വിസ്മയമായി തീർത്ഥ: പരിമിതികളെ മറികടന്ന് മായാജാല കാഴ്ചയൊരുക്കി എട്ടാം ക്ലാസുകാരി
text_fieldsഗുരുവായൂർ: ഈ മാസം ഒമ്പതിന് നീലേശ്വരത്ത് നടന്ന വാഴകുന്നം സ്മാരക അഖില കേരള മാജിക് കൺവെൻഷൻ. മുതിർന്നവരും കുട്ടികളുമെല്ലാം ഒരേ വിഭാഗത്തിൽ മാന്ത്രിക പ്രകടനങ്ങളുടെ മാറ്റുരച്ച മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തിയത് എട്ടാം ക്ലാസുകാരി.
വിജയിയെ അടുത്ത് വിളിച്ച് പേര് ചോദിച്ചപ്പോൾ മറുപടിയില്ല. വീണ്ടും ചോദിച്ചപ്പോൾ സദസ്സിൽനിന്ന് അമ്മയുടെ മറുപടി-'അവൾ സംസാരിക്കില്ല സാർ... യന്ത്ര സഹായത്തോടെയാണ് കേൾക്കുന്നത്...'. വിധികർത്താക്കളും സദസ്സും തെല്ലൊന്ന് അമ്പരന്നെങ്കിലും പരിമിതികളെ തകർത്തെറിഞ്ഞ വിസ്മയ പ്രകടനം കാഴ്ചവെച്ച മിടുക്കിക്കായി ഹർഷാരവം ഉയർന്നു.
അയ്യന്തോൾ അമൃത സ്പീച്ച് ആൻഡ് ഹിയറിങ് ഇംപ്രൂവ്മെൻറ് സ്കൂളിലെ വിദ്യാർഥിനി തീർത്ഥയാണ് ഈ മിടുക്കി. ഗുരുവായൂർ പെരുന്തട്ട ക്ഷേത്രത്തിന് സമീപം മണത്തല സുഗുണെൻറയും രജിതയുടെയും മകൾ. മുതിർന്ന മജീഷ്യന്മാർ പോലും അവതരിപ്പിക്കാൻ തെല്ലൊന്ന് മടിക്കുന്ന പ്രകടനങ്ങൾ അനായാസമായാണ് തീർത്ഥ മത്സര വേദിയിലവതരിപ്പിച്ചത്.
മകൾക്ക് എന്തെങ്കിലും വ്യത്യസ്ത കലാരൂപം പഠിച്ചെടുക്കാനാവുമോ എന്ന അന്വേഷണത്തിലാണ് അമ്മ രജിത റിയാലിറ്റി ഷോകളിൽ താരമായി തിളങ്ങുന്ന ഗുരുവായൂർ സ്വദേശി പ്രതിജ്ഞെൻറ ഐറ്റങ്ങൾ സമൂഹമാധ്യമത്തിൽ കണ്ടത്. കുട്ടിയെ കുറിച്ചറിഞ്ഞപ്പോൾ പ്രതിജ്ഞനും ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്തു.
ദിവസവും രാവിലെ മുതൽ വൈകീട്ട് വരെ തുടർച്ചയായാണ് പരിശീലനം നൽകിയത്. താൻ വിചാരിച്ചതിലും പത്തിരട്ടി വേഗതയിലാണ് തീർത്ഥ കാര്യങ്ങൾ പഠിച്ചെടുത്തതെന്ന് പ്രതിജ്ഞൻ പറഞ്ഞു.
സ്കൂളിലൊക്കെ പ്രോഗ്രാം അവതരിപ്പിക്കണമെന്നാണ് വീട്ടുകാർ അഗ്രഹം പ്രകടിപ്പിച്ചതെങ്കിലും നാടറിയുന്ന മജീഷ്യനായി തീർത്ഥ തിളങ്ങുമെന്നായിരുന്നു ഗുരുവിെൻറ പ്രവചനം. ഫ്ലവർ പ്രൊഡക്ഷൻ, മൾട്ടിപ്പിൾ കെയിൻ, ബീർ കാൻ ടു ഫ്ലവർ, ലിങ്കിങ് റിങ് തുടങ്ങിയ ഇനങ്ങളെല്ലാം വിസ്മയകരമായ വേഗതയിൽ ശിഷ്യ സ്വായത്തമാക്കി.
താൻ രണ്ടുമാസം കൊണ്ട് പരിശീലിച്ചെടുത്ത റോപ് ആക്ട് ഒന്നര മണിക്കൂർ കൊണ്ടാണ് തീർത്ഥ പഠിച്ചെടുത്തതെന്നും പ്രതിജ്ഞൻ പറഞ്ഞു. ഈ ഇനത്തിലെ ഇന്ത്യൻ ശൈലിയും വിദേശ ശൈലിയും മത്സര വേദിയിൽ അവതരിപ്പിക്കുകയും ചെയ്തു. കാർഡ് ഫാൻ, കാർഡ് ബൂമറാങ്, കാർഡ് ജമ്പിങ് എന്നിവയെല്ലാം ഈ മിടുക്കിയുടെ ഇഷ്ട ഇനങ്ങളായി.
നീലേശ്വരത്ത് മത്സരത്തിനുവേണ്ട സാധനങ്ങൾ വാങ്ങുന്നതിന് സാമ്പത്തിക പരാധീനത തടസ്സമായെങ്കിലും സുമനസ്സുകളുടെ സഹായത്താൽ അത് മറികടന്നു. ഗുരുവിന് കോവിഡ് ബാധിച്ചതും ശ്രവണസഹായി കേടുവന്നതുമൊക്കെ കടമ്പകളായി. അരങ്ങേറ്റത്തിൽ തന്നെ സദസ്സിനെ അത്ഭുതപ്പെടുത്തി രണ്ടാം സ്ഥാനം നേടി.
ശ്രവണസഹായിയുടെ തകരാർ പരിഹരിക്കുന്നതിന് വലിയ ചെലവുള്ളതിനാൽ തൽക്കാലം ഒട്ടിച്ചുവെച്ചാണ് മത്സരത്തിൽ പങ്കെടുത്തത്. ചിത്രരചന, നൃത്തം, ക്രാഫ്റ്റ് വർക്ക് എന്നിവയിലും മിടുക്കിയാണ്. ക്രാഫ്റ്റിൽ സംസ്ഥാന തല മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. സഹോദരൻ: ശ്രേയസ്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.