ഏകാകികളുടെ ഉദയാസ്തമയങ്ങൾ...
text_fieldsഇരുപതാമത്തെ വയസ്സിലാണ് അച്ഛൻ മരിക്കുന്നത്. പഴയ വീടിെൻറ ചുമരിൽ പിന്നെ അച്ഛെൻറ ഒരു ചിത്രം സ്ഥാനംപിടിച്ചു. അതു നോക്കിനോക്കിയാണ് വരച്ചുതുടങ്ങിയത്. മുപ്പതാമത്തെ വയസ്സിൽ അമ്മയും പോയി. എന്നെ വല്യ ഇഷ്ടമായിരുന്നു. അതും പറഞ്ഞ് സംസാരം നിർത്തി അയാൾ പുറത്തെ മഴയത്തേക്കു നോക്കി. എന്തോ ഓർത്തിട്ടെന്നപോലെ അൽപനേരം മിണ്ടാതിരുന്നു. മഴ മുറ്റത്തും തൊടിയിലുമാകെ പരന്നുപെയ്യുന്നുണ്ട്. ചതുരാകൃതിയിലുള്ള കെട്ടിടത്തിെൻറ വരാന്തയിൽ പലയിടത്തായി മഴ നോക്കിയിരിക്കുന്ന ചിലരെ കണ്ടു. പത്രം വായിക്കുന്ന മറ്റു ചിലർ.
അവിടെ ആകമാനം കണ്ണോടിച്ച് അയാൾ സംസാരത്തിലേക്കു തിരികെയെത്തി. ഒന്നര വർഷമായി ഇവിടെയെത്തിയിട്ട്. 10 വർഷത്തിലേറെയായി വീടുവിട്ടുപോന്നിട്ട്. പലയിടങ്ങളിലായി കറങ്ങി, പല ജോലികളും ചെയ്തു. കോട്ടയത്തും അടൂരുമൊക്കെ പോയിട്ടുണ്ട്.
രാവിലെ ഹോട്ടൽ ജോലിക്കു കയറും, അവിടന്ന് ഭക്ഷണം കിട്ടും. ഇരുട്ടിത്തുടങ്ങുേമ്പാൾ പാളയത്തെത്തും. റോഡരികിൽ വിരിക്കും, ഉറങ്ങും. തെരുവിലെ വിളക്കണയാത്തതിനാൽ തലവഴിമൂടിയാണ് ഉറക്കം. പുറത്ത് കൊതുക് മൂളിപ്പറക്കുന്നുണ്ടാകും. ക്ഷീണം കാരണം അതൊന്നുമറിയില്ല. എന്നെപ്പോലുള്ള ഒരുപാടുപേർ ചുറ്റുമുണ്ടാകും. ഇടക്ക് പൊലീസുകാർ വരും, എഴുന്നേറ്റുപോകാൻ പറയും. പാതിരാത്രി എവിടെ പോകാനാണ്! മുറിഞ്ഞ ഉറക്കവുമായി അവിടെതന്നെ ചുറ്റിത്തിരിയും, അല്ലെങ്കിൽ മറ്റൊരിടത്ത് മാറിക്കിടക്കും.
