37 വർഷം ദേവധാറിനെ അന്നമൂട്ടി സരസ്വതി
text_fieldsതാനൂർ: ജില്ലയിലെ ഏറ്റവും വലിയ വിദ്യാലയങ്ങളിലൊന്നായ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പാചകപ്പുരയിൽ 37 വർഷമായി വിദ്യാർഥികൾക്ക് അന്നമൊരുക്കി സരസ്വതി ചേച്ചിയുണ്ട്. 1986 ആഗസ്റ്റ് 16ന് പാചകക്കാരിയായി ദേവധാറിൽ ജോലിയിൽ പ്രവേശിക്കുമ്പോൾ 10 രൂപയായിരുന്നു ദിവസവേതനം. സോമശേഖരൻ മാഷ് പ്രധാനാധ്യാപകനായിരിക്കുന്ന സമയമായിരുന്നു അതെന്ന് സരസ്വതി ഓർത്തെടുക്കുന്നു. സൗകര്യങ്ങൾ കുറവായിരുന്ന അക്കാലത്തെ തുച്ഛമായ വേതനം തന്നെ ഏറെ പ്രയാസപ്പെട്ടായിരുന്നു കിട്ടിയിരുന്നത്.
ഇന്ന് അയ്യായിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന ദേവധാറിൽ ദിവസവും അഞ്ച് ചാക്കിലധികം അരിയാണ് ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നത്. ഇവർക്ക് വേണ്ട എല്ലാ വിഭവങ്ങളും പരാതികൾക്കിട നൽകാതെ ഒരുക്കി നൽകുന്നത് സരസ്വതി ചേച്ചിയും മറ്റു രണ്ട് പാചകത്തൊഴിലാളികളും ചേർന്നാണ്. കൂടാതെ അവധി ദിവസങ്ങളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്യാമ്പുകൾ പോലുള്ള പരിപാടികളിലും ഭക്ഷണമാരുക്കുന്നത് ഇവർ തന്നെയാണ്.
സ്കൂളിലെ പാചകത്തൊഴിലാളിയെന്നതിലപ്പുറം ദേവധാറിലെ മിക്ക പരിപാടികളിലെയും സജീവ സാന്നിധ്യമാണ് ഇവർ. ജോലി തുടങ്ങിയ കാലഘട്ടത്തിലുണ്ടായിരുന്ന പ്രയാസങ്ങൾ ഇന്നില്ലെങ്കിലും പാചകപ്പുരയിൽ കൂടുതൽ സൗകര്യങ്ങളുണ്ടാകേണ്ടതുണ്ടെന്നാണ് സരസ്വതിയുടെ അഭിപ്രായം. സ്കൂളിന്റെ നിർദിഷ്ട വികസന പദ്ധതിയുടെ ഭാഗമായുള്ള ആധുനിക പാചകപ്പുര യഥാർഥ്യമാകുന്നതോടെ അതിനും പരിഹാരമാകുമെന്നാണ് വിശ്വസിക്കുന്നത്. പാചകത്തൊഴിലാളികളുടെ വേതനം കുടിശ്ശികയാകുന്നത് പ്രയാസം സൃഷ്ടിക്കുന്നുണ്ടെങ്കിലും വിദ്യാർഥികൾ നൽകുന്ന സ്നേഹവും അധ്യാപകരും പി.ടി.എ ഭാരവാഹികളുമുൾപ്പെടെയുള്ള സ്കൂൾ അധികൃതരുടെ പിന്തുണയും കരുതലുമാണ് സരസ്വതി ചേച്ചിക്ക് 69ാം വയസ്സിലും മുന്നോട്ടുപോകാനുള്ള ഊർജമാകുന്നത്. ചെത്തു തൊഴിലാളിയായിരുന്ന ഭർത്താവ് കുഞ്ഞപ്പു മരിച്ചശേഷം മകൻ ഷാജിയോടൊപ്പമാണ് ഇവർ താമസം. മിനി, രജനി, സിന്ധു എന്നിവരാണ് മറ്റു മക്കൾ. ഇതിൽ രജനി അമ്മയുടെ വഴി പിന്തുടർന്ന് ദേവധാറിൽ പാചകത്തൊഴിലാളിയായി ജോലി ചെയ്യുന്നുണ്ട്.
സരസ്വതിക്ക് സ്കൂൾ അധികൃതർ കഴിഞ്ഞദിവസം പ്രത്യേക ആദരമൊരുക്കി. സ്കൂൾ സ്റ്റാഫ്, പി.ടി.എ, എസ്.എം.സി, എം.പി.ടി.എ, പൂർവ വിദ്യാർഥികൾ തുടങ്ങിയവർ ചടങ്ങിൽ ഉപഹാരങ്ങൾ നൽകി. പി.ടി.എ പ്രസിഡന്റ് ചുള്ളിയത്ത് ബാലകൃഷ്ണൻ, എസ്.എം.സി ചെയർമാൻ അബ്ദുൽ കരീം, പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്ന അബ്ദുറഹ്മാൻ, പ്രധാനാധ്യാപിക പി. ബിന്ദു, പി.ടി.എ പ്രതിനിധികൾ, പൂർവ വിദ്യാർഥി പ്രതിനിധികൾ, അധ്യാപകരായ കെ. നാരായണൻ, ഇ. അനിൽകുമാർ, രാധാമണി എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മുരളീധരൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.