ജീവനുറങ്ങുന്ന ഏറുമാടങ്ങൾ
text_fieldsചിന്നക്കനാലിലൂടെ നടന്നുനീങ്ങുമ്പോൾ ഏറുമാടംപോലെ കുറേ കുടിലുകൾ കാണാം. ആനയെ പേടിച്ച് വീടിന് മുകളിൽ കുടിൽ കെട്ടിയും ഏറുമാടങ്ങളിലും താമസിക്കേണ്ടിവരുന്ന അവസ്ഥയാണ് ഇവർക്ക്. പേടിയില്ലാതെ ഇവരൊന്നുറങ്ങിയിട്ട് നാളുകൾ ഏറെയായി...
ഇന്ന് ആന വരുമോ? മരക്കൂട്ടങ്ങൾക്കിടയിലൂടെ ഇരുട്ട് അരിച്ചിറങ്ങുമ്പോഴേക്കും കുഞ്ഞുങ്ങളുടെ ചോദ്യം തുടങ്ങും. ഉള്ള വറ്റ് വാരിത്തിന്ന് കുഞ്ഞുങ്ങളോടൊപ്പം ഉറങ്ങാൻ കിടന്നാലും ഉറക്കം വരില്ല. നെഞ്ചിനുള്ളിൽ ഒരു വിങ്ങലായിരിക്കും നേരം വെളുക്കുംവരെ. ചെറിയ അനക്കം കേട്ടാൽ പോലും കുഞ്ഞുങ്ങളെ നെഞ്ചോടുചേർത്തുപിടിച്ച് ശ്വാസംപോലും വിടാതെ ഇരിക്കും. പേടിയാണ് ഞങ്ങളുടെ ഉള്ളിൽ, രാവും പകലും. എല്ലാ രാത്രികളിലും കുടിക്ക് ചുറ്റും ആനകളുണ്ടാകും. ഇടക്ക് തുമ്പിക്കൈ നീട്ടി വീടിനകത്തേക്ക് വരും. ഒന്നും ചിന്തിക്കാനുള്ള സമയം പോലും തരില്ല. എല്ലാവരെയും കൂട്ടി അവിടെനിന്ന് ഓടിമാറണം, ഇരുട്ടായാലും മഴയായാലും.
പകൽ വഴിയിലെല്ലാം ആനകൾ കാണും. ആനകളെ പേടിച്ച് പലപ്പോഴും ജോലിക്ക് പോകാൻ പറ്റില്ല. എന്തെങ്കിലും നട്ടുമുളപ്പിച്ചാൽതന്നെ അവയെല്ലാം ആന നശിപ്പിക്കും. ഈ പരിസരത്തെ കൃഷിയിടങ്ങളെല്ലാം ആന നശിപ്പിച്ചുകഴിഞ്ഞു. ജീവിക്കാൻ മാർഗമല്ല, എന്ത് ചെയ്യണമെന്നും അറിയില്ല... ഇടുക്കി ചിന്നക്കനാൽ ചെമ്പകത്തൊഴുകുടിയിലെ മണികണ്ഠൻ പറഞ്ഞുനിർത്തി. ഇത് മണികണ്ഠന്റെ മാത്രം ജീവിതമല്ല. രണ്ടുപതിറ്റാണ്ടുകാലമായി ചിന്നക്കനാലിലെ എല്ലാവർക്കും പറയാനുള്ളത് ഇതുതന്നെയാണ്. ആനക്കലിയിൽ ഈ ഗ്രാമത്തിലെ നിരവധിപേർ ഇതിനോടകം കൊല്ലപ്പെട്ടു. ആനയിൽനിന്ന് എങ്ങനെ ജീവൻ രക്ഷിക്കാം എന്ന ചിന്തയിലാണ് ഇവരുടെ ഓരോ ദിവസവും തുടങ്ങുന്നതുതന്നെ. അവരുടെ ജീവിതങ്ങളിലൂടെ.
