സെബയുടെ 'ക്രോഷെ ക്രഷ്'
text_fieldsദുബൈയിലെ മാഹിക്കാരി സെബ മുഹ്സിൻ കട്ടി നൂല് കൊണ്ട് കോർത്തെടുക്കുന്നത് ക്രോഷെ വിസ്മയങ്ങളാണ്. ക്രോഷെ ഡിസൈനുകളാൽ തുന്നിയെടുത്ത മനോഹരങ്ങളായ ഹോം ഡെക്കേഴ്സ് സെബയുടെ കരവിരുതിന്റെ അടയാളങ്ങളാകുന്നു. തുന്നലിനോട് ചെറുപ്പത്തിൽ സെബയിൽ തോന്നിയ ഇഷ്ടമാണ് പിന്നീട് വളർന്ന് പന്തലിച്ച് ക്രോഷെ ഡിസൈനിങിൽ എത്തിയത്. സൗദിയിലെ കുട്ടിക്കാലം പിന്നിട്ട് സ്കൂൾ പഠനത്തിന് നാട്ടിലെത്തിയ സെബയെ കാത്തിരുന്നത് ആന്റി മുംതാസിന്റെ കരവിരുതിന്റെ മികവായിരുന്നു.
മുംതാസ് പകർന്ന ബാലപാഠങ്ങളും ഉപ്പൂമയുടെ (ഉപ്പയുടെ ഉമ്മ) പാരമ്പര്യവുമാണ് സെബക്കുള്ളിലെ കലാകാരിയെ വളർത്തിയത്. കൊച്ചുകൊച്ചു പഴ്സുകളും പൗച്ചുകളും തൊട്ട് വലിയ മാറ്റുകളും ബാഗുകളും സെബ തുന്നിത്തുടങ്ങി. കുടുംബക്കാരും കൂട്ടുകാരും അവിചാരിതമായി പ്രോത്സാഹിപ്പിച്ചത് സെബയെ വലിയ രീതിയിൽ സ്വാധീനിച്ചു. പതിയെ സെബ തുന്നലിന് വേണ്ടി കൂടുതൽ സമയം ചെലവഴിക്കാൻ തുടങ്ങി.
വിവാഹം കഴിഞ്ഞ് ദുബൈയിൽ എത്തിയ സെബ ഉടനെ ജോലിയിൽ പ്രവേശിച്ചു. ജോലിയും ക്രോഷെയും ഒരുമിച്ചു കൊണ്ടുപോകാൻ സാധിക്കാതെ വന്നിരുന്നു അക്കാലത്ത്. പിന്നീട് ഒരു ഇടവേളക്കുശേഷം തന്നെ ബാധിച്ച വൈകാരിക സമ്മർദത്തിൽ നിന്നും രക്ഷ നേടാൻ ക്രോഷെ തന്നെ പിന്തുടർന്നു. ക്രോഷെ സ്റ്റിച്ചിങ് തരുന്ന മാനസികോല്ലാസം സെബ തിരിച്ചറിയാൻ തുടങ്ങി. അങ്ങനെ ജോലിക്കുശേഷം ലഭിക്കുന്ന സമയം കൂടുതലും ക്രോഷെക്ക് വേണ്ടി സമർപ്പിക്കാൻ തുടങ്ങി.
2019ൽ ഇൻസ്റ്റഗ്രാമിൽ ഹുക്ക്ടുലൂപ്പിന് (hooktoloop) രൂപം നൽകി. ക്രോഷെ സ്റ്റിച്ചിങിന്റെ ഉള്ളറകളിലേക്ക് കടന്നുചെല്ലുന്നതും കൂടുതൽ മുതിർന്ന ക്രോഷെ ആർട്ടിസ്റ്റുകളെ പരിചയപ്പെടുന്നതും ഇതിനുശേഷമാണ്. 8 ആഴ്ചയോളം നീണ്ടുനിന്ന ഇൻസ്റ്റഗ്രാം ബ്ലാങ്കറ്റ് സ്റ്റിച്ചിങിന്റെ പ്രോഗ്രാമിൽ പങ്കെടുത്ത് മനോഹരമായ ഒരു ബ്ലാങ്കറ്റ് നിർമിച്ചത് സെബയുടെ ജീവിതത്തിൽ വഴിത്തിരിവായി. തുടക്കത്തിൽ വളരെ ചുരുക്കം ഫോളോവേഴ്സ് ആയിരുന്നു ബെക്ക് ഉണ്ടായിരുന്നത്.
ഒരു റീലിന് പത്ത് ലക്ഷത്തിലേറെ കാഴ്ചക്കാരെ കിട്ടിയതോടെ ഫോളോവേഴ്സിന്റെ എണ്ണം വളരെ വേഗം 10 K കടന്നു. പിന്നാലെ ചെയ്ത ചില റീലുകൾ കൂടി ഹിറ്റായതോടെ കണ്ണടച്ച് തുറക്കുംമുമ്പ് ഫോളോവേഴ്സിന്റെ എണ്ണം 25 K പിന്നിട്ടു. റാവിലറി, എറ്റ്സി എന്നീ സൈറ്റുകളിൽ സ്വന്തം ബ്ലോഗിലൂടെ ക്രോഷെ പാറ്റേൺ തയ്യാറാക്കി വിൽക്കുന്നതിനുള്ള വലിയ അവസരം തേടിയെത്തിയതും സെബയുടെ ജീവിതത്തിലെ വലിയ നാഴികക്കല്ലായി മാറി.
ഒരു ബിസിനസ് സംരംഭമായി ഹുക്ക്ടുലൂപ്പിനെ കൊണ്ടുപോകുന്നതിനു പകരം ഡിസൈനിങ്ങിലൂടെ സെബ സന്തോഷത്തെയാണ് സമ്പാദിക്കുന്നത്. വർക്കുകളെ അഭിനന്ദിച്ച് തന്നെ തേടിയെത്തുന്ന നിരവധി സന്ദേശങ്ങളും അഭിപ്രായങ്ങളും അംഗീകാരങ്ങളായാണ് സെബ കണക്കാക്കുന്നത്.
ഇടതു കൈവഴക്കം കൊണ്ട് സെബ നെയ്തെടുക്കുന്നത് പ്രതീക്ഷകളും അതിനപ്പുറം തികഞ്ഞ ആത്മസംതൃപ്തിയുമാണ്. സെബയുടെ ഹൃദയം പോലെ വീടകവും ക്രോഷെ വർക്കുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇനിയും എത്തിപ്പിടിക്കാനുള്ള ക്രോഷെ ഡിസൈനിങിന്റെ അനന്ത സാധ്യതയെ തേടിയുള്ള യാത്രയിലാണ് സെബ. ഭർത്താവ് റാഗിബിന്റെയും സഹോദരികളായ അർസ, തനാസ് എന്നിവരുടെയും പൂർണ പിന്തുണയും ഇതിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.