മഴക്കാലം തെരുവിനെയാകെ നനച്ചിടും, കിടക്കാനാകില്ല. പാളയം ബസ്സ്റ്റാൻഡിന് അകത്തേക്ക് അക്കാലത്ത് താമസം മാറ്റും. കിടക്കുേമ്പാൾ വിരിക്കാനുള്ളത് കവറിലാക്കി എവിടെയെങ്കിലും ഒതുക്കിവെക്കും. പലപ്പോഴും മടങ്ങിവരുേമ്പാൾ അത് നഷ്ടപ്പെട്ടിരിക്കും. ആ ദിവസങ്ങളിൽ ഒറ്റമുണ്ടിൽ ചുരുണ്ടുകൂടും. സ്റ്റാൻഡിലെ ക്ലോക്റൂമിൽ സാധനങ്ങൾ വെക്കാൻ 20 രൂപ നൽകണം. പലപ്പോഴും അതുണ്ടാകില്ല. അങ്ങാടി ഉണരുംമുമ്പ് ഉറക്കം നിർത്തി ഉണരണം. നേരെ പാളയത്തെ കുളത്തിലെത്തും. കുളിച്ച് വൃത്തിയായി ഹോട്ടലിൽ ജോലിക്കു കയറും. ലോക്ഡൗണിന് മുമ്പുവരെ ഇങ്ങനെയായിരുന്നു. ഇതിനിടെ വർഷങ്ങൾ കൊഴിഞ്ഞുപോയി. തെരുവുവെളിച്ചത്തിനു കീഴെ വാഹനങ്ങളുടെയും ആളുകളുടെയും നാൽക്കാലികളുടെയും ബഹളങ്ങൾ എത്രയോ കേട്ടു. പലരൂപത്തിലും സ്വഭാവത്തിലുമുള്ള മനുഷ്യരെ കണ്ടു. അയാൾക്കും ചുറ്റുപാടിനും മാത്രം മാറ്റങ്ങളൊന്നും സംഭവിച്ചില്ല.
ചേവായൂരിെല 'ഉദയ'ത്തിലിരുന്ന് ജീവിതം പറയുേമ്പാൾ ആ മനുഷ്യെൻറ മുഖത്തെ ഭാവം എന്തെന്ന് പിടികിട്ടിയില്ല. പറയാതെ ബാക്കിവെച്ച മൗനങ്ങളിൽ ഇനിയും തുറക്കാത്ത അക്ഷരങ്ങളുള്ളതായി തോന്നി. കണ്ണുകൾക്കു പിന്നിൽ പിടയുന്ന ഹൃദയത്തിെൻറ തേങ്ങലുള്ളതായും.
വെറുതെ വരച്ചുതീർത്ത ചില ചിത്രങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞു. കോവിഡ് മാറിയാൽ എന്തെങ്കിലും പണിക്കുപോകണമെന്ന് പ്രത്യാശപ്രകടിപ്പിച്ചു. ദൂരെ ഒരിടത്ത് അയാൾക്കിപ്പഴും ഒരു വീടുണ്ട്. അയാളില്ലാത്ത വീട്. മക്കളും ഭാര്യയുമുണ്ട്. സ്വന്തമെന്ന് പറയാനാകാത്ത ബന്ധങ്ങൾ. ഒന്നിനെക്കുറിച്ചും അധികമൊന്നും പറഞ്ഞില്ല, മടങ്ങിപ്പോകാൻ താൽപര്യമില്ലെന്ന് ഒറ്റവാക്കിൽ ഉത്തരം നിർത്തി.
ഒന്നരവർഷമായി ഇദ്ദേഹം ഇവിടെയുണ്ട്. തനിച്ചല്ല, ജീവിതം മറ്റൊരു വഴിയിലേക്ക് തിരിഞ്ഞ ഒരുപാട് പേരും. ഇക്കൂട്ടത്തിൽ പലവിധ ജോലികൾ ചെയ്തവരുണ്ട്. ഒന്നും ചെയ്യാതിരുന്നവരുണ്ട്. വലിയ ഉദ്യോഗം വഹിച്ചവരും ഭിക്ഷയാചിച്ച് ജീവിച്ചവരും തെരുവിൽ ഉറങ്ങിയവരും ജനിച്ച് വളർന്നവരുമുണ്ട്. എല്ലാവരിലും ഉള്ളത് ഒരേ സമാനത. കുടുംബമെന്ന ജൈവികകണ്ണി സ്വയം ഉപേക്ഷിച്ചവരോ മറ്റുള്ളവരാൽ ഉപേക്ഷിക്കപ്പെട്ടവരോ ആണ് ഭൂരിപക്ഷവും. ഒരുകാലത്ത് ബന്ധങ്ങളുടെ ഉൗഷ്മളതയിൽ ജീവിച്ചവർ, പിന്നീട് കെട്ടുപാടുകൾ പൊട്ടി പുറന്തള്ളപ്പെട്ടുപോയവർ- ഏകാകികൾ.