കൗതുകമല്ല ഇവിടെ, നെഞ്ചിടിപ്പ്
മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ കണ്ണുകൾക്ക് എന്നും ദൃശ്യവിരുന്നൊരുക്കുന്ന ഇടമാണ് ചിന്നക്കനാൽ. പുല്മേടും കണ്ണെത്താദൂരം വിശാലമായിക്കിടക്കുന്ന തേയിലത്തോട്ടങ്ങളും കൊച്ചരുവികളും ചിന്നക്കനാലിന്റെ മനം മയക്കും കാഴ്ചകളാണ്. നടന്നുനീങ്ങുന്ന ആനക്കൂട്ടവും സഞ്ചാരികളിൽ ആവേശം നിറക്കും. എന്നാൽ, ഇവിടത്തെ ഗ്രാമീണർക്ക് ഈ ആനകൾ ഒരു പേടിസ്വപ്നമാണ്. രാവെന്നോ പകലെന്നോ ഇല്ലാതെ തങ്ങളുടെ വീടുകളും ഒപ്പമുള്ളവരുടെ ജീവനും കൊമ്പിൽ കോർത്തെടുക്കാനെത്തുന്ന ആനകളെ ഭയന്നാണ് ഈ മനുഷ്യരുടെ ജീവിതം.
പന്നിയാർ, തലക്കുളം, ബി.എൽ റാം, വണ്ണാത്തിപ്പാറ, ആനയിറങ്കൽ, സിങ്കുകണ്ടം, സിമന്റ് പാലം, 301 കോളനി എന്നിവിടങ്ങളിലാണ് കാട്ടാനശല്യം രൂക്ഷം. കൃഷിയിടത്തിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ കാട് കയറ്റാനുള്ള ശ്രമത്തിനിടെ ദിവസങ്ങൾക്കുമുമ്പാണ് ചിനക്കനാൽ ടാങ്ക് കുടി സ്വദേശി കണ്ണന് ജീവൻ നഷ്ടമായത്. കണ്ണൻ കൃഷിയിടത്തിൽ പോയി മടങ്ങിവരുന്നതിനിടെ ടാങ്ക്കുടി വണ്ണാത്തിപ്പാറക്കു സമീപം ഒമ്പതംഗ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിനിരയാവുകയായിരുന്നു.
വീടിന് മുകളിൽ കുടിൽ കെട്ടുന്നവർ
മനുഷ്യനെന്നോ വീടെന്നോ ആനകൾക്ക് നോട്ടമില്ല. മുന്നിൽ കാണുന്നതെല്ലാം അവ നിലംപരിശാക്കും. ഇവിടെ എല്ലാവർക്കും കോൺക്രീറ്റ് വീടുകളുണ്ട്. എന്നാൽ, മനസ്സമാധാനത്തോടെ ഒരു ദിവസംപോലും അതിനുള്ളിൽ കിടന്നുറങ്ങാൻ സാധിച്ചിട്ടില്ല. കോൺക്രീറ്റ് വീടുകൾക്ക് മുകളിൽ ഏറുമാടംപോലെ കുറേ കുടിലുകൾ കാണാം. ആനയെ പേടിച്ച് വീടിന് മുകളിൽ കുടിൽ കെട്ടി താമസിക്കേണ്ടിവരുന്ന അവസ്ഥയാണ് ചിന്നക്കനാലിലെ കുടികളിൽ താമസിക്കുന്നവർക്ക്.
ആനയുടെ ശബ്ദം കേട്ടുതുടങ്ങുമ്പോൾതന്നെ കുഞ്ഞുങ്ങളെയും പ്രായമായവരെയും വീട്ടുകാരെയുമെല്ലാം വീടിന് മുകളിലെ ഷെഡിൽ കയറ്റും. ആന അവിടെത്തന്നെ തമ്പടിച്ചിരിക്കുന്ന സമയമാണെങ്കിൽ വൈകുന്നേരം ആറുമണി കഴിഞ്ഞാൽ ഷെഡ്ഡുകളും ഏറുമാടങ്ങളുമാണ് പിന്നെ അഭയകേന്ദ്രം. കഴിക്കാനുള്ളതെല്ലാം എടുത്ത് സന്ധ്യയാകുന്നതിന് മുമ്പുതന്നെ കുടിലിലെത്തും.
