Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightവി, ദ പീപ്ൾ

വി, ദ പീപ്ൾ

text_fields
bookmark_border
വി, ദ പീപ്ൾ
cancel
അടുത്തിടെ ഭരണപരിഷ്കാര വകുപ്പ് സുപ്രധാന ഉത്തരവിറക്കി; എല്ലാ അപേക്ഷഫോറങ്ങളിലും ഇന്നയാളുടെ 'ഭാര്യ' എന്ന് എഴുതുന്നതിനുപകരം 'ജീവിതപങ്കാളി' എന്ന് രേഖപ്പെടുത്തണമെന്ന്. സ്കൂൾ രജിസ്റ്റർ മുതൽ പൊലീസ് യൂനിഫോം, തിരിച്ചറിയൽ കാർഡുകൾ തുടങ്ങി പത്രമാധ്യമങ്ങളിലെ സ്ത്രീ വിരുദ്ധതക്കെതിരെവരെ ശബ്ദമുയർത്തി അവകാശങ്ങൾ പിടിച്ചുവാങ്ങിയയാളാണ് എൻ.എ. വിനയ എന്ന പൊലീസ് ഓഫിസർ


റോമാ നഗരം ഒറ്റ ദിവസംകൊണ്ട് കെട്ടിപ്പൊക്കിയതല്ല എന്നു പറയും. അതുപോലെത്തന്നെയാണ് ഓരോ മാറ്റവും. ചെറുതെന്ന് തോന്നുന്ന, എന്നാൽ വ്യക്തിത്വത്തെതന്നെ ഇല്ലാതാക്കുന്ന ചിന്തകളും നടപ്പുരീതികളും മാറാൻ സമയം കൂടുതലെടുക്കുമെന്നു മാത്രമല്ല, ഒരാൾ മുൻകൈയെടുക്കുകയും വേണം. അതിലൊരാളാണ് സബ് ഇൻസ്പെക്ടർ വിനയ. പൊലീസ് വകുപ്പിലെയും സമൂഹത്തിലെയും ലിംഗവിവേചനത്തിനെതിരെ നിരന്തരം പോരാടുകയും നിയമപരമായി നേരിടുകയും ചെയ്യുകയാണ് അവർ. പൊലീസിൽ സ്ത്രീകളുടെ യൂനിഫോം, സ്കൂൾ രജിസ്റ്ററിൽ ആൺകുട്ടികളുടെ പേര് ആദ്യമെഴുതൽ, തിരിച്ചറിയൽ കാർഡ് -ആധാർ കാർഡ്-അപേക്ഷഫോറങ്ങൾ തുടങ്ങിയവയിലെ വിവേചനം, പത്ര, ദൃശ്യമാധ്യമങ്ങളിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ തുടങ്ങിയവക്കെതിരെ നിരന്തരം കലഹിച്ചുകൊണ്ടിരിക്കുന്നു. അടുത്തിടെ ഭരണപരിഷ്കാര വകുപ്പ് സുപ്രധാന ഉത്തരവ് പുറത്തിറക്കിയിരുന്നു; എല്ലാ അപേക്ഷഫോറങ്ങളിലും ഇന്നയാളുടെ 'ഭാര്യ' എന്ന് രേഖപ്പെടുത്തുന്നതിനുപകരം 'ജീവിതപങ്കാളി' എന്ന് രേഖപ്പെടുത്തണമെന്ന്. പതിറ്റാണ്ടുകൾ നീണ്ട വിനയയുടെ പോരാട്ടത്തിന്റെ ഫലമായിരുന്നു ഈ മാറ്റം.

1991 മാര്‍ച്ച് 13ന് സർവിസില്‍ കയറിയ വിനയ സുല്‍ത്താന്‍ ബത്തേരി മാടക്കര സ്വദേശിയാണ്. നിലവിൽ തൃശൂർ റൂറൽ വനിത സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്.എച്ച്.ഒ). നീ പെണ്ണാണ്, സാന്നിധ്യംതന്നെ സമരം, എന്റെ കഥ അഥവാ ഒരു മലയാളി യുവതിയുടെ ജീവിതയാത്ര തുടങ്ങിയ പുസ്തകങ്ങൾ പുറത്തിറങ്ങി. തന്റെ നിലപാടുകളെക്കുറിച്ച്, പോരാട്ടങ്ങളെക്കുറിച്ച് വിനയ സംസാരിക്കുന്നു.