***********
2020ലെ ലോക്ഡൗൺ. പൊടുന്നനെ ഗതാഗതം നിശ്ചലമാവുകയും സ്ഥാപനങ്ങൾ അടച്ചിടുകയും ചെയ്തതോടെ കോഴിക്കോട് നഗരത്തിൽ ഒരുപാട് പേർ ബാക്കിയായി. തെരുവിെൻറ ഭാഗമായി ജീവിച്ച കുറെ പേർ. മഹാമാരിയുടെ ആഘാതത്തിൽ എങ്ങോട്ടു പോകണമെന്നറിയാതെ, എങ്ങെന ഭക്ഷണം കഴിക്കുമെന്നറിയാതെ സ്തംഭിച്ചു നിന്നുപോയവർ.
ഇവരെ പുനരധിവസിപ്പിക്കുന്നതിനായി കോഴിക്കോട് ജില്ല ഭരണകൂടത്തിെൻറ നേതൃത്വത്തില്‍ താൽക്കാലിക ക്യാമ്പുകള്‍ ഉയർന്നു. വെള്ളിമാട്കുന്ന്, മാങ്കാവ്, ഈസ്റ്റ്ഹില്‍ കേന്ദ്രീകരിച്ച് താമസസൗകര്യമൊരുങ്ങി. ലോക്ഡൗൺ അവസാനിക്കുകയും കോവിഡ് ചെറുതായി പിൻവാങ്ങുകയും ചെയ്തതോടെ പലരും മടങ്ങി. എന്നാൽ, ചിലർ പിന്നെയും ബാക്കിയായി. കോവിഡും ലോക്ഡൗണും വീണ്ടുമെത്തി. പോകാൻ ഇടമില്ലാത്തവർ വർധിച്ചു. ഇതോടെ തെരുവിൽ അലയുന്നവരില്ലാത്ത കോഴിക്കോടിനായി 'ഉദയം' എന്ന പേരിൽ പദ്ധതി വിപുലപ്പെടുത്തുകയും ചേവായൂരിൽ പ്രധാന കെട്ടിടം ഉയരുകയും ചെയ്തു. അവിടെവെച്ചാണ് ഈ എഴുത്തിെൻറ തുടക്കത്തിൽ സൂചിപ്പിച്ച വ്യക്തിയെ കണ്ടുമുട്ടിയത്.
***********
പുറത്ത് മഴ ശമിച്ചിരിക്കുന്നു. പതിയെ കെട്ടിടത്തിെൻറ നീളൻവരാന്തയിലേക്കിറങ്ങി. അടുത്തടുത്തുള്ള മുറികളിൽ ചേർത്തിട്ട കട്ടിലുകളിൽ ചിലർ വിശ്രമിക്കുന്നു. വൃത്തിയുള്ള അന്തരീക്ഷം. എല്ലാവർക്കും കിടക്കയും വിരിപ്പും പുതപ്പുമുണ്ട്. ദിവസങ്ങൾക്കുമുേമ്പ ഇവരൊക്കെ എങ്ങനെയാണ് കഴിഞ്ഞിട്ടുണ്ടാകുക എന്ന് ഓർത്തു. ഭക്ഷണഹാളിലെ കസേരകളിൽ ഒത്തിരി പേരുണ്ട്. ഉച്ചഭക്ഷണം കഴിഞ്ഞ് ടി.