വീടിന് തുണയാകാൻ ഓട്ടോയുമായെത്തിയ വിദ്യാർഥിനിക്ക് ഓട്ടോക്കാരുടെ ഭീഷണി
text_fieldsകലവൂർ: കുടുംബത്തെ പോറ്റാൻ ഓട്ടോയുമായി സ്റ്റാൻഡിലെത്തിയ കോളജ് വിദ്യാർഥിനിക്ക് ഓട്ടം തടഞ്ഞ് മറ്റ് ഓട്ടോക്കാരുടെ ഭീഷണി. ദുരവസ്ഥ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെ സംഭവം ചർച്ചയായി. ദേശീയ പാതയോരത്ത് കലവൂർ കൃപാസനത്തിനു സമീപം ഓട്ടോയുമായെത്തിയ ആലപ്പുഴ എസ്.ഡി കോളജ് ബി.എ വിദ്യാർഥിനി വളവനാട് നന്ദനം വീട്ടിൽ അനീഷ്യ സുനിലിനാണ് (20) ദുരനുഭവം.
രോഗിയായ പിതാവ് അടങ്ങുന്ന കുടുംബത്തെ സഹായിക്കാൻ രാവിലെയും വൈകീട്ടും മറ്റ് അവധി ദിവസങ്ങളിലുമാണ് അനീഷ്യ ഓട്ടോ ഓടിക്കാറുള്ളത്. കെട്ടിട നിർമാണത്തൊഴിലാളിയായിരുന്ന പിതാവ് സുനിൽ (52) വർഷങ്ങൾക്ക് മുമ്പ് കെട്ടിടത്തിൽനിന്നു വീണ് വലതുകൈ അഞ്ചായി ഒടിഞ്ഞിരുന്നു. പിന്നീട് ഉപജീവനമാർഗം തേടി സെക്കൻഡ് ഹാൻഡ് ഓട്ടോ വാങ്ങിയെങ്കിലും ഓടിക്കാൻ പ്രയാസമായിരുന്നു. സാമ്പത്തിക ബാധ്യതകൾ പെരുകിയതോടെയാണ് പിതാവിന്റെ ഫോണിൽ വരുന്ന ഓട്ടത്തിന്റെ വിളികൾക്ക് അനീഷ്യ ഓട്ടോയുമായി ചെന്നത്.
കഴിഞ്ഞ 28ന് ഒരു വയോധികയെ കൃപാസനത്തിൽ എത്തിച്ച് മടങ്ങുമ്പോൾ മറ്റ് മൂന്ന് സ്ത്രീകൾ അനീഷ്യയുടെ ഓട്ടോയിൽ കയറി. ഈ സമയം എത്തിയ മറ്റൊരു ഓട്ടോക്കാരൻ അനീഷ്യയെ ഭീഷണിപ്പെടുത്തുകയും ഓട്ടോയിൽ കയറിയ യാത്രക്കാരെ തിരികെ ഇറക്കുകയും ചെയ്തു. ഓൾ കേരള പെർമിറ്റുള്ള തന്റെ ഓട്ടോ ഓടാൻ സമ്മതിക്കാത്ത പ്രശ്നം കാട്ടി അനീഷ്യ മോട്ടോർ വാഹന വകുപ്പിന് പരാതി നൽകി. തുടർന്ന് അനീഷ്യയെയും ഭീഷണിപ്പെടുത്തിയ ഓട്ടോ ഡ്രൈവറെയും ഉദ്യോഗസ്ഥർ വിളിപ്പിക്കുകയും താക്കീത് ചെയ്യുകയും ചെയ്തു.
ഉദ്യോഗസ്ഥരുടെ ഉറപ്പിൽ കഴിഞ്ഞ ദിവസം വീണ്ടും ഓട്ടോയുമായി സ്റ്റാൻഡിൽ എത്തിയ അനീഷ്യക്ക് മറ്റ് ഓട്ടോക്കാർ ചുറ്റും ഓട്ടോയിട്ട് തടസ്സം സൃഷ്ടിച്ചതായാണ് പരാതി. ഇതിന്റെ ദൃശ്യങ്ങൾ അനീഷ്യ സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. അനീഷ്യയുടെ ഓട്ടോയുടെ നാലുവശത്തും മറ്റ് ഓട്ടോകൾ ഇടുന്നതിനാൽ ഓട്ടം കിട്ടാതെ വിഷമിക്കുകയാണ്.ഒരു കാരണവശാലും ഇവിടെ ഓടാൻ അനുവദിക്കില്ലെന്നാണ് മറ്റ് ഓട്ടോ ഡ്രൈവർമാർ പറയുന്നതെന്നും അനീഷ്യ പറഞ്ഞു. വീണ്ടും മോട്ടോർ വാഹന വകുപ്പിനും പൊലീസിലും പരാതി നൽകുമെന്നു അനീഷ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.