പൊലീസ് യൂനിഫോം

ഒരുകാലത്ത് സാരിയായിരുന്നു കേരള പൊലീസിലെ വനിതകളുടെ വേഷം. ഐ.പി.എസുകാർക്ക് ഇൻചെയ്യാം. എന്നാൽ സാധാരണ പൊലീസുകാർക്ക് അതിനു കഴിയില്ല. പരിശീലന സമയത്ത് ഇൻചെയ്ത യൂനിഫോമായിരിക്കും. എന്നാൽ, ഡ്യൂട്ടി സമയത്ത് സാരിയും. സ്ത്രീകൾ പാൻറ്സ് ഇൻസെർട്ട് ചെയ്ത് ഡ്യൂട്ടിക്കെത്തരുതെന്ന് 2002ൽ ഡി.ജി.പി ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്തായിരുന്നു വിനയയുടെ ആദ്യ പ്രതിഷേധം. തുടർന്ന് മൂന്ന് ഇൻക്രിമെന്റ് തടയപ്പെട്ടു. ഐ.പി.എസുകാരിക്ക് ഇൻ ചെയ്യാം, എന്തുകൊണ്ട് സാധാരണ പൊലീസുകാരികൾക്ക് പറ്റില്ല എന്നായിരുന്നു വർഷങ്ങൾക്കുമുമ്പ് ഉയർത്തിയ ചോദ്യം. ഈ വിവേചനത്തിനെതിരെ നിരന്തരം കലഹിക്കുകയും നിയമപരമായി പോരാടുകയും ചെയ്തു. ഇതോടെ പൊലീസിൽ സ്ത്രീകളുടെ യൂനിഫോമിനും മാറ്റംവന്നു. 'സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇതിൽ ചില സ്ത്രീകളെങ്കിലും സ്വതന്ത്രരായി ജീവിക്കാൻ പഠിക്കുന്നുവെന്ന് പറയാം. ഇഷ്ടപ്പെടുന്ന വസ്ത്രം ധരിച്ച് നിരവധി സ്ത്രീകൾ പുറത്തിറങ്ങി നടക്കാൻ തുടങ്ങി. പെൺകുട്ടികൾ ജനിക്കുമ്പോൾ തന്നെ ഉടുപ്പ് ധരിപ്പിക്കും. ആൺകുട്ടികളെ ട്രൗസറും. എപ്പോഴും ബോധവാന്മാരായിരിക്കേണ്ട വസ്ത്രമാണ് പെൺകുട്ടികൾക്ക് നൽകുക. അവളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന വസ്ത്രങ്ങളായിരിക്കും. മുടിവെട്ടാനോ വളർത്താനോ അവൾക്ക് അനുവാദം വേണം -വിനയ പറയുന്നു.

സ്കൂൾ രജിസ്റ്റർ

സ്കൂൾ രജിസ്റ്ററിൽ ആൺകുട്ടികൾക്കുശേഷം പെൺകുട്ടികളുടെ പേരെഴുതുന്നതായിരുന്നു രീതി. പൊലീസ് വകുപ്പിൽ നോമിനൽ റോളിൽ ആണുങ്ങളുടെ പേരിനുശേഷം പെണ്ണുങ്ങളുടെ പേരെഴുതും. ഇതിനെതിരെയും പ്രതിഷേധമുയർത്തി. അതോടെ സ്കൂളിൽ ആൺ-പെൺ വ്യത്യാസമില്ലാതെ അക്ഷരമാലക്രമത്തിൽ കുട്ടികളുടെ പേരെഴുതാൻ തുടങ്ങി. പൊലീസിൽ സീനിയോറിറ്റിയനുസരിച്ച് നോമിനൽ റോളിൽ പേരെഴുതാനും തുടങ്ങി. 'ഒരു പേരെഴുതുന്നതിലാണോ ഇത്ര വലിയ കാര്യമെന്ന് ചോദിക്കുന്നവരുണ്ടാകും. അവനോ അവളോ ആയാൽ എന്താണ് എന്ന് ചോദിക്കുന്നവരെയും കാണാം. എന്നാൽ, എല്ലാറ്റിലും 'She' എന്നെഴുതാൻ അവർ തയാറാകട്ടേ. അതിൽ 'he'യും ഉണ്ടല്ലോ.'