വി കാണുകയാണ്. അതും കടന്ന് അടുക്കളക്കപ്പുറത്തെ ഒഴിഞ്ഞയിടത്താണ് മറ്റൊരാളെ കണ്ടത്. പാത്രങ്ങൾ വെക്കാനുള്ള തട്ട് മേശയാക്കി പേപ്പർ കവറുകൾ നിർമിക്കുകയാണ്. ഇടതുകാലിൽ മുട്ടിന് താഴെ ബാേൻറജ് ഇട്ടിരിക്കുന്നു. ഞെരമ്പുവീക്കത്തിനാണ്. കുറെയായി തുടങ്ങിയിട്ട്, മാറിപോകുന്നില്ല-പേപ്പർ മടക്കിക്കൊണ്ടിരിക്കെ പറഞ്ഞു. കണ്ണൂരിൽനിന്ന് വീട്ടിലേക്കുള്ള യാത്രാമേധ്യയാണ് ഇദ്ദേഹം 'ഉദയ'ത്തിലെത്തുന്നത്. ട്രെയിനിൽ കോഴിക്കോട്ട് വന്നിറങ്ങിയപ്പോൾ ലോക്ഡൗൺ വന്നുവീണു. ഇനിയെന്തു ചെയ്യണമെന്ന് അന്തംവിട്ടുനിൽക്കെ സന്നദ്ധപ്രവർത്തകർ ക്യാമ്പിലേക്ക് കൊണ്ടുവന്നു. മാസങ്ങൾ കഴിഞ്ഞെങ്കിലും വീട്ടിലേക്കു പോകാൻ തോന്നിയില്ല. അതിനൊരു കാരണവുമുണ്ട്. ഇപ്പോൾ മനസ്സിനും ശരീരത്തിനും ഒരാശ്വാസമുണ്ട്. കുറച്ചുനാൾകൂടെ ഇവിടെ കഴിയണം. എന്നിട്ടേ വീട്ടിലേക്കുള്ളൂ. അദ്ദേഹം പറഞ്ഞുനിർത്തി.
ഇറയത്തെ മഴവെള്ളത്തിൽ ചെരിപ്പിലെ ചളികളയുകയായിരുന്നു 70 വയസ്സു തോന്നിക്കുന്ന മറ്റൊരാൾ. തമിഴ്നാട്ടുകാരനാണ്. സാമ്പത്തിക പ്രയാസങ്ങൾ കാരണം വീടുവിട്ടു കോഴിക്കോട്ടെത്തിയതാണ്. നാട്ടിൽ നല്ല കർഷകനായിരിക്കണം. മുറ്റത്തിെൻറ ഓരത്തും പറമ്പിലും വാഴകളും ചെടികളും വെച്ചുപിടിപ്പിച്ചത് അയാളാവും.
ഇവിടെ ഓരോ മനുഷ്യനും പറയാൻ ഒട്ടേറെ കഥകളുണ്ട്. അതിതീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ ഉള്ളുപൊള്ളിക്കുന്ന കഥകൾ. പറയാതെ ബാക്കിവെക്കുന്ന ചിലതുമുണ്ട്. എല്ലാം ഉള്ളിലൊതുക്കി, തന്നോടൊപ്പം ഒടുങ്ങട്ടെ എന്ന് കരുതുന്നവരും. മൗനങ്ങളുടെ ആ കൂട് പൊട്ടിക്കാൻ ശ്രമിക്കേണ്ടതില്ലെന്നു തോന്നി.
