'അഞ്ച് കോടി സമ്മാനം ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം'; കോൻ ബനേഗാ ക്രോർപതി ജേതാവിന് പിന്നീട് സംഭവിച്ചത്
text_fields'ധനം നിങ്ങൾക്ക് സന്തോഷം നൽകില്ല, പക്ഷേ സന്തോഷം കണ്ടെത്താനുള്ള അവസരങ്ങൾ നൽകും' -സാമ്പത്തിക വിദഗ്ധർ പലപ്പോഴും ചൂണ്ടിക്കാട്ടുന്ന ഒരു ഉദ്ധരണിയാണിത്. എത്ര ധനമുണ്ടായാലും അത് എങ്ങനെ ചെലവഴിക്കുന്നു എന്നത് അനുസരിച്ചിരിക്കും നിങ്ങളുടെ ജീവിതം. ഇത് ശരിയാണെന്ന് അടിവരയിട്ടു പറയുകയാണ് സുശീൽ കുമാർ എന്ന 'കോടിപതി'യുടെ ജീവിതം.
സുശീൽ കുമാർ ആരാണെന്നറിയില്ലേ. അമിതാഭ് ബച്ചൻ അവതരിപ്പിച്ച 'കോൻ ബനേഗാ ക്രോർപതി' എന്ന പ്രശസ്തമായ ടി.വി ഷോയിലെ വിജയി. 2011ൽ 'കോൻ ബനേഗാ ക്രോർപതി'യുടെ അഞ്ചാം എഡിഷനിൽ ജേതാവായ ബിഹാർ സ്വദേശി സുശീൽ കുമാറിന് സമ്മാനമായി ലഭിച്ചത് അഞ്ചു കോടി രൂപയാണ്. സാധാരണക്കാരനായ ഒരാൾക്ക് സ്വപ്നം കാണാനാവുന്നതിലും വലിയ നേട്ടം. കോടിപതിയായ സുശീൽ കുമാറിന്‍റെ പിന്നീടുള്ള ജീവിതം സുഖസമൃദ്ധിയും സന്തോഷവും നിറഞ്ഞതാണെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. അഞ്ച് കോടി സമ്മാനമായി ലഭിച്ച സംഭവത്തെ അഞ്ച് വർഷത്തിന് ശേഷം സുശീൽ കുമാർ വിശേഷിപ്പിച്ചത് തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമെന്നായിരുന്നു.
അഞ്ച് കോടി സമ്മാനമായി നേടിയതും സുശീൽ കുമാർ ഒരു സെലിബ്രിറ്റിയായി മാറുകയായിരുന്നു. എന്നും പരിപാടികളിൽ പങ്കെടുക്കൽ, ഉദ്ഘാടനങ്ങൾ, അഭിമുഖങ്ങൾ. മാസത്തിൽ പകുതി ദിവസങ്ങളും പരിപാടികളിൽ പങ്കെടുക്കുന്നതിനായി ചെലവിട്ടു. വൻതോതിൽ പണം സംഭാവനയായി നൽകുന്ന ശീലവുമുണ്ടായിരുന്നു. എന്നാൽ, ഇതിൽ പലരും കബളിപ്പിക്കുകയായിരുന്നെന്ന് പിന്നീടാണ് മനസിലായത്. പല ബിസിനസുകളും ചെയ്തെങ്കിലും മുൻപരിചയമില്ലാത്തതിനാൽ എല്ലാം തകർന്നു. ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാൻ തനിക്ക് അക്കാലത്ത് സാധിച്ചിരുന്നില്ലെന്ന് സുശീൽ കുമാർ പറയുന്നു. ദാമ്പത്യബന്ധത്തിൽ പോലും ഉലച്ചിലുകളുണ്ടായി.
പിൽക്കാലത്ത് ബിസിനസിന്‍റെ ഭാഗമായി ഡൽഹിയിലെത്തിയ സുശീൽകുമാറിന് അവിടെ കോളജ് വിദ്യാർഥികൾ ഉൾപ്പെടെ വലിയ സുഹൃദ്സംഘമുണ്ടായി. പഠിച്ച് വലിയ ആളാകണമെന്നായിരുന്നു ആഗ്രഹമെങ്കിലും പഠനം തുടരാൻ സാധിച്ചിരുന്നില്ല. കൂട്ടികെട്ടിന്‍റെ ഭാഗമായി മദ്യപാനവും പുകവലിയും മറ്റ് ദുശ്ശീലങ്ങളുമെല്ലാം ആരംഭിച്ചു. തനിക്ക് പരിചയമില്ലാത്ത നിരവധി നിക്ഷേപങ്ങളിൽ പണം നൽകി വലിയ നഷ്ടങ്ങൾ നേരിട്ടു.