ഇതിനിടയിൽ ആനവന്നാൽ പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയുമെല്ലാം ഭയപ്പെടുത്തി ഓടിക്കണം. വീട് കോൺക്രീറ്റ് ആണെങ്കിലും അതിനുള്ളിൽ കിടന്നുറങ്ങാൻ സാധിക്കില്ല. വീട്ടിനകത്തേക്ക് ഇവ തുമ്പിക്കൈ നീട്ടി കയറിവരും. അല്ലെങ്കിൽ വീടിന്റെ ഭിത്തികൾ ഇടിച്ചിടും. വീടിനടുത്ത് കാട്ടാന വരുന്നുണ്ടോ എന്ന് ചെവിയോർത്താണ് ഓരോ രാത്രിയും തള്ളിനീക്കുക. വീടിനകത്ത് കിടന്നുറങ്ങിയപ്പോഴെല്ലാം ആനയിൽനിന്ന് ജീവനുംകൊണ്ട് ഓടിയിറങ്ങി രക്ഷപ്പെട്ടിട്ടുള്ളവരാണ് അധികവും.
അരിക്കൊമ്പൻ ഇല്ല, പകരം
ഒറ്റക്കും കൂട്ടമായും എത്തുന്ന ആനകളെ തിരിച്ചറിയാൻ വനപാലകർക്ക് പ്രയാസമാണെങ്കിലും നാട്ടുകാർക്ക് തിരിച്ചറിയാം തങ്ങളെ ആക്രമിക്കാനെത്തുന്നവരെ. ചക്കക്കൊമ്പനും മുറിവാലനുമൊക്കെ അങ്ങനെ വന്ന പേരുകളാണ്. അരിക്കൊമ്പനെ 2023 ഏപ്രിൽ 29നാണ് മയക്കുവെടിവെച്ച് പിടികൂടി കാടുകടത്തിയത്. റേഷൻ കട തകർത്ത് അരി ഭക്ഷിച്ചിരുന്നതിനാലാണ് അരിക്കൊമ്പൻ പേര് വന്നത്. അതിനുശേഷം മേഖലയിൽ ചക്കക്കൊമ്പന്റെ ശല്യം രൂക്ഷമായി.
ചക്ക എവിടെ കണ്ടാലും അത് പറിച്ച് കഴിക്കുന്നതിനാൽ ചക്കക്കൊമ്പനും ആ പേരുകിട്ടി. കഴിഞ്ഞ ജനുവരി 26ന് ബി.എൽ റാമിലെ കൃഷിയിടത്തിൽവെച്ച് സൗന്ദർരാജൻ എന്ന കർഷകനെ കൊലപ്പെടുത്തിയത് ചക്കക്കൊമ്പനായിരുന്നു. 2022 മാർച്ച് 30ന് സിങ്കുകണ്ടം സ്വദേശി ബാബു മരിച്ചതും ചക്കക്കൊമ്പന്റെ ആക്രമണത്തിലായിരുന്നു. മുറിവാലൻ കൊമ്പൻ എന്ന ഒറ്റയാനും ചിന്നക്കനാൽ മേഖലയിൽ ഭീഷണി ഉയർത്തുന്നുണ്ട്. കാടിറങ്ങിയ പിടിയാനക്കൂട്ടമായിരുന്നു കണ്ണന്റെ ജീവനെടുത്തത്. ‘കൊക്കിപ്പിടി’ (കൊക്കോ എന്ന ശബ്ദം കേൾപ്പിക്കുന്നതിനാൽ) എന്നുവിളിക്കുന്ന പിടിയാന നേതൃത്വം നൽകുന്ന സംഘമാണെന്ന് പ്രദേശവാസികൾ പറയുന്നു.
ആറുവർഷം, ഏഴുകൊല
ചിന്നക്കനാലിൽ ആറു വർഷത്തിനിടെ ഏഴുപേരാണ് കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 2024 ജനുവരി 26ന് കൃഷിയിടത്തിൽ ജോലി ചെയ്യുമ്പോൾ ചക്കക്കൊമ്പൻ ഒറ്റയാന്റെ ആക്രമണത്തിൽ ചിന്നക്കനാൽ ബി.എൽ റാം സ്വദേശിയായ വെള്ളക്കല്ലിൽ സൗന്ദർരാജനാണ് മരിച്ചത്. കൊച്ചുമകനൊപ്പം കൃഷിയിടത്തിൽ ജോലി ചെയ്യുമ്പോഴാണ് സൗന്ദർരാജനെ ചക്കക്കൊമ്പൻ ആക്രമിച്ചത്. 2024 ജനുവരി എട്ടിന് തോണ്ടിമല പന്നിയാർ എസ്റ്റേറ്റിൽ തേയിലക്കൊളുന്ത് നുള്ളാൻ പോയ തോട്ടം തൊഴിലാളി സ്ത്രീ കാട്ടാനയുടെ അടിയേറ്റു മരിച്ചു.
