മാതൃസ്നേഹം അന്യമായ 14 വർഷങ്ങൾ; ഒടുവിൽ സുൽഫത്തിനരികിൽ മാതാവെത്തി
text_fieldsമലപ്പുറം: മാതൃസ്നേഹം നഷ്ടമായി ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ തണലിൽ കഴിയേണ്ടിവന്ന സുൽഫത്തിനെ തേടി ഒടുവിൽ മാതാവ് സുലൈഖയെത്തി. 2009ൽ ബന്ധുക്കൾ മലപ്പുറം ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി) അധികൃതരെ ഏൽപിക്കുമ്പോൾ സുൽഫത്തിന് വെറും ആറു വയസ്സ്.
പിന്നീട് കുട്ടിയെ കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ പ്രവേശിപ്പിച്ചു. അവിടെനിന്ന് സ്വകാര്യ സ്ഥാപനത്തിലേക്കും വീണ്ടും കോഴിക്കോട് ഗേൾസ് ചിൽഡ്രൻസ് ഹോമിലേക്കും മാറ്റി. 18 വയസ്സ് പൂർത്തിയായപ്പോൾ സർക്കാറിന്റെ കോഴിക്കോട് വെള്ളിമാട്കുന്നിലെ ആഫ്റ്റർ കെയർ ഹോമിൽ പ്രവേശിപ്പിച്ചു.
മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിലെ അറവങ്കരയിൽ താമസിക്കുന്ന സുലൈഖയുടെ മകളാണ് സുൽഫത്ത്. മാനസികാസ്വസ്ഥതയെ തുടർന്ന് സുലൈഖ പലപ്പോഴും വീടുവിട്ട് പോകാറുണ്ടായിരുന്നു. ദിവസങ്ങൾ കഴിഞ്ഞാണ് ചിലപ്പോഴൊക്കെ തിരിച്ചെത്താറ്. ബന്ധുക്കളുടെ കരുതലും ചികിത്സയുമൊന്നും രോഗം ഭേദമാക്കിയില്ല. പിതാവിന്റെ കരുതലും സുൽഫത്തിന് ലഭിച്ചില്ല. തുടർന്നാണ് സുലൈഖയുടെ ബന്ധുക്കൾ സുൽഫത്തിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ ഏൽപിച്ചത്.
മാതാപിതാക്കളെ കണ്ടെത്തണമെന്ന ആഗ്രഹം ചെറുപ്പം തൊട്ടേ മനസ്സിലുണ്ടായിരുന്നെങ്കിലും അതൊരു നോവായി സുൽഫത്ത് മനസ്സിൽ ഒതുക്കിവെച്ചു. കഴിഞ്ഞ മാസം 20 വയസ്സു തികഞ്ഞപ്പോൾ തന്റെ ആഗ്രഹം സുൽഫത്ത് ആഫ്റ്റർ കെയർ ഹോം സൂപ്രണ്ടിനോടും അധികൃതരോടും പങ്കുവെച്ചു. തന്റെ ജന്മസ്ഥലം എവിടെയാണെന്നു പോലും അവൾക്ക് ഓർമയുണ്ടായിരുന്നില്ല. തന്നെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറുമ്പോൾ കേട്ട സ്ഥലപ്പേര് ഓർത്തെടുത്താണ് പൂക്കോട്ടൂർ അറവങ്കരയാണെന്ന് പറഞ്ഞത്.
പിതാവ് ഇബ്രാഹിം എന്നയാളാണെന്നും അവൾ പറഞ്ഞു. തുടർന്ന് ‘മിസ്സിങ് പേഴ്സൻ കേരള’ വാട്സ്ആപ് ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് സുൽഫത്തിന് മാതാവിനെ തിരികെ ലഭിച്ചത്. കോഴിക്കോട് ആഫ്റ്റർ കെയർ ഹോം സൂപ്രണ്ടിന്റെ സഹായത്തോടെ ‘മിസ്സിങ് പേഴ്സൻ കേരള’ അഡ്മിൻ ഒ.കെ.എം. അഷ്റഫിന്റെ നേതൃത്വത്തിൽ സുൽഫത്ത് മുമ്പ് താമസിച്ചിരുന്ന സ്ഥാപനങ്ങളിലും മറ്റും അന്വേഷിച്ചു.
എന്നാൽ, കൂടുതലായി ഒരു വിവരവും കിട്ടിയില്ല. പിന്നീട് സാബിർ പൂക്കോട്ടൂർ, മുഹമ്മദ് അലി പൂക്കോട്ടൂർ, അലി അക്ബർ എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് സുൽഫത്തിന്റെ ബന്ധുക്കളെ കണ്ടെത്താനായത്. ഒടുവിൽ കഴിഞ്ഞ ദിവസം കോഴിക്കോട് ആഫ്റ്റർ കെയർ ഹോം പരിസരത്ത് നടന്നത് മാതൃലാളനത്തിന്റെയും നൊമ്പരത്തിന്റെയും വേവുന്ന നിമിഷങ്ങളായിരുന്നു. കണ്ടമാത്രയിൽ സുലൈഖ മകളെ വാരിപ്പുണർന്നു. മനസ്സിൽ ഒതുക്കിവെച്ച വീർപ്പുമുട്ടലും സ്നേഹവും വാത്സല്യവുമെല്ലാം കണ്ണുനീരായി പടർന്നു.
വനിത -ശിശു വികസന വകുപ്പിന്റെയും കുടുംബാംഗങ്ങളുടെയും നേതൃത്വത്തിൽ തുടർ നടപടി സ്വീകരിക്കും. നാട്ടുകാരുടെ നിസ്സീമമായ പിന്തുണയും സഹകരണവുംകൊണ്ടാണ് കുറഞ്ഞ സമയത്തിനുള്ളിൽ സുൽഫത്തിന്റെ മാതാവിനെ കണ്ടെത്താൻ സാധിച്ചതെന്നും ഈയൊരു കൂടിച്ചേരലിന്റെ ഭാഗമാകാൻ സാധിച്ചത് ഏറെ സന്തോഷം നൽകുന്നതാണെന്നും ഒ.കെ.എം. അഷ്റഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.