സിനിമകളോട് വലിയ താൽപര്യമായിരുന്നു സുശീലിന്. സമയം മുഴുവൻ സിനിമ കാണാനായി സുശീൽ മാറ്റിവെച്ചു. ഒരു ദിവസം സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ ഭാര്യ മുറിയിലേക്ക് വരികയും ഒരേ സിനിമ തന്നെ പലയാവർത്തി കണ്ടുകൊണ്ടിരിക്കുന്നതിന് സുശീലിനോട് വഴക്കിടുകയും മുറി വിട്ട് പുറത്ത് പോവാൻ ആവശ്യപ്പെടുകയും ചെയ്തു. ഭാര്യയുമായി അത്ര സ്വരചേർച്ചയിൽ അല്ലാത്തതിനാൽ അപ്പോൾ തന്നെ മുറി വിട്ട് ഇറങ്ങി.
വീട്ടിൽ നിന്നിറങ്ങിയപ്പോഴാണ് ഒരു മാധ്യമപ്രവർത്തകൻ സുശീലിനെ വിളിച്ചത്. എന്തെങ്കിലും പുതുതായി ചെയ്യാൻ പദ്ധതിയുണ്ടോ എന്നായിരുന്നു ചോദ്യം. ഇതിൽ പ്രകോപിതനായി മറുപടിയായി 'എന്‍റെ സമ്മാനത്തുകയെല്ലാം തീർന്നു, ഇപ്പോൾ പശുക്കളെ വാങ്ങി പാലുവിറ്റാണ് ജീവിക്കുന്നത്' എന്നാണ് സുശീൽ പറഞ്ഞത്. ഈ വാർത്ത കാട്ടുതീപോലെ പടർന്നു. ഇതോടെ സുശീലിനെ ആളുകൾ പരിപാടികൾക്ക് വിളിക്കാതായി. സുഹൃത്തുക്കളും മറ്റും അകലം കാണിച്ചുതുടങ്ങി.
അതിനിടെ, ചിലരുടെ സിനിമാ വാഗ്ദാനങ്ങളെ തുടർന്ന് മുംബൈയിലേക്ക് താമസം മാറി. ഏറെ പണം മുടക്കിയെങ്കിലും എല്ലാം നഷ്ടത്തിലായി. ഭാര്യയുമായുള്ള വഴക്ക് രൂക്ഷമായി വിവാഹ മോചനത്തോളം എത്തിയിരുന്നു. സിനിമയിലും സീരിയലിലും കഥയെഴുത്തിലുമെല്ലാം ഒരുകൈ നോക്കിയെങ്കിലും ഒന്നും വിജയിച്ചില്ല. ഒടുവിൽ തന്‍റെ ഗ്രാമത്തിലേക്ക് തന്നെ തിരിച്ചെത്തി. മദ്യപാനവും മറ്റ് ദുശ്ശീലങ്ങളും ഉപേക്ഷിച്ചു.
തുടർന്ന് പാതിവഴിക്ക് ഉപേക്ഷിച്ച പഠനം തുടരുകയും ലളിത ജീവിതം നയിക്കുകയും ചെയ്തു. പരിസ്ഥിതി പ്രവർത്തനങ്ങളിലും സജീവമായി. പിന്നീട് അധ്യാപകനായി ജോലിയാരംഭിച്ച് ജീവിതം വീണ്ടും ഒന്നിൽ നിന്ന് തുടങ്ങി. 2020 സെപ്റ്റംബറിലാണ് സുശീൽ കുമാർ തന്‍റെ ജീവിതകഥ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇപ്പോൾ ജീവിതത്തിൽ ഒരു പുതിയ ആവേശം ഉണ്ടെന്നും, ജീവിതത്തിലുടനീളം പരിസ്ഥിതിയെ സേവിക്കാനുള്ള അവസരം ലഭിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്നുമാണ് സുശീൽ കുമാർ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.