കായികമേള

കായികമേളയിൽ സ്ത്രീകൾക്ക് പോയന്റ് നൽകില്ലായിരുന്നു. ഗ്രൗണ്ടിൽ കിടന്നായിരുന്നു അതിനെതിരെ ശബ്ദമുയർത്തിയത്. വനിതകളുടെ കായികമത്സരം വെറും പ്രദർശനമത്സരമായി ഒതുക്കുന്നതിനെതിരെയായിരുന്നു ഈ പ്രതിഷേധം. തുടർന്ന് സസ്പെൻഷനിലായി. പിന്നീട് പിരിച്ചുവിട്ടെങ്കിലും തിരിച്ചെടുക്കുകയും ചെയ്തു. 'കളിക്കളത്തിൽ പെൺകുട്ടികൾ സജീവമായാൽ വ്യാപകമായി പുതിയ മാറ്റം നമുക്ക് കാണാൻ സാധിക്കുമെന്ന് വിനയ പറയുന്നു. പെൺകുട്ടികൾ കളിക്കളങ്ങളിൽ സജീവമാകണം. അവർ തെരുവുകളിൽ ഇറങ്ങി നടന്നാൽ മാറ്റം വരും. ഒരു മാറ്റത്തിനായി പരിശ്രമിച്ചിറങ്ങിയാൽ നമ്മുടെ ജോലിസ്ഥലവും കുടുംബവും സുഹൃത്തുക്കളും സമൂഹവുമെല്ലാം എതിർപ്പുമായി രംഗത്തുവരും. എന്നാൽ അതിനെ പൊട്ടിച്ചെറിയാൻ നമുക്ക് സാധിക്കണം. കൂട്ടായ്മയുടെ ശക്തി പെൺകുട്ടികൾക്ക് അറിയില്ല. വ്യാപകമായി കളിക്കളങ്ങളിൽ സ്ത്രീകൾ നിറയണം. കായികമായി കരുത്താർജിക്കണം. മുപ്പതോളം പെൺകുട്ടികളെ ഒന്നോ രണ്ടോ പുരുഷന്മാർ ആക്രമിച്ചാൽ പോലും അവർ സംഘമായിത്തിരിഞ്ഞ് അവരെ തിരിച്ചാക്രമിക്കുന്നത് കാണാറില്ല. പകരം കാഴ്ചക്കാരായി നോക്കിനിൽക്കും. അതിനാൽ കളിക്കളങ്ങളിൽ സജീവമായി കൂട്ടായ്മയുടെ കരുത്തും വിജയവും അവർ ആർജിക്കണമെന്നും വിനയ പറയുന്നു.

ആൺകുട്ടികൾ ഒരിക്കലും അനുവാദംവാങ്ങി കളിക്കളത്തിലേക്ക് ഇറങ്ങുന്നതു കണ്ടിട്ടില്ല. വൈകീട്ട് സ്കൂളോ കോളജോ വിട്ടുവന്നശേഷം ബാഗുവെച്ച് ഇറങ്ങിയോടും. അവർക്ക് വൈകി തിരിച്ചുവരാം. എന്നാൽ പെൺകുട്ടികളുടെ കാര്യത്തിൽ അങ്ങനെയല്ല, പോകണ്ട എന്നുപറഞ്ഞാൽ അവിടെ ചോദ്യവും ഉത്തരവും അവസാനിക്കും. റിസ്ക് ഏറ്റെടുക്കാൻ പെൺകുട്ടികൾ തയാറാകണം. പെൺകുട്ടികളെ ഉപയോഗശൂന്യമാക്കി മാറ്റുകയാണ് നിലവിലെ സമൂഹം. അവർക്ക് ചിന്തിക്കാനുള്ള അവസരംപോലും നൽകുന്നില്ല -അവർ കൂട്ടിച്ചേർക്കുന്നു.

