ചുവരെഴുത്തിന്റെ തിരക്കിലേക്ക് അച്ഛനും മക്കളും
text_fieldsഎടപ്പാൾ: ഈ അച്ഛനും മക്കൾക്കും ഇനി ചുവരെഴുത്തിന്റെ ദിനങ്ങൾ. മൂക്കുതല സ്വദേശി പ്രേമദാസും മക്കളായ അഗ്നിതയും അർപ്പിതുമാണ് തെരഞ്ഞെടുപ്പടുത്തതോടെ സ്ഥാനാർഥികൾക്കായി ചുവരെഴുതാനുള്ള തിരക്കിലേക്ക് കടക്കുന്നത്. പ്രേമദാസ് 30 വർഷമായി ചുവരെഴുത്ത് രംഗത്ത് സജീവമാണ്.
പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് മോഹൻ കടവല്ലൂരിനൊപ്പം ചേർന്ന് ബാനർ എഴുതാൻ പഠിക്കുന്നത്. ഡിഗ്രി കാലഘട്ടമായതോടെ സ്വന്തമായി ചുവരെഴുതാൻ തുടങ്ങി. ബനാത്ത് വാലക്ക് വേണ്ടി ചുവരെഴുതിയാണ് പ്രേമദാസ് ‘കന്നിയങ്കം’ കുറിക്കുന്നത്. പിന്നിട് നടന്ന എല്ലാ തെരഞ്ഞെടുപ്പിലും എഴുത്തിൽ സജീവമായി. 1998ൽ ചങ്ങരംകുളത്ത് നിറം ആർട്സ് എന്ന പേരിൽ സ്ഥാപനം തുടങ്ങി. ഇതോടെ നിറം പ്രേമൻ എന്നറിയപ്പെട്ടു. ഫ്ലെക്സിന്റെ കടന്നുവരവോടെ സ്ഥാപനം അടച്ചു.
ഇപ്പോൾ വീട്ടിലിരുന്നാണ് ജോലികൾ ചെയ്യുന്നത്. മുക്കുതല ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ അഗ്നിതയും ഒമ്പതാം ക്ലാസ് വിദ്യാർഥിയായ അർപ്പിതും സ്കൂളില്ലാത്ത ദിവസങ്ങളിൽ അച്ഛനൊപ്പം ചുവരെഴുത്തിൽ സജീവമാണ്. പ്രേമദാസിനും കുടുംബത്തിനും കൃത്യമായ രാഷ്ട്രീയ നിലപാട് ഉണ്ടെങ്കിലും ചുവരെഴുത്തിൽ അതില്ല. ഏതു പാർട്ടിക്കാർക്ക് വേണ്ടിയും അച്ഛനും മക്കളും എഴുതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.