സജിത; വുമൺ ഓഫ് ദ ട്രാക്
text_fieldsഗുരുവായൂര്‍: തോളില്‍ സ്ഫോടകവസ്തുവടക്കമുള്ള 20 കിലോയോളം ഭാരമുള്ള ബാഗ്, കൈയില്‍ കൂറ്റന്‍ ചുറ്റികയും വലിയ ഇരുമ്പ് സ്പാനറും. ഇതെല്ലാം വഹിച്ച് ചുട്ടുപഴുത്ത് കിടക്കുന്ന റെയില്‍പാളത്തിലൂടെ 16 കിലോമീറ്ററോളം നടപ്പ്. ചിലപ്പോള്‍ ഈ യാത്ര രാത്രിയുടെ ഇരുട്ടിലാകും. നമ്മള് സഞ്ചരിക്കുന്ന െട്രയിനിെൻറ പാത സുരക്ഷിതമായിരിക്കാന്‍ 'കീ വുമണ്‍' കെ.ഡി. സജിത ചെയ്യുന്ന ജോലി ഇങ്ങനെയൊക്കെയാണ്. ഏഴു വർഷമായി ഈ ജോലി നിർവഹിക്കുന്ന സജിതക്ക് കീ വുമണില്‍ നിന്ന് ഗ്യാങ് മേറ്റായി സ്ഥാനക്കയറ്റം ലഭിച്ചു.
ഇനി തൃശൂർ അമല നഗര്‍ ഭാഗത്തെ എട്ടുകിലോമീറ്റര്‍ ദൂരം പാതയാണ് സംരക്ഷിക്കാനുള്ളത്. പുരുഷന്മാര് മാത്രം ജോലി ചെയ്യുന്നതിനാല്‍ 'കീ മാന്‍' പേര് പതിഞ്ഞിരുന്ന തസ്തികയില്‍ സതേണ്‍ റെയില്‍വേയില്‍ തന്നെ വിരലിലെണ്ണാവുന്ന സ്ത്രീകള്‍ മാത്രമാണുള്ളത്. ഏഴുവര്‍ഷം മുമ്പ് ഗേറ്റ് വുമണായാണ് സജിത റെയില്‍വേ ജീവനക്കാരിയായത്. ദിവസവും അമ്പതിലധികം ട്രെയിന്‍ കടന്നുപോകുന്ന വള്ളത്തോള്‍ നഗറില്‍ നിന്നാണ് ഗുരുവായൂരിലേക്കെത്തിയത്. എട്ട് കിലോമീറ്ററോളം പാതയാണ് ഒരാളുടെ സംരക്ഷണയില്‍ വരുന്നത്. ഈ മേഖല ഒരു തവണ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് പരിശോധിക്കുമ്പോള്‍ തന്നെ പാളത്തിലൂടെ 16 കിലോമീറ്റര്‍ നടത്തമാകും.
പാളത്തിലെ വിള്ളലുകൾ ശ്രദ്ധിക്കുക, ജോയൻറുകളും ട്രെയിന്‍ ഡൈവര്‍ട്ട് ചെയ്യുന്ന പോയൻറുകളും സംരക്ഷിക്കുക, റെയില്‍ ലോക്ക് ചെയ്തിരിക്കുന്ന ക്ലിപ്പുകള്‍ മുറുക്കുക, മരങ്ങളും ഇലക്ട്രിക്ക് ലൈനുകളും വീഴുന്നത് ശ്രദ്ധിക്കുക തുടങ്ങിയവയാണ് ഡ്യൂട്ടി. അപകടഘട്ടങ്ങളില്‍ ട്രെയിന്‍ അടിയന്തരമായി നിര്ത്തിക്കേണ്ടതും ഇവര്‍ തന്നെ. തോളിലുള്ള ബാഗില്‍ എപ്പോഴും 10 ഡിറ്റണേറ്ററുകള്‍ അതിനായി കരുതിയിരിക്കും. സിഗ്നൽ വെടി എന്ന് വിളിക്കുന്ന ഡിറ്റണേറ്റര്‍ ഉപയോഗിച്ച് ട്രാക്കില്‍ ചെറുസ്ഫോടനം നടത്തിയാണ് അടിയന്തരമായി ട്രെയിന്‍ നിര്‍ത്തേണ്ടത്.
രാത്രിയെന്നോ പകലെന്നോ നോക്കാതെയാണ് സേവനം. ട്രാക്കിലെ അപകട മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യണം. ചെറിയ വീഴ്ചപോലും രാജ്യവ്യാപക ശ്രദ്ധനേടുന്ന ദുരന്തത്തിന് വഴിവെക്കുന്ന ജോലിയാണിത്.
കെ.എസ്.ഇ.ബിയില്‍ സബ് എന്‍ജിനീയറായ നെല്ലായി ആനന്ദപുരം സ്വദേശി ശശിയാണ് ഭര്‍ത്താവ്. ഗുരുവായൂരില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ സെക്ഷന്‍ സൂപ്പര്‍വൈസര്‍ സി.ഒ സ്റ്റീഫന്‍ സജിതക്ക് ഉപഹാരം നല്കി. ബാസ്ക്കര്നായിക്ക് നിക്സണ് ഗുരുവായൂര്‍, പി.എസ്. ശശി, ശ്രീനാരയണന്‍, വിദ്യ, സുരേഷ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.