മലയാളി യുവതിക്ക് ന്യൂസിലൻഡിൽ നിന്ന് രണ്ടേകാൽ കോടി രൂപയുടെ ഫെലോഷിപ്
text_fieldsമലപ്പുറം: മലയാളി യുവതിക്ക് ന്യൂസിലൻഡിലെ ഓക്ലൻഡ് യൂനിവേഴ്സിറ്റിയിൽനിന്ന് പോളിമർ കെമിസ്ട്രിയിൽ രണ്ടേകാൽ കോടി ഇന്ത്യൻ രൂപയുടെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്. മലപ്പുറം എടവണ്ണ പത്തപ്പിരിയം ഫാത്തിമ ഗാർഡനിൽ ജസ്ന അഷ്റഫാണ് അഭിമാനകരമായ നേട്ടം കൈവരിച്ചത്. ഓക്ലൻഡ് യൂനിവേഴ്സിറ്റിയിൽനിന്ന് പോളിമർ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയതിനൊപ്പമാണ് ഈ നേട്ടം.
ഓരോ വർഷവും 87,000 ന്യൂസിലൻഡ് ഡോളർ വീതം അഞ്ച് വർഷത്തേക്കാണ് ഫെലോഷിപ് ലഭിക്കുക. പോളിമർ പദാർഥങ്ങളോടുള്ള കാൻസർ കോശങ്ങളുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കി ജസ്ന നടത്തിയ പഠനം മനുഷ്യശരീരത്തിൽ കാൻസർ കോശങ്ങളെ മുൻകൂട്ടി കണ്ടെത്താനുള്ള സാധ്യതകളെ സഹായിക്കുന്നതാണ്.
തൊടുപുഴ എൻജിനീയറിങ് കോളജിൽനിന്ന് പോളിമർ എൻജിനീയറിങ്ങിൽ ബി.ടെക്കും കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാല കാമ്പസിൽനിന്ന് പോളിമർ സയൻസ് ആൻഡ് റബർ ടെക്നോളജിയിൽ എം.ടെക്കും നേടിയ ജസ്ന രണ്ടുവർഷം അബൂദബി ഖലീഫ യൂനിവേഴ്സിറ്റിയിലും ഖത്തർ യൂനിവേഴ്സിറ്റിയിലും കെമിക്കൽ എൻജിനീയറിങ് വകുപ്പിൽ റിസർച് അസിസ്റ്റന്‍റായിരുന്നു.
2018 ഡിസംബറിലാണ് സ്കോളർഷിപ് നേടി ഗവേഷണത്തിന് ന്യൂസിലൻഡിൽ എത്തുന്നത്. അഞ്ചുവർഷമായി ഭർത്താവ് പത്തപ്പിരിയം അമ്പാഴത്തിങ്ങൽ മുഹമ്മദ് നൈസാമിനൊപ്പം ന്യൂസിലൻഡിലാണ് താമസം. ബേപ്പൂർ അരക്കിണറിലെ ഇല്ലിക്കൽ അഷ്റഫ്-ജമീല ദമ്പതികളുടെ മകളാണ്. മക്കൾ :സാറ, നോറ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.