***********
ഒരാളും പെട്ടെന്നൊരു ദിവസം തെരുവിലേക്ക് ഇറങ്ങിവരുന്നതല്ല. വലിയൊരു യാത്രയുടെ ഒടുക്കത്തെ തീരുമാനം മാത്രമാണത്. മാനസികപ്രശ്നങ്ങൾ, കുടുംബപ്രശ്നങ്ങൾ, വീട്ടിലും നാട്ടിലും നിൽക്കാനാകാത്ത സ്ഥിതി, ബന്ധങ്ങളില്ലാതാകൽ, ലഹരിജീവിതം, സാമ്പത്തിക പ്രശ്നങ്ങൾ എന്നിവയെല്ലാം പലരെയും തെരുവിലെത്തിക്കുന്നു. പിന്നെ അർഹതപ്പെട്ടയിടത്തുനിന്നെല്ലാം അകറ്റപ്പെടുന്നു. ഒടുക്കം അതേ തെരുവിെൻറ ഭാഗമായി ജീവിതം മാറുന്നു. ചിലരുടെ താടിയും മുടിയും നീളുന്നു. ഓർമകൾ മാഞ്ഞുപോകുന്നു. പിന്നെ, റെയിൽവേ സ്റ്റേഷനിലും ബീച്ചിലും ബസ്സ്റ്റാൻഡുകളിലും അങ്ങാടിയിലുമായി അവർ ഏകാകികളായി അലയുന്നു. ചെറുമരങ്ങൾക്ക് കീെഴയോ വൈദ്യുതി പോസ്റ്റിെൻറ മറവിലോ പലരുടെയും പകൽ തുടങ്ങുന്നു. കിട്ടുന്നത് കഴിക്കുന്നു. പാതയോരത്ത് കിടന്നുറങ്ങുന്നു. ഭിക്ഷയെടുക്കുന്നവർ, ചെറുവസ്തുക്കൾ വിൽപന നടത്തുന്നവർ. അങ്ങനെ ഒത്തിരി പേർ. കുറഞ്ഞ ചെലവിൽ ലോഡ്ജിൽ മുറിയെടുത്ത് പകൽ തെരുവിലലയുന്നവരുണ്ട്. മാനസികനില തെറ്റിയ ഉന്മാദികൾ വേറെയുണ്ട്. ശരീരം വിറ്റ് ജീവിക്കുന്നവരുണ്ട്. എല്ലാവരെയും തെരുവ് ഏറ്റെടുക്കുന്നു.
സുസ്ഥിരമായ ജീവിതസാഹചര്യത്തിൽനിന്ന് അപ്രതീക്ഷിതമായി തനിയെ ജീവിക്കാൻ നിർബന്ധിതരാകുന്നവരുമുണ്ട്. സ്വയം മറച്ചുവെച്ച് ഒളിവുജീവിതത്തിലേക്ക് ഉൾവലിയുന്നവർ. അത്തരത്തിൽ ഒരാളായിരുന്നു ആ മുൻ അധ്യാപകൻ. പെട്ടെന്നൊരുനാൾ വീടുവിട്ടിറങ്ങി അയാൾ. സ്വന്തം ഭൂതകാലം അയാൾ ഒരിക്കലും വെളിപ്പെടുത്തിയില്ല. ക്യാമ്പിൽ വെച്ച് കഥകൾ എഴുതിയിടുന്നതുകണ്ടാണ് മറ്റുള്ളവർ അദ്ദേഹത്തെ ശ്രദ്ധിച്ചുതുടങ്ങിയത്. തന്നിലേക്ക് നോട്ടം നീളുന്നതറിഞ്ഞ അയാൾ പിന്നീട് എഴുത്തിൽ തെറ്റുകൾ വരുത്തിത്തുടങ്ങി. ബോധപൂർവമായ തെറ്റിദ്ധരിപ്പിക്കലായിരുന്നു ആ 'തെറ്റുകൾ' എന്ന് അയാൾ പോയതിനുശേഷമാണ് മറ്റുള്ളവർക്ക് തിരിഞ്ഞത്. ഒരിക്കൽ റോഡിലൂടെ നടന്നുപോകവെ ബന്ധുവായ ഓട്ടോഡ്രൈവർ തിരിച്ചറിഞ്ഞ് വീട്ടിൽ കൊണ്ടുപോവുകയായിരുന്നു. ഇപ്പോൾ അദ്ദേഹം വീട്ടിലുണ്ടാകുമെന്നുതന്നെ കരുതാം. ആ മനസ്സിെൻറ തേങ്ങലും നോവും അടങ്ങിയിട്ടുണ്ടാകുമോ, ആർക്കറിയാം!
