Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightസേവനപ്രഭ

സേവനപ്രഭ

text_fields
bookmark_border
snehapraba
cancel
camera_alt

സ്നേഹപ്രഭ- ചിത്രങ്ങൾ: കെ. വിശ്വജിത്ത്

തന്റെ ജീവിതം നാട്ടുകാർക്ക് വേണ്ടി, ഒരു നാടിനെ സേവിക്കാനായി മാറ്റിവെച്ചിരിക്കുകയാണ് സ്നേഹപ്രഭ എന്ന 61കാരി. മാസ്റ്റേഴ്സ് നീന്തൽ മത്സരത്തിൽ കേരളത്തിന് വേണ്ടി സ്വർണമെഡലും രാജ്യത്തിന് വേണ്ടി വെള്ളി മെഡലും ഇവർ നേടിയിട്ടുണ്ട്.

ഇത് സ്നേഹപ്രഭ. വയസ്സ് 61 കഴിഞ്ഞു. പ്രായമായെന്നുപറഞ്ഞ് അടങ്ങിയിരിക്കാനൊന്നും ഇവർ ഒരുക്കമല്ല. തന്റെ ജീവിതം മുഴുവൻ നാട്ടുകാർക്ക് വേണ്ടി, ഒരു നാടിനെ സേവിക്കാനായി മാറ്റിവെച്ചിരിക്കുകയാണ് സ്നേഹപ്രഭ. സേവന പ്രവർത്തനത്തിലും നാട്ടിലെ സകല വിഷയത്തിലും ആദ്യം ഓടിയെത്തുന്ന ആളാണ് സ്നേഹപ്രഭ. സ്വദേശം കോഴിക്കോട് ജില്ലയിലെ ചാത്തമംഗലത്തിനടുത്ത് വെള്ളനൂർ. 3500ലധികം പേരെ സൗജന്യമായി നീന്തൽ പഠിപ്പിച്ചും മറ്റു സേവന, സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായും നാടിന് മാതൃകയാകുകയാണ് ഇവർ.

തുടക്കം ടൈലറിങ്ങിൽനിന്ന്

ചെറുപ്പംമുതൽ വിവിധയിനം ജോലികളിൽ സജീവമായ ആളാണ് സ്നേഹപ്രഭ. ആദ്യം തിരഞ്ഞെടുത്തത് തയ്യലായിരുന്നു. 14ാം വയസ്സുമുതൽ ​ടെയിലറിങ്ങിൽ സജീവമായ സ്നേഹപ്രഭ ഇപ്പോഴും അത് തുടർന്നുകൊണ്ടിരിക്കുന്നു. പ്രദേശത്തുള്ളവർക്ക് ചുരിദാർ, ഉടുപ്പ് തുടങ്ങി വിവിധ വസ്ത്രങ്ങൾ തയ്ച്ചു നൽകും. കൂടാതെ എംബ്രോയ്ഡറി വർക്കുകളും ചെയ്യും. 2012 മുതൽ ടെയിലറിങ് ജോലികളിൽനിന്ന് ലഭിക്കുന്ന വരുമാനം നാട്ടിലെ പാവപ്പെട്ടവരുടെ വിവിധ ആവശ്യങ്ങൾക്കായി ചെലവാക്കുകയാണ് ചെയ്യുക.

ചെറുപ്പത്തിൽ അച്ഛൻ വീട്ടിൽ പല ജോലികൾക്കായി പണിക്കാരെ വിളിക്കുമ്പോൾ അതിലൊരാളായി സ്നേഹപ്രഭയും കുടും. നെൽകൃഷി സംബന്ധമായ ജോലികൾക്കാണ് ഇങ്ങനെ കൂടുതലും നിൽക്കുക.

നാട്ടിലെ വിവിധ തരം സേവന പ്രവർത്തനങ്ങളിൽ എപ്പോഴും മുൻപന്തിയിൽ ഉണ്ടാകും സ്‌നേഹപ്രഭ. ജീവിതത്തിന്റെ ദുഃഖകരമായ സാഹചര്യത്തിലൂടെ വന്നതുകൊണ്ടുതന്നെ പ്രയാസപ്പെടുന്നവരുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിനായി സ്നേഹപ്രഭ ഓടിയെത്തും. പാവപ്പെട്ട നിരവധിപേർക്ക് വീടുകളും ശുചിമുറികളും നിർമിച്ചു നൽകിയിട്ടുണ്ട് സ്നേഹപ്രഭ.