അവരല്ല, അവനും അവളും

സർക്കാർ വകുപ്പുകളിലും പൊതുമേഖല സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന അപേക്ഷഫോറങ്ങൾ ലിംഗ നിഷ്പക്ഷത (ജെൻഡർ ന്യൂട്രൽ) ഉള്ളതാക്കുന്നതിന്റെ തുടക്കമെന്ന നിലയിൽ എല്ലാ അപേക്ഷഫോറങ്ങളിലും ഭരണപരിഷ്‍കാര കമീഷൻ ചില തിരുത്തലുകൾ നിർദേശിച്ചിരുന്നു. 2001ൽ ഹൈകോടതി ഉത്തരവ് പുറത്തുവന്ന് രണ്ടുപതിറ്റാണ്ടിനുശേഷമാണ് ഈ പരിഷ്‍കരണം. വിധി നേടിയതുമാത്രമല്ല, അതിൽ മാറ്റം വരുത്താനായി സെക്രട്ടേറിയറ്റിലും മറ്റു ഓഫിസുകളിലും നിരന്തരം കയറിയിറങ്ങേണ്ടിവന്നു. 1999ലാണ് സ്ത്രീകൾക്കെതിരായ വിവേചനങ്ങൾ ചൂണ്ടിക്കാട്ടി ഹൈകോടതിക്കു മുമ്പാകെ റിട്ട് പെറ്റീഷൻ നൽകുന്നത്. സ്ത്രീയെ പരിഗണിക്കാത്ത അപേക്ഷകളിലും ഭാഷാപ്രയോഗങ്ങളിലും മാറ്റം കൊണ്ടുവരണമെന്നായിരുന്നു ആവശ്യം. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഇടപെടലുകൾ ആവശ്യപ്പെട്ടായിരുന്നു റിട്ട്. അപേക്ഷാഫോറങ്ങളില്‍ ഭര്‍ത്താവ് അല്ലെങ്കില്‍ അച്ഛന്‍ ആര് എന്നുമാത്രമേ ചോദിക്കുന്നുള്ളൂ. ഭാര്യ, അമ്മ എന്നിവ ചോദിക്കുന്നില്ല. അപേക്ഷയില്‍ HIS എന്നുമാത്രമേ അഭിസംബോധന ചെയ്യുന്നുള്ളൂ. HER ഇല്ല. വനിത പൊലീസ് എന്ന പ്രയോഗം ലിംഗവിവേചനമാണ്. വീടിന്റെ നാഥൻ അച്ഛനാണ് എന്നു പഠിപ്പിക്കുന്നു. പത്രമാധ്യമങ്ങളിലെയും ദൃശ്യമാധ്യമങ്ങളിലെയും ഭാഷാപ്രയോഗത്തിലെ സ്ത്രീ വിരുദ്ധത തുടങ്ങിയവ ചൂണ്ടിക്കാട്ടിയായിരുന്നു റിട്ട്. ഇതിൽ സർക്കാറുകൾ അച്ചടിക്കുന്ന