എത്രതന്നെ ഏച്ചുകെട്ടിയാലും ഒരുമിക്കാത്ത ബന്ധങ്ങളുമുണ്ട്. 80 വയസ്സുള്ള പ്രസന്നവാനായ വയോധികെൻറ അനുഭവം ഇങ്ങനെയാണ്. വർഷങ്ങളായി കോഴിക്കോടിെൻറ തെരുവിൽ ഉള്ളയാൾ. ദീർഘ അന്വേഷണത്തിനുശേഷം ഇദ്ദേഹത്തിെൻറ ബന്ധുക്കൾ പാലക്കാട്ടുള്ളതായി കണ്ടെത്തി. വാഹനത്തിൽ അവിടെ കൊണ്ടുവിട്ടു. ഒരു ദിവസം മാത്രമേ നിന്നുള്ളൂ. പിറ്റേന്ന് സ്വയം ബസ് കയറി കോഴിക്കോട്ടെത്തി. സ്വതന്ത്രരായി ജീവിക്കാൻ താൽപര്യപ്പെടുന്ന മറ്റൊരു കൂട്ടരും ഇക്കൂട്ടത്തിലുണ്ട്. എന്തുചെയ്യണമെന്നറിയാതെ നിസ്സഹായതയിൽ കണ്ണീരൊലിപ്പിക്കുന്നവരുണ്ട്. ഒരമ്മയും മകളും അത്തരക്കാരായിരുന്നു. സർക്കാർ മന്ദിരത്തിലയച്ചാണ് അവരെ ആശ്വസിപ്പിച്ചത്. ചിലരെ ഇങ്ങോട്ട് അയക്കേണ്ട എന്ന് ബന്ധുക്കൾതന്നെ മുറിച്ച് പറയും. ബന്ധങ്ങളുടെ കണ്ണി അറുത്തുകളയും.
എന്നാൽ, മറ്റു ചിലരുണ്ട്. മരണംകൊണ്ടു മാത്രം രക്തത്തെ തിരിച്ചറിയുന്നവർ. കോഴിക്കോട് എത്തിപ്പെട്ട് മൂകാംബികയിൽ ജോലിക്കു പോയ തൃശൂരുകാരെൻറ ജീവിതം ഉദാഹരണം. ജോലിക്കിടെ ആരുമറിയാതെ അയാൾ മരിച്ചുപോയി. എവിടെനിന്നോ കിട്ടിയ നമ്പറിൽനിന്ന് പൊലീസ് 'ഉദയം' പ്രവർത്തകരെ ബന്ധപ്പെട്ടു. ഒടുവിൽ ബന്ധുക്കളെ കണ്ടെത്തി. ഏെറ സമയം കഴിഞ്ഞ് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചു.
ബിസിനസ് പൊളിഞ്ഞതിനെ തുടർന്ന് നാടുവിട്ട് കോഴിക്കോട്ട് ലോഡ്ജിൽ താമസമാക്കിയ ഒരാൾ ലോക്ഡൗണിനിടെ പെട്ടെന്ന് ഇടമില്ലാത്തവനായി. ക്യാമ്പിലെത്തി ദിവസങ്ങൾക്കകം കോവിഡും പിടിപെട്ട് മെഡിക്കൽ കോളജിൽ മരിച്ചു. യൂറോപ്പിൽ ഉയർന്ന ജോലിയുള്ള മകനും സാമ്പത്തിക ശേഷിയുള്ള ബന്ധുക്കളുമുണ്ടായിട്ടും അയാൾ മണിക്കൂറുകൾ ആരുമില്ലാത്തവനായി മോർച്ചറിയുടെ തണുപ്പിൽ അവസാന യാത്രക്ക് കാത്തുകിടന്നു.
***********
സന്നദ്ധ കൂട്ടായ്മകളുടെയും സുമനസ്സുകളുടെയും സഹകരണത്തിലാണ് 'ഉദയം' അന്തേവാസികളുടെ വസ്ത്രവും ഭക്ഷണവും വൈദ്യസഹായവും നിത്യെച്ചലവുകളും നടന്നുപോകുന്നത്. പരിചരണകേന്ദ്രങ്ങളില്‍ തൊഴിൽ പരിശീലനത്തിന് സൗകര്യമുണ്ട്. ആധാര്‍ കാര്‍ഡ്, വോട്ടേഴ്സ് ഐഡി, ബാങ്ക് അക്കൗണ്ട് തുടങ്ങിയ രേഖകള്‍ ഉറപ്പാക്കുന്നു. സൈക്കോ സോഷ്യല്‍ കെയര്‍ ടീം സാമൂഹിക മാനസിക വിലയിരുത്തലും ചികിത്സയും പരിരക്ഷയും ലഭ്യമാക്കുന്നു. അങ്ങനെ ഇവിടങ്ങളിലെത്തുന്നവർക്ക് ജീവിതത്തിന് ഒരു ക്രമവും രൂപവും കൈവരുന്നു.