സിമന്റ്, കല്ല് തുടങ്ങിയവ ചുമടെടുക്കാനും നിർമാണ പ്രവർത്തനങ്ങളിലും ഇവർ പങ്കാളിയാകും. പുല്ല് വെട്ടി പശുക്കളെ പോറ്റുന്നവർക്ക് നൽകി കിട്ടുന്ന പണം പാവങ്ങൾക്ക് വേണ്ടി ചെലവഴിക്കും. പാവപ്പെട്ട കുട്ടികൾക്ക് വേണ്ടിയുള്ള പഠന സഹായങ്ങളും നൽകുന്നുണ്ട്. സ്ഥിരവരുമാനമില്ലാത്ത ഇവർ മാസംതോറും 15000 രൂപയോളം ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി നീക്കിവെക്കും. എല്ലാ വർഷവും പാതയോരത്തും പറമ്പുകളിലുമായി 100 തൈകൾ നടാൻ സ്നേഹപ്രഭ സമയം കണ്ടെത്തും. തെങ്ങു കയറ്റവും പഠിച്ചിട്ടുണ്ട്. സ്വന്തം ആവശ്യത്തിനായി തെങ്ങിലും കയറും.

പ്രതീക്ഷ

2015ൽ സ്നേഹപ്രഭയുടെ നേതൃത്വത്തിൽ രൂപവത്കരിച്ചതാണ് പ്രതീക്ഷ ചാരിറ്റബ്ൾ ട്രസ്റ്റ്. അതിന്റെ പ്രസിഡന്റായി സ്നേഹപ്രഭതന്നെയാണുള്ളതും. 2021ൽ ട്രസ്റ്റിനു കീഴിൽ രണ്ടുപേർക്ക് വീടുവെച്ച് നൽകിയിരുന്നു. വീട് നിർമാണത്തിനായി ഒമ്പതു സെന്റ് സ്ഥലവും സ്നേഹപ്രഭ വിട്ടുനൽകി. കൂടാതെ വീട്ടുകാർക്ക് വഴിക്കാവശ്യമായ സ്ഥലവും സൗജന്യമായി എ​ഴുതിനൽകി. വെള്ളമില്ലാതെ പ്രയാസം അനുഭവിക്കുന്ന എട്ട് വീട്ടുകാർക്കായി സ്നേഹപ്രഭയുടെ നേതൃത്വത്തിൽ കുഴൽകിണർ നിർമിച്ചുനൽകിയിരുന്നു.

മഹാപ്രളയത്തിന്റെ സമയത്ത് പ്രദേശത്ത് വെള്ളം കയറിയ വീടുകളിൽ സഹായവുമായി സ്നേഹപ്രഭ എത്തി. കോവിഡ് സമയത്തും വിവിധ സന്നദ്ധപ്രവർത്തനങ്ങളിൽ സജീവമായിരുന്നു സ്നേഹപ്രഭ. കാലിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന സമയത്തുപോലും മാസ്ക് നിർമിച്ച് വിതരണംചെയ്തായിരുന്നു സ്നേഹപ്രഭയുടെ സന്നദ്ധ പ്രവർത്തനം. ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസ് വളന്റിയറാണ് സ്നേഹപ്രഭ. കാരുണ്യ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുന്ന സ്നേഹപ്രഭയെ തേടി ഹ്യുമൻ റൈറ്റ് പ്രൊട്ടക്ഷൻ ഫോറത്തിന്റെ അംഗീകാരവും സൗജന്യ കായിക പരിശീലനത്തിന് സർക്കാരിന്റെ വനിത രത്നം അവാർഡും തേടിയെത്തിയിരുന്നു.

നീന്തൽ പരിശീലനം

ഒരിക്കൽ വിട്ടുമാറാത്ത കൈവേദന സ്നേഹപ്രഭയെ ശല്യം ചെയ്തു തുടങ്ങി. നിരവധി ആശുപത്രിയിൽ വിവിധ ഡോക്ടർമാരെ കണ്ടു. ധാരാളം മരുന്നുകൾ മാറിമാറി കഴിച്ചു. കൈവേദന മാത്രം മാറിയില്ല. ഇതോടെ ഒരു ഡോക്ടറുടെ നിർദേശ പ്രകാരം വ്യായാമമെന്ന നിലയിൽ നീന്തൽ ആരംഭിച്ചു. വളരെ ചെറുപ്പത്തിൽതന്നെ അച്ഛനിൽനിന്ന് നീന്തൽ പഠിച്ചിരുന്നു സ്നേഹപ്രഭ.