ഫോറങ്ങൾ ജെൻഡർ ന്യൂട്രലാകണമെന്നും എല്ലാ ജെൻഡറുകളെയും ഉൾക്കൊള്ളേണ്ടതാകണം സമീപനമെന്നും കോടതി ഉത്തരവിട്ടു. ഒറ്റക്ക് വാദിച്ചായിരുന്നു ഈ വിധി വിനയ നേടിയത്. രണ്ടു പതിറ്റാണ്ടിനുശേഷമാണ് ഭരണപരിഷ്‍കാര കമീഷൻ ജെൻഡർ ന്യൂട്രലാക്കുന്നതിന്റെ തുടക്കമെന്ന നിലയിൽ തിരുത്തുകൾ നിർദേശിച്ചത്. 'അവൻ/അവന്റെ' എന്ന് മാത്രം ഉപയോഗിക്കുന്നതിനു പകരം 'അവൻ/അവൾ', 'അവന്റെ/അവളുടെ' എന്ന രീതിയിൽ ഉപയോഗിക്കുന്നതിനായി പരിഷ്കരിക്കേണ്ടതാണെന്ന് സർക്കുലറിൽ നിർദേശിക്കുന്നു. 'അടുത്തിടെ വടകരയിലെ ഒരു കോളജിൽ ക്ലാസ് എടുക്കാൻ പോയിരുന്നു. അവിടെ ഒരു പെൺകുട്ടി ചോദിച്ചു, എന്തുകൊണ്ടാണ് ഈ മേഖല തിരഞ്ഞെടുത്തതെന്ന്. പൊലീസിന്റെ മേഖലയാണോ ഈ കുട്ടി ഉദ്ദേശിച്ചതെന്നായി എന്റെ ചോദ്യം. അപ്പോൾ അവൾ പറഞ്ഞു, 'തുല്യത (Equality)' എന്ന്. ആൺകുട്ടികളിൽ ആർക്കും പെൺകുട്ടികളേക്കാൾ ഒരു മെറിറ്റും കൂടുതൽ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ചെറുപ്പം മുതൽ പെൺകുട്ടികളെ ഓമനപ്പേരിട്ട് കൊഞ്ചിവിളിക്കും, ആൺകുട്ടികളെ അഭിമാനത്തോടെ പേരു വിളിക്കും. അത്ര ചെറുപ്പത്തിൽതന്നെ കുഞ്ഞുങ്ങളിൽപോലും ലിംഗവ്യത്യാസത്തിന്റെ ആശയങ്ങൾ അടിച്ചേൽപിക്കുന്നു. 'ഒരു പെണ്ണാണ്' എന്ന് ഓർമിപ്പിച്ച് ചെറുപ്പം മുതൽ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുകയും ചെയ്യും. അത്തരം ബോധങ്ങളെ വകവെച്ചുകൊടുക്കാൻ ഞാൻ ചെറുപ്പം മുതൽ തയാറായിരുന്നില്ല' -വിനയ പറയുന്നു.

