ഒരു പരിപ്പുവടക്കഥ: വിൽപനയിലൂടെ ചെറിയ ലാഭം മാത്രം വില രണ്ടുരൂപ മാത്രം
text_fieldsഫോർട്ട്കൊച്ചി: വെളി ആയുർവേദ ആശുപത്രിക്ക് സമീപത്തെ ചെറിയ കടയിൽ ദിവസവും വൈകീട്ട് വലിയ തിരക്കായിരിക്കും. ഓട്ടോ തൊഴിലാളികളും, ചുമട്ടുതൊഴിലാളികളും, വഴിയാത്രക്കാരുമൊക്കെ വിമല എന്ന 62 കാരിയായ വീട്ടമ്മ ചട്ടിയിൽനിന്ന് കോരിയിടുന്ന ചൂടുള്ള പരിപ്പുവടക്ക് കാത്തുനിൽക്കുന്ന കാഴ്ച. വൈകുന്നേരങ്ങളിൽ പരിപ്പുവടയാണ് കടയിലെ താരം. ചില ദിവസങ്ങളിൽ ഉഴുന്നുവടയും ഉണ്ടാകും. വില വെറും രണ്ടു രൂപ മാത്രം. രണ്ടുവർഷം മുമ്പ് ഒരു രൂപക്കാണ് വിറ്റിരുന്നത്. പാചക എണ്ണയടക്കമുള്ള സാധനങ്ങളുടെ വില കൂടിയതോടെ രണ്ടു രൂപയാക്കേണ്ടി വന്നുവെന്ന് വിമല പറയുന്നു.
22 വർഷം മുമ്പാണ് വിമലയുടെ ഭർത്താവ് ഗണേശൻ മരിച്ചത്. മക്കളെ പോറ്റാൻ പലഹാരങ്ങൾ പൊരിച്ചു കച്ചവടം തുടങ്ങി. കുടുംബത്തിന് പട്ടിണി ഇല്ലാതെ പോകാൻ ചെറിയ ലാഭം എന്നതായിരുന്നു ലക്ഷ്യം. പലരും മറ്റു കടകളിൽ വിൽക്കുന്ന വില ഈടാക്കാൻ നിർദേശിച്ചെങ്കിലും തനിക്ക് ചെറിയ ലാഭം മതിയെന്ന നിലപാട് വിമല കൈവിട്ടില്ല.
ചെറിയ ലാഭം കൊണ്ട് തന്നെ രണ്ട് പെൺമക്കളെ നല്ല നിലയിൽ വിവാഹം കഴിപ്പിച്ചു. മക്കൾക്ക് അത്യാവശ്യത്തിന് വിദ്യാഭ്യാസം നൽകി. എല്ലാം ഈ കച്ചവടത്തിൽ നിന്നുള്ള ലാഭത്തിൽനിന്ന് തന്നെയെന്ന് ഫോർട്ട്കൊച്ചി അമരാവതി സ്വദേശിയായ വിമല പറയുന്നു. ജീവനുള്ളിടത്തോളം പലഹാരങ്ങളുണ്ടാക്കി കുറഞ്ഞ വിലയ്ക്ക് വിൽക്കാനാണ് തീരുമാനം. രാവിലെയുണ്ടാക്കുന്ന ദോശക്ക് ഏഴു രൂപയാണ് വില. സാധാരണ ദോശയെക്കാൾ വലുപ്പം ഏറുമെന്നതാണ് പ്രത്യേകത. ഉഴുന്ന് മാവിന് വില കൂടിയതിനാൽ അടുത്തിടെയാണ് ദോശ വില അഞ്ചിൽ നിന്ന് ഏഴുരൂപയാക്കിയത്. അതിരാവിലെ അഞ്ചിന് കടയിൽ എത്തുന്ന വിമല ഒറ്റക്കാണ് കടയിൽ പൊരിക്കുന്നതും, ചായ തിളപ്പിക്കുന്നതും, വിളമ്പുന്നതുമെല്ലാം. ഹേമലത, പുഷ്പലത, വിനോദ്, വിജു എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.