സ്നേഹപ്രഭ സ്ഥിരമായി നീന്താൻ തുടങ്ങിയതോടെ നീന്തൽ പഠിക്കണമെന്ന ആവശ്യവുമായി നിരവധി കുഞ്ഞുങ്ങൾ സ്നേഹപ്രഭയെ തേടിയെത്തി. അവരുടെ ആവശ്യപ്രകാരം പ്രദേശത്തെ ഒരു വെള്ളമുള്ള കുഴിയിൽനിന്ന് നീന്തൽ പഠിപ്പിച്ചു തുടങ്ങി. ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ പ്രദേശത്തെ പൊതുകുളം വൃത്തിയാക്കുകയും അതിൽ കുട്ടികളെ നീന്തൽ പഠിപ്പിക്കുകയും ചെയ്തു. സ്വന്തമായി നിർമിച്ച ‘ബോട്ടിൽ ലൈഫ് ജാക്കറ്റ്’ ഉപയോഗിച്ചായിരുന്നു നീന്തൽ പരിശീലനം. വർഷങ്ങളോളമായി തുടരുന്ന പരിശീലനത്തിൽ പ്രദേശത്തെ 3500ലധികംപേർ നീന്തൽ പഠിച്ചുകഴിഞ്ഞു.

കഴിഞ്ഞ വർഷം ഡിസംബറിൽ സ്വന്തമായി ആധുനിക രീതിയിലുള്ള സ്വിമ്മിങ് പൂൾ ഉണ്ടാക്കുകയും നീന്തൽ പരിശീലനം അതിലേക്ക് മാറ്റുകയും ചെയ്തു. സ്‌നേഹപ്രഭ സ്വിമ്മിങ് അക്കാദമിയായാണ് ഇപ്പോൾ എല്ലാ പ്രായത്തിലുള്ളവർക്കും പരിശീലനം നൽകുന്നത്. അതിനായി ചെറിയ ഫീസും ഈടാക്കും. ദിവസവും വെള്ളം ടെസ്റ്റ് ചെയ്ത് സ്വിമ്മിങ് പൂൾ വൃത്തിയായി സൂക്ഷിക്കും. ഭിന്നശേഷിയുള്ള കുട്ടികൾക്ക് സൗജന്യ നീന്തൽ പരിശീലനം നൽകിയിട്ടുണ്ട്. മാവൂർ ബി.ആർ.സിയിലെയും കുന്ദമംഗലം ബി.ആർ.സിയിലെയും കുട്ടികൾക്കാണ് നീന്തൽ പരിശീലനം നൽകിയത്.

നീന്തൽ പരിശീലനം മാത്രമല്ല, നിരവധി മത്സരങ്ങളിൽ പ​ങ്കെടുത്ത് സമ്മാനങ്ങളും സ്നേഹപ്രഭ സ്വന്തമാക്കിയിരുന്നു. മാസ്റ്റേഴ്സ് നീന്തൽ ചാമ്പ്യൻഷിപ്പ് ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുകയും മെഡലുകൾ നേടുകയും ചെയ്തു. 55-60 വയസ്സുള്ളവരുടെ നീന്തൽ മത്സരത്തിൽ കേരളത്തിന് വേണ്ടി സ്വർണമെഡൽ നേടി. രാജ്യത്തിന് വേണ്ടി വെള്ളി മെഡൽ നേടിയിട്ടുണ്ട്.

ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസ് വളന്റിയർ

ഫയർ ആൻഡ് റെസ്ക്യൂ സർവിസിൽ സിവിൽ ഡിഫൻസ് വളന്റിയർ ആയി സേവനം അനുഷ്ഠിക്കുന്നുണ്ട് സ്‌നേഹപ്രഭ. നീന്തൽ പരിശീലക ആയതിനാൽ ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെ കൂടെ പുഴയിലും മറ്റുമാണ് കൂടുതൽ സേവനമനുഷ്ഠിക്കുന്നത്. ബലിതർപ്പണം നടക്കുന്ന ഇടങ്ങളിൽ സ്ഥിരമായി വളന്റിയറായി പ്രവർത്തിച്ചുവരുന്നു. പ്രദേശത്തെ വീടുകളിലെ കിണറുകളിൽ നായോ പൂച്ചയോ വീണാലും ഇവരെ ആളുകൾ വിളിക്കാറുണ്ട്. ബേപ്പൂർ ഫെസ്റ്റിനും കനോലി കനാൽ ശുചീകരണത്തിനും സംസ്ഥാന യുവജനോത്സവത്തിനും സേവനം അനുഷ്ഠിച്ചു.