ന്റെ/യുടെ ജീവിതപങ്കാളി

എല്ലാ അപേക്ഷ ഫോറങ്ങളിലും 'Wife of (ന്റെ/ യുടെ ഭാര്യ)' എന്ന് രേഖപ്പെടുത്തുന്നതിനു പകരം 'spouse of (ന്റെ/ യുടെ ജീവിതപങ്കാളി)' എന്ന് രേഖപ്പെടുത്തണമെന്നു നിർദേശിക്കുന്നതായിരുന്നു ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സർക്കുലറിലെ മറ്റൊരു പ്രധാന നിർദേശം. പിഎച്ച്.ഡിയോ അവാർഡോ ഉന്നത തലത്തിലെ ഒരു പുരസ്കാരമോ സ്ത്രീകൾക്ക് കിട്ടിയാൽപോലും അവിടെ ഭർത്താവിന്റെ പേര് പരാമർശിക്കുമെന്ന് വിനയ പറയുന്നു. കൂടാതെ 'ഇന്നയാളുടെ ഭാര്യ' എന്ന് ചരമവാർത്തയിൽ എഴുതുന്ന രീതിയുണ്ടായിരുന്നു പത്രങ്ങളിൽ. ഭാര്യ, മകൾ എന്ന ഐഡന്റിറ്റിയല്ലാതെ അവിടെ സ്ത്രീകളുടെ വ്യക്തിത്വത്തെ പരിഗണിച്ചിരുന്നില്ല. നീണ്ട പോരാട്ടത്തിന്റെ ഫലമായി അതിൽ മാറ്റം വരുത്താൻ കഴിഞ്ഞു. കഥ, കവിത, നോവലുകൾ തുടങ്ങി എല്ലാത്തരം പ്രസിദ്ധീകരണങ്ങളിലും പുരുഷാധിപത്യം മുഴച്ചുനിൽക്കുന്നതായി കാണാം. അവിടെ സ്ത്രീയെ ക്ഷമയും സഹനശക്തിയുമുള്ളവളായി ചിത്രീകരിക്കും. ഭൂമിദേവി, ഗംഗാദേവി, യമുനാദേവി തുടങ്ങി താഴെയുള്ളതിനെ സ്ത്രീയായി സങ്കൽപിക്കും; സൂര്യദേവൻ, വരുണദേവൻ തുടങ്ങി മുകളിലുള്ളവയെ പുരുഷനായും. ചെറുതെന്ന് തോന്നുന്ന ഇത്തരം പ്രയോഗങ്ങൾ പോലും സമൂഹത്തിൽ വലിയ സ്വാധീനമുണ്ടാക്കും. മനസ്സിൽ പുരുഷാധിപത്യം ഉറപ്പിക്കുന്നതിനുള്ള വഴിയാണ് പലതും. സമൂഹത്തിൽ ഒരു ഉന്നത പദവിയിൽ സ്ത്രീയെത്തിയാൽ ഭർത്താവിന്റെ/കുടുംബത്തിന്റെ പിന്തുണയുണ്ടായിരുന്നുവെന്ന് എഴുതുന്നത് കാണാം. എന്നാൽ, ആ വിജയം പുരുഷനാണ് നേടിയതെങ്കിൽ എവിടെയും അവരുടെ കുടുംബത്തെ പരാമർശിച്ചു കാണാറില്ല. ഒരു സ്ത്രീയുടെ വ്യക്തിത്വത്തെ പുരുഷന്റെ വ്യക്തിത്വമുപയോഗിച്ച് അടയാളപ്പെടുത്തുന്നു. മാധ്യമങ്ങൾക്ക് ഇതിൽ ഒരു പരിധിവരെ പങ്കുണ്ടെന്നു പറയാം. സ്ത്രീ കുറ്റവാളിയാണെങ്കിൽ പ്രത്യേക രീതിയിലായിരിക്കും വാർത്ത റിപ്പോർട്ട് ചെയ്യുക. സ്‍ത്രീകൾ ഒരിക്കലും കുറ്റം ചെയ്യാൻ പാടില്ലാത്തവളാണ് എന്ന ധ്വനി അതിലൂടെ പകർന്നുനൽകും. കുടുംബത്തിനുവേണ്ടി പലപ്പോഴും സ്ത്രീകൾക്ക് ജോലി ഉപേക്ഷിക്കേണ്ടിവരുന്നു. പുരുഷന്മാരെക്കാളും ഉയർന്ന ജോലിയാണെങ്കിൽപോലും സ്ത്രീകൾ ജോലി ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്ന സാഹചര്യം ഇവിടെയുണ്ട്.

ജെൻഡർ ന്യൂട്രൽ എന്ന പദം 2001ലെ വിധിയിലായിരിക്കും ആദ്യമായി ഉപയോഗിച്ചിട്ടുണ്ടാകുക. അതിൽ പദവി സമത്വം പറയുന്നു. ഭാര്യ/ഭർത്താവ്, മകൻ/മകൾ, അച്ഛൻ/അമ്മ ഇതെല്ലാം പദവികളാണ്. എന്നാൽ, ഡ്രൈവിങ് ലൈസൻസിൽ ഉൾപ്പെടെ എഴുതുന്നത് 'Son, Daughter, Wife' എന്നു മാത്രം. 'ജീവിതപങ്കാളി' എന്ന് ഉപയോഗിക്കുമ്പോൾ പോലും ' .... ന്റെ ജീവിതപങ്കാളി' എന്നെഴുതുകയാണ് ചെയ്യുന്നത്. ഹൈകോടതി വിധിയിൽ അത്തരത്തിൽ വ്യാഖ്യാനിച്ചിട്ടില്ല -അവർ പറയുന്നു.