പന്നിയാർ സ്വദേശി പരിമളയാണ് മരിച്ചത്. 2022 മാർച്ച് 30ന് സൂര്യനെല്ലി സിങ്കുകണ്ടത്ത് കൃപാഭവനിൽ ബാബുവിനെയാണ് വീടിനു സമീപം കാട്ടാന ആക്രമിച്ചത്. ചക്കക്കൊമ്പൻ, ബാബുവിന്റെ ഇടതുകാലിൽ പിടിച്ച് പൊക്കി നിലത്തടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാബു തൽക്ഷണം മരിച്ചു. ചിന്നക്കനാൽ അപ്പർ സൂര്യനെല്ലിയിൽ തങ്കരാജും കൊല്ലപ്പെട്ടു. കടയിൽ പോകുമ്പോൾ തങ്കരാജ് കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. 2018 ജൂലൈ മൂന്നിന് ചിന്നക്കനാൽ സിങ്കുകണ്ടം 301 കോളനിയിൽ കല്ലാർ പെട്ടിമുടി തങ്കച്ചനും കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. ബന്ധുവിന്റെ വീട്ടിൽ ഫുട്ബാൾ മത്സരം കണ്ടശേഷം മടങ്ങുമ്പോൾ കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപെടുകയായിരുന്നു. ഇതുകൂടാതെ കാട്ടാനയുടെ ആക്രമണത്തിൽനിന്ന് തലനാരിക്ക് രക്ഷപ്പെട്ടവരും നിരവധിയാണ്.
ചിന്നക്കനാലിലെ സംഘർഷം
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വന്യജീവി ആക്രമണമുള്ള പഞ്ചായത്താണ് ചിന്നക്കനാൽ. 2002ലാണ് ഇവിടെ പുനരധിവാസപദ്ധതി നടപ്പാക്കിയത്. 2003 അവസാനത്തോടെ മനുഷ്യനും കാട്ടാനകളും തമ്മിലുള്ള അതിജീവനയുദ്ധം ആരംഭിച്ചു. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പകൽ പോലും കാട്ടാനകൾ ഇറങ്ങി നടക്കുന്നത് പതിവ് കാഴ്ചയാണ്.
കൃഷി നശിപ്പിക്കുന്നതിനൊപ്പം ആളുകളെ കാട്ടാന ആക്രമിക്കുകയും ചെയ്യും. ചിന്നക്കനാലിൽ ആർ.ആർ.ടിയുടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും എല്ലാ മേഖലയിലും അവർക്കും ഓടിയെത്താൻ കഴിയാത്ത സ്ഥിതിയാണ്. വന്യജീവി ആവാസ മേഖലകളുടെ വിഘടനവും ടൂറിസം ഉൾപ്പെടെയുള്ള പ്രവൃത്തികളിലൂടെ മനുഷ്യരുടെ സാന്നിധ്യം കൂടുന്നതും മനുഷ്യ-വന്യജീവി സംഘർഷം കൂടാൻ കാരണമായി.
വന്യജീവികളുടെ പരമ്പരാഗത സഞ്ചാര പാതകളും ആനത്താരകളും തടസ്സപ്പെടുത്തുന്നത് വന്യമൃഗങ്ങളിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്നാണ് ചൂണ്ടിക്കാട്ടുന്നത്. വനത്തോട് ചേർന്നുള്ള ജനവാസ മേഖലകളിൽ കൃഷി ചെയ്യുന്ന വിളകൾ ഭക്ഷണമാക്കുന്നതിനും പ്രായാധിക്യം, പരിക്ക്, അസുഖങ്ങൾ എന്നിവ മൂലം ഇരപിടിക്കാൻ ബുദ്ധിമുട്ടുള്ള മാംസഭുക്കുകളായ മൃഗങ്ങൾ വളർത്തുമൃഗങ്ങളെ ഇരയാക്കുന്നതും വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ എത്തുന്നതിന് കാരണമാകുന്നു.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.