഓൺലൈനായാണ്. വെസ്റ്റേൺ വയലിൻ റാസൽ ഖൈമയിലെ ആന്റോ ദേവസ്യ മാഷിൽ നിന്നും പഠിച്ചു. നവരാത്രി ആഘോഷങ്ങളിൽ നഴ്സറി ക്ലാസുകളിൽ പഠിക്കുന്ന കാലം തൊട്ടേ സംഗീത കച്ചേരി അവതരിപ്പിച്ചു വരുന്നു.
വിവിധ സംഘടനകളും കൂട്ടായ്മകളും സംഘടിപ്പിക്കുന്ന പരിപാടികളിൽ സംഗീതം അവതരിപ്പിച്ച് നിരവധി സമ്മാനങ്ങൾ ഈ കൊച്ചു പ്രായത്തിൽ നേടിയിട്ടുണ്ട്. കേരള സർക്കാർ ആഗോള തലത്തിൽ പ്രവാസി കുട്ടികൾക്കായി നടത്തുന്ന മലയാള മിഷൻ സുഗതാഞ്ജലി കവിതാലാപന മത്സരങ്ങളിൽ വിജയിയാണ്. ഏഷ്യാനെറ്റ് യു.എ.ഇ തലത്തിൽ നടത്തിയ യു ഫെസ്റ്റ് മാപ്പിളപ്പാട്ട് മത്സരത്തിൽ രണ്ടാം സ്ഥാനമായിരുന്നു. സ്കൂൾ കലോത്സവത്തിൽ കലാതിലകമായിരുന്നു. ഇന്ത്യൻ മുസിഷൻ ഫോറം ടാലന്റ്സിൽ ഗ്രേറ്റ് സിംഗർ സ്ഥാനവും ലഭിച്ചു. കോവിഡ് കാലത്ത് ഓൺലൈനിൽ നടന്ന മത്സരങ്ങളിൽ 25 ഓളം സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
2023ൽ യു.എ.ഇ തലത്തിൽ നടത്തിയ നാടഗാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. പഠനത്തിലും മിടുക്കിയായ കൃപ ചിത്രരചനയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ഗാനാലാപനങ്ങൾക്ക് പുറമെ യു.എ.ഇ തലത്തിലും, റാസൽ ഖൈമയിലെ വിവിധ കൂട്ടായ്മകളും സംഘടിപ്പിച്ച ചിത്ര രചന മത്സരത്തിലും സമ്മാനം നേടി. വാനമ്പാടി എന്നാണ് കൂട്ടുകാരും ടീച്ചർമാരും കൃപയെ വിളിക്കുന്നത്. കുഞ്ഞുപ്രായത്തിൽ തന്നെ മകൾ സംഗീതാഭിരുചി പ്രകടിപ്പിച്ചിരുന്നതായി അമ്മ സാക്ഷ്യപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.