ആലിയ എത്തി, ജുജിയെ കാണാൻ
text_fieldsതാലിബാന് ഭരണത്തെ തുടര്‍ന്ന് വേര്‍പിരിഞ്ഞ മൈനയും ഉടമയായ അഫ്ഗാന് അഭയാര്‍ഥിയും തമ്മിലുള്ള വികാരനിര്‍ഭര കൂടിക്കാഴ്ചയ്ക്ക് വേദിയായി അബൂദബി. താലിബാന് അധികാരമേറ്റതിനെ തുടര്‍ന്ന് അഫ്ഗാനില്‍നിന്ന് ഫ്രാന്‍സിലേക്ക് പലായനം ചെയ്ത പതിനെട്ടുകാരി ആലിയയാണ് (സാങ്കല്‍പ്പിക പേര്) ഒരു വര്‍ഷത്തിനു ശേഷം തന്റെ വളര്ത്തുപക്ഷിയായിരുന്ന ജുജിയെന്ന മൈനയെ കാണാൻ അബൂദബിയിലെത്തിയത്. 2021ല്‍ ഒഴിപ്പിക്കല്‍ വിമാനത്തില്‍ കയറി യു.എ.ഇയിലെത്തുകയും തുടര്‍ന്ന് ഇവിടെ നിന്ന് ഫ്രാന്‍സിലേക്ക് പോവുകയും ചെയ്ത ആലിയയ്ക്ക് മൈനയെ കൊണ്ടുപോവാന്‍ അനുവാദമില്ലാത്തതിനാല്‍, പക്ഷിയെ ഇവിടെ ഉപേക്ഷിച്ചുപോകുകയായിരുന്നു.
യു.എ.ഇയിലെ ഫ്രഞ്ച് അംബാസഡര്‍ സേവ്യര്‍ ചാറ്റല്‍ മൈനയെ ഏറ്റെടുത്തു വളര്‍ത്തുകയും ഇടയ്ക്കിടെ പക്ഷിയുടെ വീഡിയോയും മറ്റും ആലിയയ്ക്ക് അയച്ചു നല്‍കുകയും ചെയ്തിരുന്നു. അധിനിവേശ പക്ഷിയായി മൈനയെ കണക്കാക്കുന്ന ഫ്രാന്‍സ് ജുജിയെ ഒരുതരത്തിലും അവിടേക്ക് കൊണ്ടുപോവാന്‍ അനുവദിക്കാത്തതിനാലാണ് ആലിയ തന്റെ പ്രിയ പക്ഷിയെ കാണാൻ അബൂദബിയിൽ പറന്നെത്തിയത്. ഒരു വര്‍ഷത്തിനു ശേഷമായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ജുജിയെ ഇട്ടിരിക്കുന്ന കൂടിനു പുറത്ത് മുഖമമര്‍ത്തുകയും ജുജി എന്നു വിളിക്കുകയും ചെയ്തതോടെ പക്ഷി ആലിയയെ തിരിച്ചറിയും കൂട്ടില്‍ കിടന്ന് സന്തോഷ പ്രകടനം നടത്തുകയും ചെയ്തു.
ജുജി തന്നെ മറന്നിട്ടില്ലെന്നും അതിനാല്‍ താനേറെ സന്തോഷവതിയാണെന്നും ആലിയ പറയുന്നു. താലിബാന് ഭരണത്തിലേറിയതോടെ കാബൂള്‍ വിമാനത്താവളം വഴി രക്ഷപ്പെടാനുള്ള തിരക്കില്‍ ഒരുവിധത്തിലാണ് പക്ഷിയെ താന്‍ ഒളിപ്പിച്ചുകടത്തികൊണ്ടുവന്നതെന്നും ആലിയ പറയുന്നു. എന്നെങ്കിലും അഫ്ഗാനിലേക്ക് ജുജിക്കൊപ്പം മടങ്ങിപ്പോവണമെന്നാണ് ആലിയയുടെ ആഗ്രഹം.
ഫ്രാന്‍സ് നല്ല രാജ്യമാണെന്നും എന്നാല്‍ ജന്മനാടിനെ മിസ് ചെയ്യുകയാണെന്നും അവള് കൂട്ടിച്ചേര്‍ത്തു. ഫ്രഞ്ച് ഭാഷ പഠിച്ചുകൊണ്ടിരിക്കുന്ന ആലിയയ്ക്ക് അവിടെ യൂനിവേഴ്സിറ്റി വിദ്യാഭ്യാസം നേടുകയെന്ന ലക്ഷ്യം കൂടിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.