അന്യരുടെ ജീവിതത്തിനായി ഒരു ‘റെയിൽവേ ടിക്കറ്റ്’
text_fieldsകാസർകോട്: പ്രതിസന്ധിയുടെ സ്റ്റേഷനുകളിൽനിന്നും കാരുണ്യത്തിന്റെ റിസർവ് ടിക്കറ്റുമായാണ് ബിന്ദു മരങ്ങാടിന്റെ യാത്ര. പാലക്കാടൻ അഗ്രഹാരത്തിൽ ദാരിദ്ര്യവും രോഗവും പാളംതെറ്റിച്ച ജീവിതത്തിൽനിന്ന് കരുണയുടെ വഴിയിൽ ‘സൗജന്യ ടിക്കറ്റു’മായി കാത്തുനിൽക്കുകയാണ് ഇവർ.
കൊടിയദാരിദ്ര്യത്തിൽ പിതാവ് വി. ശ്രീകണ്ഠൻ നമ്പൂതിരിക്ക് ലഭിച്ച റെയിൽവേ ജോലി ജീവിതത്തിലേക്കുള്ള പച്ചക്കൊടിയായി. പിതാവിന്റെ അർബുദം അമ്മ സാവിത്രി അന്തർജനത്തിന്റെയും മൂന്നു പെൺമക്കളുടെയും ജീവിതം അടിതെറ്റിച്ചു. പിതാവിന്റെ മരണശേഷം റെയിൽവേയിൽ ടിക്കറ്റ് കലക്ടറായി ആശ്രിത നിയമനം ലഭിച്ചു. തുടർ യാത്രയിൽ ചുവന്നകൊടി പിടിച്ച് ഭർത്താവിന്റെ അർബുദം.
അതിനെയും അതിജീവിച്ച് മുന്നേറുന്നതിനിടയിൽ മൂത്തചേച്ചി മിനിയെ മൾട്ടിപ്പിൾ സിറോസിസ് മരണം കൊണ്ടുപായി. ചോരപൊടിഞ്ഞ അനുഭവങ്ങളിൽനിന്നും ചെറുകഥകളിലേക്കായിരുന്നു അടുത്ത സഞ്ചാരം. ‘സ്വന്തം വേദനകളിൽനിന്ന് കാരുണ്യത്തിലേക്കുള്ള അന്വേഷണങ്ങളോട്’ എന്ന് ടി.ഡി. രാമകൃഷ്ണൻ ഇതേക്കുറിച്ച് എഴുതി. ‘മാധ്യമ’ത്തിൽ ഉൾപ്പെടെ കഥകൾ വന്നു. ഇതുവരെ പ്രസിദ്ധീകരിച്ചത് രണ്ടു കഥ സമാഹാരങ്ങൾ.
നീലേശ്വരം പട്ടേനയിലെ മരങ്ങാട് ഇല്ലം ഓഫിസായി ബിന്ദുവും സുഹൃത്തുക്കളും ചേർന്ന് നടത്തുന്ന ‘ആശ്വാസ്’ വഴി പ്രസിദ്ധീകരിച്ച കഥകൾ ഒന്നിലധികം പതിപ്പുകളായി പ്രസിദ്ധീകരിച്ചു. ആശ്വാസ് സംഘം ഇവ വിറ്റുതീർത്ത തുകയും ചേർത്ത് കാൻസർ പാലിയേറ്റിവ്, അവയവമാറ്റ സഹായം, വിദ്യാഭ്യാസ സഹായം, മെഡിക്കൽ ക്യാമ്പുകൾ, സൗജന്യ കിറ്റുവിതരണം എന്നിങ്ങനെ കാരുണ്യത്തിന്റെ കൈവഴികൾ തീർത്തു.
അർബുദ ചികിത്സക്ക് പോകാൻ ട്രെയിൻ ടിക്കറ്റിന് സംവരണമുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതിൽ ബിന്ദുവിനും പ്രധാന പങ്കുണ്ട്. എൻഡോസൾഫാൻ ഇരയായ കാസർകോട് അണങ്കൂരിലെ ഉദ്ദേശ് കുമാറിന് റവന്യൂവകുപ്പ് അനുവദിച്ച ഭൂമിയിൽ ബിന്ദുവും സംഘവും ചേർന്ന് നിർമിച്ചുനൽകുന്ന വീടിന് ബുധനാഴ്ച തറക്കല്ലിടുകയാണ്. അംബികാസുതൻ മാങ്ങാടിന്റെ ‘എൻമകജെ’ നോവലിന്റെ പ്രതിഫലവും ചേർത്താണ് ഉദ്ദേശ്കുമാറിന് വീട് നിർമിക്കുന്നത്. സ്തുത്യർഹ സേവനത്തിന് മൂന്നുതവണ റെയിൽവേയുടെ അംഗീകാരം നേടിയിട്ടുണ്ട് ബിന്ദു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.