രക്ഷകർത്താകളുടെ പേരുകൾ നൽകട്ടേ

അപേക്ഷഫോറങ്ങളിൽ രക്ഷാകർത്താക്കളുടെ വിശദാംശങ്ങൾ ആവശ്യമായിവരുന്ന സന്ദർഭങ്ങളിൽ ഏതെങ്കിലും ഒരു രക്ഷാകർത്താവിന്റെ മാത്രമായോ രണ്ട് രക്ഷാകർത്താക്കളുടെയും കൂടിയോ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ഓപ്ഷൻ അനുവദിക്കണമെന്ന് സർക്കുലറുണ്ട്. കുട്ടികളുടെ പേരിന് പിന്നിൽ ഇപ്പോഴും അച്ഛന്റെ പേര് മാത്രമാണ് കൂട്ടിച്ചേർക്കുക. അമ്മയുടെ പേര് എവിടെയും കാണാൻ സാധിക്കില്ല. രണ്ടുപേരുടെയും പേരുകൾ മക്കൾക്കൊപ്പം ചേർക്കട്ടേയെന്ന അഭിപ്രായം വിനയ പങ്കുവെക്കുന്നു. ഒരിക്കൽ ക്ലാസെടുക്കുന്നതിനിടെ 'ഞങ്ങൾ ആൺകുട്ടികളോട് എന്തിനാണ് ഇത്രയധികം ദേഷ്യ'മെന്ന് ഒരു കുട്ടി ചോദിച്ചു. എനിക്ക് ആൺകുട്ടികളോട് ദേഷ്യമൊന്നുമില്ല. ഒരിക്കൽ ഗാന്ധിജിയോട് ടാഗോർ ചോദിച്ചു 'നിങ്ങൾക്ക് ബ്രിട്ടനോട് എന്താണിത്ര വെറുപ്പ്?'. അതിന് 'ബ്രിട്ടന് ഇന്ത്യയോടുള്ള ആധിപത്യത്തോടായിരുന്നു' വെറുപ്പ് എന്നായിരുന്നു മറുപടി. അതുപോലെ എനിക്ക് ആൺകുട്ടികളോട് ഒരു വിരോധവുമില്ല, ആൺബോധത്തിനോടാണ് ദേഷ്യം എന്ന മറുപടി നൽകുകയായിരുന്നു.

വിശ്വാസം ഭരണഘടനയിൽ

ഹൈകോടതി വിധിക്കു മുമ്പുതന്നെ നിരവധി പോരാട്ടങ്ങൾ നടത്തേണ്ടിവന്നിരുന്നു. ഒപ്പം ഒരുപാട് പരിഹാസങ്ങളും ഏറ്റുവാങ്ങേണ്ടിവന്നു. എന്നാൽ, ഈ കളിയാക്കലുകളെയെല്ലാം നേരിട്ടത് രാജ്യത്തിന്റെ ഭരണഘടനയിലുള്ള വിശ്വാസം കൊണ്ടുമാത്രമായിരുന്നു. ഭരണഘടനയിലെ ആർട്ടിക്ക്ൾ 14ഉം ആമുഖവുമെല്ലാമാണ് അതിന്റെ അടിസ്ഥാനം. ഭരണഘടനയിലെ ആമുഖത്തെ മറികടക്കാൻ ഒന്നിനും സാധ്യമല്ല, ആ ഉറച്ച വിശ്വാസത്തിലാണ് ഓരോ കാര്യവും ചൂണ്ടിക്കാണിക്കുന്നതും. ഭരണഘടനയിലെ ആമുഖം തുടങ്ങുന്നതുതന്നെ 'നാം ഇന്ത്യയിലെ ജനങ്ങൾ (We, People of India)' എന്നാണ്. അതിൽ ലിംഗവ്യത്യാസമില്ല. അവിടെ ആണോ പെണ്ണോ ഇല്ല. എന്നാൽ അതിൽ ഞങ്ങളുമുണ്ട് എന്നു പറയേണ്ടിവരുന്നത്/ചൂണ്ടിക്കാട്ടേണ്ടിവരുന്നത് ഗതികേടുകൊണ്ടാണ്. ആധാർ കാർഡിലും തിരിച്ചറിയൽ കാർഡിലും സ്ത്രീകളെ പരിഗണിച്ചിരുന്നില്ല. ആധാർ സാധാരണക്കാരന്റെ അവകാശം എന്നാണ് എഴുതിയിരുന്നത്. ഞാൻ സാധാരണക്കാരനല്ല, സാധാരണക്കാരിയാണ് എന്ന് ഉറക്കെ പലയിടത്തും വിളിച്ചുപറയേണ്ടിവന്നിരുന്നു.