പാമ്പ് പിടിത്തം

കോഴിക്കോട് ജില്ലയിൽ സ്നേക് റെസ്ക്യൂ മേഖലയിൽ പ്രവർത്തിക്കുന്ന രണ്ട് സ്ത്രീകളിൽ ഒരാളാണ് സ്നേഹപ്രഭ. ഫോറസ്റ്റ് ഡിപ്പാർട്മെന്റിന്റെ ഔദ്യോഗിക പാമ്പ് പിടിത്ത ലൈസൻസ് നേടിയിട്ടുണ്ട് സ്‌നേഹപ്രഭ. അണലി, മൂർഖൻ, പെരുമ്പാമ്പ് തുടങ്ങി നിരവധി പാമ്പുകളെ ഇവർ പിടികൂടിയിട്ടുണ്ട്. നിരവധി സ്കൂളുകൾ, കോളജുകൾ, വീടുകൾ തുടങ്ങിയ ഇടങ്ങളിൽ പാമ്പ് പിടിത്തത്തിനായി പോയിട്ടുണ്ട്. താൻ ചെയ്യുന്ന പല ജോലികളിലും പാമ്പ് പിടിത്തമാണ് സ്നേഹപ്രഭക്ക് ഏറെ ഇഷ്ടം. പാമ്പിനെ ഒരു വിധത്തിലും പരിക്കേല്പിക്കാതെ വളരെ ശ്രദ്ധയോടെ ചെയ്യേണ്ട ഒരു ജോലിയാണ് പാമ്പ് പിടിത്തമെന്ന് സ്‌നേഹപ്രഭ പറയുന്നു.

കരകൗശല വസ്തുക്കളുടെ നിർമാണം

പേപ്പർ ബാഗ് നിർമാണം, ബാഗുകൾ, മാറ്റുകൾ, വിവിധ ഷോക്കേഴ്‌സ് ഐറ്റംസുകൾ, ഷാൾ, പാവകൾ, തൊപ്പികൾ, ടി.വി കവറുകൾ, കുഞ്ഞുടുപ്പുകൾ തുടങ്ങി വിവിധങ്ങളായ കരകൗശല വസ്തുക്കൾ നിർമിക്കാറുണ്ട് സ്‌നേഹപ്രഭ. വിവിധ തരം മുത്തുകൾ കൊണ്ടുള്ള ബാഗുകൾക്ക് ആവശ്യക്കാർ ഏറെയുണ്ട്.

അതുപോലെ വിലയേറിയ ബാഗുകളും നിർമിക്കും. ചാത്തമംഗലം വായനശാലയുടെ നേതൃത്വത്തിൽ ചാത്തമംഗലം സ്കൂളിൽ കരകൗശല എക്സിബിഷൻ നടത്തിയിട്ടുണ്ട്. സമയത്തിന് ഏറെ വിലയുണ്ടെന്ന് പറയുന്ന സ്‌നേഹപ്രഭ പല ജോലികൾക്കിടയിലാണ് കരകൗശല വസ്തുക്കൾ നിർമിക്കുന്നത്. പേപ്പർ ബാഗ് നിർമാണത്തിലും ടെയിലറിങ്ങിലും കരകൗശല വസ്തു നിർമാണത്തിലും ആളുകൾക്ക് സൗജന്യ പരിശീലനം നൽകി. ചാത്തമംഗലം എ.യു.പി സ്കൂളിൽ രണ്ട് വർഷം സൗജന്യമായി കരകൗശല വസ്തു നിർമാണം പഠിപ്പിച്ചിട്ടുണ്ട്. ഓണക്കാലത്ത് പ്രദേശത്തെ കുട്ടികൾക്ക് സൗജന്യമായി പൂക്കൂടകൾ നിർമിച്ചുനൽകും.

മിലിട്ടറിയിൽനിന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്നും വിരമിച്ച ടി. വസന്തകുമാറാണ് സ്നേഹപ്രഭയുടെ ഭർത്താവ്. മക്കൾ: പ്രവിത വസന്ത്, പ്രവീണ വസന്ത്. വിവാഹിതരായ മക്കൾ കുടുംബ സമേതം വിദേശത്താണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SnehaprabhaMasters swimming competition
News Summary - 61-year-old Snehaprabha in Masters swimming competition
Next Story