75ാം വയസ്സിലും തട്ടുകടയുമായി ശാരദാമ്മ
text_fieldsഭക്ഷണം അത്ര ഫാസ്റ്റല്ലെങ്കിലും ശാരദാമ്മയുടെ തട്ടുകട ഹിറ്റുതന്നെ. പാചകവാതകത്തിന് വിലകൂടിയാലും ഭക്ഷണ മെനുവിൽ മാറ്റമുണ്ടാകില്ല. ഗ്യാസ് അടുപ്പും വൈദ്യുതിയും പൈപ്പ് കണക്ഷനും ഒന്നുമില്ലാതെ വിറകടുപ്പിൽ ചുടുന്ന ദോശയും ചമ്മന്തിയും കട്ടൻകാപ്പിയും സ്നേഹപൂർവം നൽകിയാണ് ഈ മുത്തശ്ശി കടയിലെത്തുന്നവരെ സ്വീകരിക്കുന്നത്.
കാർത്തികപ്പള്ളി മഹാദേവികാട് സന്തോഷഭവനത്തിൽ പരേതനായ ശിവരാമൻ നായരുടെ ഭാര്യ ശാരദാമ്മയാണ് (75) പ്രായത്തെ വെല്ലുന്ന പോരാട്ടം നടത്തുന്നത്. പ്രായാധിക്യം ശരീരത്തെ തളർത്തുേമ്പാഴും പ്രാരബ്ധം നിറഞ്ഞ ജീവിതത്തിൽ നിവർന്ന് നിൽക്കുന്നത് ഈ തട്ടുകടയിലൂടെയാണ്.
മഹാദേവികാട് വലിയകുളങ്ങര ക്ഷേത്രത്തിന് എതിർവശം മൂന്ന് പതിറ്റാണ്ടായുള്ള കടക്ക് ബോർഡില്ല. പാചകവും വിളമ്പലും പാത്രം കഴുകലുമെല്ലാം തനിയെയാണ്. അതുകൊണ്ടുതന്നെ ഫാസ്റ്റ് ഫുഡെന്ന് കരുതി ആരെങ്കിലും കയറിയാൽ അൽപം കാത്തിരിക്കേണ്ടിവരും.
ദോശയും ചമ്മന്തിയും കട്ടൻകാപ്പിയുമാണ് പ്രധാനഭക്ഷണം. പരമാവധി മൂന്ന് പേർക്കിരിക്കാവുന്ന ഒരുെബഞ്ചും അതിനോട് ചേർന്ന് ഒരു ഡസ്കുമാണുള്ളത്. പുലർച്ച അഞ്ചിന് തുറക്കും. 11 മണിയോടെ ഉണ്ടാക്കുന്നതെല്ലാം തീരും. പിന്നീട് വിശ്രമമാണ്. കടക്കുള്ളിലെ െബഞ്ചിൽ കിടന്നുറങ്ങും.
സന്ധ്യക്ക് അമ്പലത്തിലെ ദീപാരാധന കണ്ട് തൊഴുതിട്ടാണ് വീട്ടിലേക്ക് മടക്കം. േകാവിഡുകാലത്ത് കച്ചവടം വളരെ മോശമാണ്. വലിയ ആഗ്രഹങ്ങളൊന്നുമില്ല. ''അരി മേടിക്കാനുള്ള വക ഒക്കണം. ഓടേ തമ്പുരാൻ ഇതുവരെ മുട്ട് വരുത്തിയിട്ടില്ല'' -ശാരദാമ്മ പറയുന്നു.
ഭർത്താവിന് ആദ്യം കാർത്തികപ്പള്ളി പാലത്തിന് സമീപം ഹോട്ടലായിരുന്നു. 24ാംവയസ്സിൽ ഭർത്താവിനോടൊപ്പംകൂടി. 28 കൊല്ലം അവിടെ ജോലിചെയ്തു. പിന്നീടാണ് വലിയ കുളങ്ങരയിലെത്തിയത്. ഭർത്താവ് ഉണ്ടായിരുന്നപ്പോൾ ഊണും മറ്റ് പലഹാരങ്ങളും ഇവിടെയുണ്ടായിരുന്നു. 16വർഷം മുമ്പ് ഭർത്താവ് മരിച്ചതോടെയാണ് ദോശക്കടയായി മാറിയത്. മകനും മൂന്ന് പെൺമക്കളുമാണ്. മകൻ രണ്ടുവർഷം മുമ്പ് മരിച്ചതോടെ കുടുംബപ്രാരബ്ധം ശാരദാമ്മയുടെ ചുമലിലായി. വിധവയായ മരുമകളും രണ്ട് മക്കളും ശാരദാമ്മയുടെ കൂടെയാണ്. പെൺമക്കളെ വിവാഹം ചെയ്ത് അയച്ചു.
അടുത്ത പ്രദേശത്ത് താമസിക്കുന്ന മകൾ പുലർച്ച എത്തി സമീപത്തെ ടാപ്പിൽനിന്ന് വെള്ളമെടുത്ത് നൽകും. മില്ലിൽ ആട്ടിയ മാവ് മരുമകനാണ് കടയിലെത്തിക്കുന്നത്. ആരോഗ്യമുള്ള കാലത്തോളം വേലയെടുത്ത് കഴിയണമെന്നാണ് മുത്തശ്ശിയുടെ ആഗ്രഹം. ശാരദാമ്മയുടെ തട്ടുകടയിലെത്തിയാൽ ഭക്ഷണം മാത്രമല്ല, ജീവിതത്തിലെ പ്രതിസന്ധികളെ തോൽപിക്കാനുള്ള കരുത്തുകൂടിയാണ് പകർന്നുകിട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.