പകൽ ജോലിക്കു പോകുകയും വൈകീട്ട് തിരിച്ചെത്തുകയും ചെയ്യുന്ന നിരവധി പേർ ഇപ്പോൾ ഇവിടങ്ങളിലുണ്ട്. മഴയും മഞ്ഞും വെയിലും പെയ്യുേമ്പാൾ ഇവർക്കിപ്പോൾ തെരുവിൽ അലയേണ്ട. മടങ്ങിവരാൻ ഒരിടമുണ്ട്, കാത്തിരിക്കാൻ സൗഹൃദങ്ങളുണ്ട്. നല്ല ഭക്ഷണവും കിടക്കാൻ ഒരിടവുമുണ്ട്. ജീവിതത്തെതന്നെ മാറ്റിമറിച്ച മാറ്റം. ചിലർ വരുമാനത്തിൽനിന്ന് ചെറിയൊരു തുക ഓഫിസിൽ ഏൽപിക്കുന്നു. ഒന്നുമില്ലാത്തവർക്ക് അവരാലുള്ള സഹായമാണത്. അസുഖമായാൽ ഇവർ പരസ്പരം ആശ്വസിപ്പിക്കുന്നു. ആശുപത്രിയിൽ കൂട്ടിരിക്കുന്നു. ഒാർമകളും ചിന്തകളും പങ്കുവെക്കാൻ കൂട്ടാകുന്നു. ഒറ്റപ്പെടലിനിടയും ഒറ്റക്കല്ലെന്ന ബോധ്യത്തിൽ ഒരുമിച്ചു കഴിയുന്നു.
മടങ്ങിപ്പോകാൻ ആരെയും ഇവിടെ നിർബന്ധിക്കുന്നില്ല. ഇനിയുള്ള കാലമെങ്കിലും ശാന്തസുന്ദരമായി ഇവർ ജീവിക്കട്ടെ. ഈ മനുഷ്യരുടെ പ്രതീക്ഷകൾക്ക് നിറംപകരാൻ 'ഉദയ'ത്തിന് സാമ്പത്തിക, ശാരീരിക, മാനസിക പിന്തുണ അനിവാര്യമാണ്. സന്നദ്ധ പ്രവർത്തകരെ 'ഉദയം' സ്വാഗതം ചെയ്യുന്നു. ഇപ്പഴും നമ്മുടെ തെരുവുകളിൽ ഒത്തിരിപേർ ബാക്കിയുണ്ടെന്നോർക്കുക.
ഈ എഴുത്ത് വായിക്കുന്നവരേ, നാളെ നമ്മൾ ഒരു വഴിവക്കിൽ കണ്ടുമുട്ടില്ലെന്ന് ആർക്ക് ഉറപ്പുപറയാനാകും. വസന്തം തളിരിട്ട ഉടലും ഉയിരും വരണ്ടുപോകില്ലെന്ന് എങ്ങനെ കരുതാനാകും! അതിനാൽ, ചുറ്റുനിന്നും ഉയരുന്ന കണ്ണുകൾക്ക് കണ്ണുകൊടുക്കുക. നീളുന്ന കൈകൾക്ക് ഒരു നോട്ടമെങ്കിലും തിരികെ നൽകുക. ആ പാദങ്ങളിലെ നോവും പഴവയറ്റിൽ കത്തിക്കാളും തീയും വെറുതെയെങ്കിലും ഒന്നോർത്തുനോക്കുക. കഴിയുമെങ്കിൽ അൽപനേരം നിൽക്കുക. ഒരു ചെറുപുഞ്ചിരിയെങ്കിലും അവർക്ക് സമ്മാനിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.