മറ്റുള്ളവർക്ക് വേണ്ടിയാണ് ഇതൊന്നും ചെയ്യുന്നതെന്ന് എനിക്ക് തോന്നിയിട്ടില്ല. എനിക്ക് സ്വതന്ത്രമായി നടക്കാനുള്ളതാണ് ഞാൻ തെളിക്കുന്ന വഴി. മറ്റുള്ളവർ അതിന്റെ പിറകെ വരുകയോ കൂടെ നടക്കുകയോ കൂടെ വരാതിരിക്കുകയോ ചെയ്യട്ടേ. അതൊന്നും എന്റെ വിഷയമല്ല. ആ വഴിയിലൂടെ എല്ലാവരും വരുകയാണെങ്കിൽ നല്ലതെന്നു മാത്രമേ ചിന്തിക്കാനാകൂ.

സമൂഹമാധ്യമങ്ങളുടെ വരവോടെ ഇതിൽ ചില സ്ത്രീകളെങ്കിലും സ്വതന്ത്രരായി ജീവിക്കാൻ പഠിക്കുന്നുവെന്ന് പറയാം. ഇറങ്ങിനടത്തവും സഞ്ചാരവുമാണ് ഓരോ സ്ത്രീക്കും ആവശ്യം. അതില്ലാതായതോടെ പലരും വീടിനകത്തുതന്നെ തളക്കപ്പെട്ടു. ഒരു അനീതിയുള്ളിടത്ത് മാത്രമേ നീതി കിട്ടൂവെന്നാണ് എന്റെ അഭിപ്രായം. അനീതിയെന്ന സമരം ചെയ്യുമ്പോഴാണ് നീതി പുലരുക.

ചടങ്ങുകളിൽ സ്ത്രീകളെ മാറ്റിനിർത്തുന്നതായി കാണാം പലയിടത്തും. അച്ഛനോ അമ്മയോ സഹോദരങ്ങളോ മരിച്ചാൽ മൃതദേഹമെടുക്കാനോ അന്ത്യകർമങ്ങൾ ചെയ്യാനോ സ്ത്രീകളെ അനുവദിക്കില്ല. സ്ത്രീകൾ മാറിനിൽക്കുന്നതും കാണാം. എന്നാൽ ഇപ്പോൾ നിരവധി സ്ത്രീകൾ മുന്നോട്ടുവരുകയും അന്ത്യകർമങ്ങൾ ചെയ്യുന്നതും കാണാം.

നമ്മുടെ ലോകം ഒരു കൗതുകം നിറഞ്ഞതാണെന്ന് അറിയാം. പുരുഷൻമാർ ഈ കൗതുകമെല്ലാം കണ്ടുകഴിഞ്ഞു. സ്ത്രീകൾ ഇവ ആസ്വദിക്കാൻ തുടങ്ങുന്നതേയുള്ളൂ. ഒരു 40 വയസ്സുള്ള സ്ത്രീ 12 വയസ്സുള്ള ആൺകുട്ടിയുടെ കൗതുകത്തോടെയാണ് പുതിയ ലോകങ്ങൾ തേടിപ്പിടിക്കുന്നതും കാണുന്നതും. എന്നാൽ, ഇപ്പോൾ വളർന്നുവരുന്ന കുഞ്ഞുപെൺമക്കൾക്ക് ആ കൗതുകം കുറവായിരിക്കും. അവർ ജോലിചെയ്യുന്ന, യാത്രകൾ ചെയ്യുന്ന അമ്മമാരെ കണ്ടാണ് വളർന്നുവരുന്നതെന്നതാണ് കാരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:we the peoplelife`
Next Story